”അഥര്‍വ്വവേദം മുതല്‍ ബൈബിള്‍ വരെ, സന്ത് ജ്ഞാനേശ്വരന് തൊട്ട് ഒമര്‍ഖയ്യാം വരെ, ഡയോജനിസ്റ്റും ദിമിത്രിസും മുതല്‍ കാറല്‍ മാര്‍ക്സ് വരെ, പാതഞ്ജല യോഗദര്‍ശനം തൊട്ട് എമേഴ്സണും കാര്‍ലൈലും വരെ, യേശുക്രിസ്തു മുതല്‍ മുഹമ്മദ് നബി വരെ, സന്ത് രാമദാസ് മുതല്‍ ജോസഫ് മസീനി വരെ, നാരദഭക്തിസൂത്രത്തില്‍ തുടങ്ങി വിശ്വഗുണാദര്‍ശ ചമ്പുവില്‍ വരെ, യോഹന്നാന്റെ സുവിശേഷം മുതല്‍ രംഗണേകറുടെ വണ്ടര്‍ലാന്‍ഡ് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് വരെ…… നിലപാടുറപ്പിക്കുന്ന ഉദ്ധരണികളുടെ, മഹത്വത്തിലേക്കുയര്ത്തുന്ന ഓര്‍മ്മകളുടെ അത്യപൂര്‍വ രത്നകുംഭമാണ് ആ മഹോന്നതമായ ചിന്താസരണി” എന്ന് മാധവ് ഗോവിന്ദ് വൈദ്യ വാഴ്ത്തിയത് ദത്തോപന്തിനെയാണ്…. 1920 നവംബര്‍ 10 ന് വാര്‍ധയിലെ ആര്‍വി നഗറില്‍ തുടങ്ങി 2004 ഒക്ടോബര്‍ 14ന് പൂനെയില്‍ അസ്തമിച്ച സംഘജീവിതത്തിന്റെ അടയാളപ്പെടുത്തലുകള്‍ കോറിയിട്ട ഠേംഗ്ഡിജിയുടെ വിചാരബിന്ദുക്കള്ക്ക്, കാര്യകര്‍ത്താ എന്ന ഗ്രന്ഥത്തിന് മുഖവുര കുറിക്കുമ്പോഴാണ് മാ.ഗോ. വൈദ്യ ഹിമാലയപ്പൊക്കമുള്ള ആ വൈജ്ഞാനികനെ ഇങ്ങനെ വരച്ചിട്ടത്.
സൗരയൂഥത്തില്‍ സൂര്യന് ഒന്ന് മാത്രമാകും. എന്നാല്‍ സൂര്യരശ്മികളുടെ കാന്തിപ്രസരത്തില്‍ എത്രയെത്ര വര്‍ണങ്ങളില്‍ പ്രകൃതി തളിര്‍ക്കുകയും പൂക്കുകയും ചെയ്യും. ദത്തോപന്ത് സൂര്യനായിരുന്നു. അനേകം ചിന്താമണ്ഡലങ്ങളില് ഒരേ സമയം വിചാരരശ്മികളാല്‍ സംഘടനയുടെ സൗമ്യസംഗീതം തീര്‍ത്ത സൂര്യന്… കാലം അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ എന്തെല്ലാം വിശേഷണങ്ങള്‍ കരുതിവെച്ചിരുന്നിരിക്കണം… സംഘപ്രവാഹത്തില് അലിഞ്ഞൊഴുകിയ ഒരു പ്രചാരകജീവിതത്തിന്റെ ശ്രുതിയും ലയവും ഇമ്പം പകര്‍ന്നത് ഏതൊക്കെ മേഖലയിലാണ്… ജനസംഘത്തിന്റെ സംഘാടകനായി, ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപകനായി, സ്വദേശിചിന്തയുടെ വക്താവും പ്രയോക്താവുമായി, ദീര്‍ഘദര്‍ശിയായ രാഷ്ട്രതന്ത്രജ്ഞനായി, കാര്‍ഷികഭാരതത്തിന്റെ പ്രണേതാവായി, സാമാജിക സമരസതയുടെ ജീവിക്കുന്ന മാതൃകയായി, ഭാരതീയ കിസാന്‍ സംഘ്, സ്വദേശി ജാഗരണ്‍ മഞ്ച്, പ്രജ്ഞാപ്രവാഹ് തുടങ്ങി വിവിധ മുന്നേറ്റങ്ങളുടെ പ്രചോദകനായി… ഒരാള്‍… പക്ഷേ ഒരായിരം രശ്മികള്‍…
