ആലപ്പുഴ: ആലപ്പുഴ നഗരത്തിലേയും പരിസര പഞ്ചായത്തുകളിലെയും ശുദ്ധജല വിതരണം മുടങ്ങിയിട്ട് പത്തുനാള്‍, ജനം പൊറുതിമുട്ടി. കാഴ്ചക്കാരായി സര്‍ക്കാരും ജനപ്രതിനിധികളും. സംസ്ഥാന പാതയായ അമ്പലപ്പുഴ-തിരുവല്ല റോഡില്‍ തകഴി ലെവല്‍ ക്രോസുമുതല്‍ കിഴക്കോട്ട് 1400 മീറ്റര്‍ ഭാഗത്താണ് പൈപ്പ് പൊട്ടല്‍ പതിവായത്. 43 തവണ ഈ ഭാഗത്തു പൊട്ടലുണ്ടായി.
പൊട്ടുന്ന ഭാഗത്തു വെള്ളം കുത്തിയൊലിച്ച് റോഡു തകരുന്നതും പതിവാണ്. ഒരു മീറ്റര്‍ നീളത്തില്‍ പൈപ്പ് പൊട്ടിയാല്‍ അറ്റകുറ്റപ്പണിക്കായി കുറഞ്ഞത് അഞ്ചുമീറ്റര്‍ നീളത്തില്‍ റോഡു പൊളിക്കണം. ഒരു മീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കാന്‍ 1.5 ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ടി വരും. ഇങ്ങനെ 42 തവണ ചെലവഴിച്ച തുക പൂര്‍ണമായും പൊതുമരാമത്തു വകുപ്പിനു നല്‍കുന്നതില്‍ വാട്ടര്‍ അതോറിറ്റിയും യുഡിസ്‌മാറ്റും വീഴ്ച വരുത്തി.
ആലപ്പുഴ നഗരസഭ, ആര്യാട്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, പുന്നപ്ര തെക്ക്, വടക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക്, പുറക്കാട് എന്നിവിടങ്ങളിലാണ് പദ്ധതിയിലെ തടസം മൂലം വെള്ളംകുടി മുട്ടുന്നത്. ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി പുറത്തുവരാതിരിക്കാന്‍ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. 2017 മേയില്‍ കമ്മീഷന്‍ ചെയ്ത പദ്ധതി രണ്ടര വര്‍ഷം പിന്നിടുമ്പോഴും ഇതിനു രൂപംകൊടുത്ത പ്രൊജക്ട് ഡിവിഷന്റെ നിയന്ത്രണത്തിലാണുള്ളത്. ഒരുദിവസം പോലും പദ്ധതി അനുസരിച്ചുള്ള കുടിവെള്ളം പമ്പ് ചെയ്യാനായിട്ടില്ല.
യുഡിസ്‌മാറ്റിലെ അഴിമതി പുറത്തുവരാതിരിക്കാനാണ് മെയിന്റിനന്‍സ് കാലവധി അവസാനിക്കുന്നതുവരെ പദ്ധതിയുടെ നടത്തിപ്പു ചുമതല വാട്ടര്‍ അതോറിറ്റിക്ക് കൈമാറാത്തതെന്നാണു ആക്ഷേപം. രണ്ടുമാസം മുമ്പ് പൈപ്പ് പൊട്ടലിനെ തുടര്‍ന്നുണ്ടായ പരാതിയില്‍ വിജിലന്‍സ് വിഭാഗം സ്ഥലം പരിശോധിച്ച് ചില ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ശേഖരിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പ്രതിഷേധം ശക്തമായിട്ടും പൈപ്പിലെ അറ്റകുറ്റപ്പണി എന്ന് തുടങ്ങുമെന്നോ, ശുദ്ധജലവിതരണം എന്നു പുനഃരാരംഭിക്കാനാകുമെന്നോ അധികൃതര്‍ക്ക് യാതൊരു എത്തുംപിടിയുമില്ല.
