ജന്മനാ സംഘാടകനായ ഒരാള്‍. ജീവിതം തന്നെ സംഘാടനമാക്കിയ ഒരാള്‍, സംഘബോധത്തികവാര്ന്ന ഒരാള്‍, അടിമുടി പ്രവര്‍ത്തകനായ ഒരാള്‍… ആകാശപ്പൊക്കമുള്ള, അലകടലാഴമുള്ള അറിവിന്റെയും കാലങ്ങളെ മറികടക്കുന്ന ദീര്‍ഘവീക്ഷണത്തിന്റെയും പ്രവാചകതുല്യമായ പ്രഭാഷണങ്ങളുടെയും അതുല്യമായ രാഷ്ട്രതന്ത്രജ്ഞതയുടെയും ആള്രൂപമാകുമ്പോഴും ദത്തോപന്ത് പ്രവര്‍ത്തകനായിരുന്നു, പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു. സര്‍വസാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങള്‍ക്ക് തടസ്സമായേക്കുന്ന ഒന്നിനോടും അദ്ദേഹം സന്ധി ചെയ്തില്ല. അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍, അവരുടെ ജീവിതപരിസരത്തിന് ഇണങ്ങുന്ന തരത്തില്‍ അദ്ദേഹം സംഘജീവിതത്തിന് പ്രായോഗിക ഭാഷ്യം രചിച്ചു.
പതിനഞ്ചാം വയസ്സിലാണ് വാര്‍ധയിലെ വാനരസേനയുടെ തലവനായി ദത്തോപന്ത് പൊതുമധ്യത്തിലിറങ്ങുന്നത്. രാഷ്ട്രമായിരുന്നു അവര്‍ക്ക് അന്ന് രാമന്. 1935 ആയിരുന്നു കാലം. രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലായിരുന്നു. സ്വാതന്ത്ര്യത്തിലേക്ക് രാജ്യം അതിവേഗം സഞ്ചരിക്കുന്നതിന്റെ ആവേശം എല്ലായിടത്തും അലയടിച്ചിരുന്നു. എന്നാല്‍ രാമരാജ്യത്തിലേക്ക് ഇനിയും ദൂരം അകലെയാണെന്ന തികഞ്ഞ ബോധ്യമുണ്ടായിരുന്നു ദത്തോപന്തിനും കൂട്ടര്‍ക്കും. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി അവനവനിലെ രാഷ്ട്രബോധത്തെ ഉണര്‍ത്തുകയും സ്വയം രാഷ്ട്രമായിത്തീരുകയുമാണെന്ന് ദത്തോപന്ത് അന്നേ ചൂണ്ടിക്കാട്ടി. തീര്‍ത്തും സ്വാഭാവികമായാണ് ബാചുറാവു ദാജീബാ ഠേംഗ്ഡിയുടെയും ജാനകീബായി ഠേംഗ്ഡിയുടെയും മകന് സംഘപ്രവര്ത്തകനായതും പ്രചാരകനായതുമെന്ന് സാരം. അത്രമേല്‍ സംഘമയമായിരുന്നു ദത്തോപന്തിന്റെ ചിന്തയും ജീവിതവും.
1942 മാര്‍ച്ചിലാണ് അദ്ദേഹം സംഘപ്രചാരകനായി കേരളത്തിലെത്തുന്നത്. ചെന്നൈയിലെ സംഘചാലകായിരുന്ന വി. രാജഗോപാലാചാരി നല്കിയ പരിചയക്കരുത്തുമായാണ് ഠേംഗ്ഡിജി കോഴിക്കോട്ടെത്തിയത്. അനുഭവം നല്ലതായിരുന്നില്ല. ഇമ്മാതിരി പഴഞ്ചന്‍ ആശയങ്ങള്‍ ഇവിടെ വിലപ്പോവില്ലെന്നായിരുന്നു പരിചയപത്രവുമായി തേടിച്ചെന്ന് കണ്ട സമാദരണീയനായ ആ അഭിഭാഷകന്റെ മറുപടി. അത്യാവശ്യം വിദ്യാഭ്യാസമൊക്കെയുണ്ടല്ലോ. നല്ലൊരു ജോലി നേടി ജീവിക്കാന്‍ നോക്കണം എന്ന് ഉപദേശവും ലഭിച്ചു. തിരിച്ചുപോകാനുള്ള യാത്രാച്ചെലവില്ലെങ്കില് അതും നല്‍കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഔദാര്യം. സ്വയം സംഘമായിത്തീര്ന്നിരുന്ന ഠേംഗ്ഡിജിക്ക് മടങ്ങിപ്പോകാനാകുമായിരുന്നില്ല. യാത്രാക്കൂലി ആവശ്യം വരുമ്പോള്‍ ചോദിച്ചുകൊള്ളാം എന്ന് മറുപടി നല്കി,
വളരെ ചുരുങ്ങിയ കാലമേ വേണ്ടിവന്നുള്ളൂ, ഠേംഗ്ഡിജിക്ക് മലബാറിനെ ആദര്‍ശത്തിന്റെ നാഴിയില്‍ അളന്നെടുത്ത് തന്റെ കമണ്ഡലുവിലാക്കാന്. ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ, കൊട്ടാരം മുതല്‍ കുടില്‍ വരെ, സംഘയാത്രയ്ക്കായി ചെറുപ്പക്കാര്‍ ഉടുത്തുകെട്ടി, അരക്കെട്ട് മുറുക്കി. നാഗ്പൂരിലേക്ക് സംഘശിബിരത്തിന് അമ്പാളി കരുണാകരന് എന്ന അഭിഭാഷകനെയും എം. കുമാരനെന്ന വിദ്യാര്‍ത്ഥിയെയും പങ്കെടുപ്പിച്ചു. പി. മാധവന്, രാ. വേണുഗോപാല്‍, ടി.എന്‍. ഭരതന്, സി.എന്‍. സുബ്രഹ്മണ്യന് തുടങ്ങി ജീവിതം കൊണ്ട് സംഘഗാഥ രചിച്ച പലരും ദത്തോപന്തിന്റെ കരവിരുതില്‍ വിരിഞ്ഞവരാണ്.
ദത്തോപന്ത് മടക്കത്തിനുള്ള യാത്രാക്കൂലി തേടിയില്ല, മടങ്ങിയതുമില്ല. സംഘം വിരിഞ്ഞാല്‍ പിന്നെന്ത് ദേശകാലങ്ങള്‍! നാഗ്പൂര്‍ പോലെ കേരളവും. സംഘഗംഗയുമായി ദേശാന്തരങ്ങളിലേക്ക് സഞ്ചരിച്ച ഭഗീരഥരില് അഗ്രഗാമിയായി ദത്തോപന്ത്…
ഇരുപത്തിരണ്ടാം വയസ്സില്‍ തുടങ്ങിയ സംഘസങ്കല്പയാത്ര ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട നിറവില്‍ സമ്പൂര്ണമാവുമ്പോഴേക്ക് സങ്കല്പങ്ങള്ക്കത്രയും കര്മ്മപഥമൊരുങ്ങിക്കഴിഞ്ഞിരുന്നു. എച്ച്.ജി.വെല്‍സ് ഒരിക്കല്‍ രാഷ്ട്രനേതാക്കള്‍ക്ക് ഒരു കത്തയച്ചു. പൗരന്റെ പ്രഥമമായ അവകാശമേതെന്നതായിരുന്നു ചോദ്യം. ഗാന്ധിജിക്കും കിട്ടി കത്ത്. അവകാശമല്ല, കര്‍ത്തവ്യമാണ് പ്രധാനമെന്ന് അദ്ദേഹം മറുപടി നല്കി. അദ്ധ്യാപകന് കര്‍ത്തവ്യം നിര്‍വഹിച്ചാല്‍ വിദ്യാര്‍ത്ഥിയുടെ അവകാശം പൂരിപ്പിക്കപ്പെടും. വിദ്യാര്‍ത്ഥി കര്‍ത്തവ്യം നിര്‍വഹിച്ചാല്‍ അദ്ധ്യാപകന്റെ പ്രയത്നം തഴയ്ക്കും. തൊഴിലാളി കര്‍ത്തവ്യം നിര്‍വഹിച്ചാല്‍ ഉടമയുടെയും ഉടമ കര്‍ത്തവ്യം നിര്‍വഹിച്ചാല്‍ തൊഴിലാളിയുടെയും അവകാശത്തിന് ഉടവ് തട്ടില്ല. 1955 ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന് രൂപം നല്കുമ്പോള് ഠേംഗ്ഡിജിയും ഈ വേദദര്‍ശനത്തിന്റെ സാക്ഷാത്കാരത്തിനാണ് ഊന്നല്‍ നല്‍കിയത്. തൊഴിലാളി സംഘാടനത്തിന്റെ ശാസ്ത്രം പഠിക്കാന്‍ അദ്ദേഹം ചുവന്ന കൊടിക്ക് കീഴിലും നിന്നു. എഐടിയുസിയിലും പിന്നെ ഐഎന്‍ടിയുസിയിലും പ്രവര്‍ത്തിച്ചു. ഐഎന്‍ടിയുസി ദേശീയ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ജീവനക്കാരുടെ ഇടത് സംഘടനയുടെ സംസ്ഥാന നേതാവായി. ചെങ്കൊടി പിടിച്ചും സമരം ചെയ്തു. ദേശീയബോധമുള്ള തൊഴിലാളിയുടെ നിര്‍മ്മിതിയിലേക്ക് വിരല്‍ ചൂണ്ടാന്‍ ആ അനുഭവങ്ങള്‍ ധാരാളമായിരുന്നു. അവിടെ അദ്ദേഹം എതിര്‍പ്പിന്റെ സ്വരത്തേക്കാള്‍ സമവായത്തിന്റെ തന്റേടം സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തു. ബാങ്കിങ് മേഖലയിലെ സംഘടനാപ്രവര്‍ത്തനത്തില്‍ തടസ്സം നേരിട്ടപ്പോള്‍ പ്രവര്‍ത്തകരില്‍ ചിലര്‍ ദത്തോപന്തിനോട് പറഞ്ഞു,
‘കമ്മ്യൂണിസ്റ്റുകാരായ എഐബിഇഎക്കാര് രാജ്യവിരുദ്ധരും അഴിമതിക്കാരുമാണെങ്കിലും അവര്‍ക്കാണ് മുന്നേറ്റം. നമ്മളിവിടെ വ്യക്തിചാരിത്ര്യവും പിടിച്ചിരിക്കും, അവരുടെ നേതാക്കളാകട്ടെ വലിയ കാറുകളില്‍ പോകും.’
തുടങ്ങിയ കാലത്ത് അവര്‍ അനുഭവിച്ച യാതനകളെ ചൂണ്ടിക്കാട്ടി ദത്തോപന്ത് ഠേംഗ്ഡിജി പറഞ്ഞു, ‘ഐഐബിഇഎ ജനറല്‍ സെക്രട്ടറി പ്രഭാത്കര്‍ ഇന്ന് വിമാനയാത്ര നടത്തുന്നുണ്ടാകും, എന്നാല്‍ അവര്‍ ആ സംഘടനയെ കെട്ടിപ്പടുക്കാന്‍ നടത്തിയ പ്രവര്‍ത്തന തപസ് നാം അറിയണം. മാനേജ്മെന്റിനെതിരെ ചെറുവിരലനക്കാന്‍ ആരും തയ്യാറാകാതിരുന്ന കാലത്ത് അത് ചെയ്തതിന്റെ പേരില്‍ അവരനുഭവിച്ച യാതനകള്‍ നാമറിയണം. വര്‍ഷങ്ങളോളം ഒരു നേരത്തെ ആഹാരം പോലും നേരെ കിട്ടാന്‍ വഴിയില്ലാതിരുന്നിട്ടും അവര്‍ നടത്തിയ പോരാട്ടം നാമറിയണം. ചെറിയ മുറിയില്‍ താമസിച്ച്, സ്വയം അടിച്ചുവാരി, അവര്‍ നടത്തിയ ജീവിത തപസ്യയുടെ വിജയമാണിത്. തപശ്ചര്യ ചെയ്യുന്നത് ആരായാലും- രാമനായാലും രാവണനായാലും – അതിന്റെ ഫലം അനിവാര്യമായും കിട്ടും. നമ്മളുടെ തപശ്ചര്യ തുടങ്ങിയിട്ടേയുള്ളൂ എന്ന് ഓര്‍ക്കണം.’
‘ദല്‍ഹിയിലെ തെരുവുകളിലൂടെ സൈക്കിളുമുന്തി നിരത്തുവക്കിലെ റിക്ഷാക്കാരോട് കുശലം പറഞ്ഞുപോകുന്ന ഒരു എംപിയെ ഞാന്‍ കണ്ടിട്ടുണ്ട്. ആ ഓര്‍മ്മകളിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹനീയത എനിക്ക് മനസ്സിലാകുന്നത്. ഒരു ഗാന്ധിയില്‍ അത് അസ്തമിക്കില്ലെന്ന് എന്നെ ബോധ്യപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. ഞാന്‍ ആ എംപിയെ പരിചയപ്പെട്ടു. ദത്തോപന്ത് ഠേംഗ്ഡിയാണ് ആ നേതാവെന്ന് ഞാനറിഞ്ഞു. അതിനപ്പുറം എന്തുവേണം അദ്ദേഹത്തിന്റെ സ്മൃതിസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഒരു കാരണം…’ പ്രശസ്ത നോവലിസ്റ്റ് കാക്കനാടന് ഒരിക്കല്‍ ഒരു പത്രപ്രവര്ത്തകന് നല്കിയ മറുപടിയാണിത്. ബിഎംഎസ് സംഘടിപ്പിച്ച ഠേംഗ്ഡിജി അനുസ്മരണ പരിപാടിയില്‍ കാക്കനാടന് പങ്കെടുത്തതില്‍ ഈര്‍ഷ്യ തോന്നിയാണ് അയാള്‍ ചോദ്യവുമായെത്തിയത്. ദത്തോപന്തിന് അങ്ങനെയുമൊരു കാലമുണ്ടായിരുന്നു. ഒരു വ്യാഴവട്ടം. 1964 മുതല്‍ 76 വരെ. അധികാരം അദ്ദേഹത്തെ ഭ്രമിപ്പിച്ചില്ല. പദവികള്‍ ആകര്‍ഷിച്ചില്ല….
കമ്മ്യൂണിസം അധികാരത്തിലേറിയ കേരളത്തിലും പിന്നെ ബംഗാളിലും അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ സംഘവൃക്ഷം തണല്‍ തീര്ത്തുതുടങ്ങിയതിനുപിന്നില് ദത്തോപന്തിന്റെ സാമര്‍ത്ഥ്യമായിരുന്നു. ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആധിപത്യ പ്രവണതകളില്‍ പലരും ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ നിസ്വനെപ്പോലെ ദത്തോപന്ത് പറഞ്ഞു, ‘അതിനെ അവസാനിപ്പിക്കാന്‍ പ്രത്യേകിച്ച് പദ്ധതികള്‍ വേണ്ട, സ്വയം അതില്ലാതാകും. ഇവിടെ മാത്രമല്ല, എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുണ്ടോ അവിടെയെല്ലാം അത് തകരും. ദത്തോപന്തിന്റെ ഈ പ്രവചനമുണ്ടാകുമ്പോള് കമ്മ്യൂണിസ്റ്റ് കോട്ടകള്‍ക്ക് മേല്‍ പറയത്തക്ക കാര്‍മേഘങ്ങള്‍ പടര്‍ന്നിരുന്നില്ല. അകത്തളങ്ങളിലെ അമര്‍ഷത്തിന്റെ തീപ്പൊരികള്‍ പുറമേയ്ക്ക് കാണാന്‍ അവര്‍ അനുവദിച്ചിരുന്നുമില്ല. എന്നിട്ടും ദത്തോപന്ത് അതുറക്കെ പറഞ്ഞു. കാലം കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ ചവച്ചുതുപ്പി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ലോകം ദത്തോപന്തിന്റെ ഉറച്ച വാക്കുകളെ ഓര്‍ത്ത് അതിശയം കൂറി.
മുത്തശ്ശി പറഞ്ഞുകേട്ട ഒരു കഥയെക്കുറിച്ച് ദത്തോപന്ത് പറയാറുണ്ട്. പുതിയകാലത്ത് ആ കഥയും ദത്തോപന്തിന്റെ കാഴ്ചപ്പാടും എത്രമാത്രം പ്രവചനസ്വഭാവമുള്ളതാണെന്ന് അത്ഭുതത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. കഥയിങ്ങനെയാണ്. ‘ഭഗവാന്റെ സൃഷ്ടിപ്രക്രിയയില്‍ ആദ്യ ഇനം മനുഷ്യനായിരുന്നു. പിന്നീട് സസ്യജാലങ്ങള്‍. അവയെ ഭഗവാന് മനുഷ്യര്‍ക്ക് വിതരണം ചെയ്തു. ചിലത് പതിനഞ്ച് കൊല്ലം കൊണ്ട് കായ്ക്കുന്നവ. ചിലത് മാസങ്ങളെടുക്കും. മറ്റുചിലത് കായ്ക്കാന്‍ വര്‍ഷങ്ങളും. മിടുക്കന്മാര് എളുപ്പം കായ്ക്കുന്ന മരത്തൈകള്‍ എടുത്തു. അതിനിടയില്‍ ഒരു തൈ ചൂണ്ടി ഭഗവാന് പറഞ്ഞു, ഇത് കല്പവൃക്ഷമാണ്. പക്ഷേ, ഇത് വളര്‍ന്ന് ഫലം തരാന്‍ നൂറ് വര്‍ഷം ആവശ്യമാണ്. കാര്യം കാണാന്‍ മിടുക്കരായവര്‍ അത് കേട്ട് ചിരിച്ചു. ആരാണ് നൂറ് വര്‍ഷം കാത്തിരിക്കാനുള്ള ഭ്രാന്ത് കാട്ടുക. ആരും അതെടുക്കാന്‍ മുന്നോട്ടുവന്നില്ല. ഏത് വൃക്ഷത്തണലില്‍ നിന്നാലാണോ എല്ലാ ആഗ്രഹങ്ങളും നിറവേറുക ആ തൈ മാത്രം ആരും എടുക്കാന്‍ തയ്യാറായില്ല.’
കഥ പറഞ്ഞതിന് ശേഷം ഠേംഗ്ഡിജി കൂട്ടിച്ചേര്‍ത്തു, ‘മുത്തശ്ശി പറഞ്ഞ ഈ കഥ ഓര്‍ക്കുമ്പോള്‍ കല്പവൃക്ഷത്തൈ തെരഞ്ഞെടുക്കുവാനുള്ള സാഹസികതയും അത് വളര്‍ന്ന് വലുതാവുക എന്ന ലക്ഷ്യം നിറവേറുന്നതുവരെ കാത്തിരിക്കാന്‍ ധൈര്യം കാട്ടുകയും ചെയ്ത ഒരു ഭ്രാന്തനെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കണം എന്നെനിക്ക് തോന്നാറുണ്ട്. അദ്ദേഹമായിരുന്നു പൂജനീയ ഹെഡ്ഗേവാര്‍.
സംഘവൃക്ഷത്തിന് പ്രായം നൂറോട് അടുക്കുന്നു എന്ന് ഓര്‍ക്കുമ്പോഴാണ് ദീര്‍ഘദര്‍ശിയായ ആ സംഘപ്രവാചകന് അന്നേ പറഞ്ഞ കഥയുടെ പൊരുള്‍ ഇപ്പോള്‍… ഇതള്‍ വിരിയുന്നത്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: