കൊച്ചി: അര മണിക്കൂര്‍ വൈകിയതിന്റെ അസ്വസ്ഥതയുണ്ടെങ്കിലും തത്ക്കാലം, വേണാട് എക്സ്പ്രസ്സിലെ യാത്രക്കാര്‍ക്ക് അതില്‍ വലിയ പരാതിയില്ല. പുതിയ കോച്ചല്ലേ എല്ലാം വൈകാതെ ശരിയാകുമായിരിക്കും. മാത്രമല്ല വാതിലുകള്‍ കുറഞ്ഞല്ലോ, അതിനാല്‍ ആള്‍ക്കാര്‍ക്ക് ഇറങ്ങാനും കയറാനും കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. അതും ശരിയാകും. ശുഭാപ്തി വിശ്വാസമാണ് യാത്രക്കാര്‍ക്ക്.
മൂന്നു ദിവസമായി തിരുവനന്തപുരം വേണാട് എക്സ്പ്രസ് ആകെ മാറിയിട്ട്. പഴയ കനമുള്ള, തുരുമ്പിച്ച കോച്ചുകള്‍ക്കു പകരം നല്ല ഭംഗിയുള്ള കോച്ച്. അതില്‍ നിരനിരയായി ഇരുവശത്തും മൂന്നു വീതം സീറ്റുകള്‍. മനോഹരമായ അകഭാഗം, എല്ലാവര്ക്കും നല്ല കാറ്റു ലഭിക്കുന്ന തരത്തില്‍ നടുക്കായി ഫാനുകള്‍, വശങ്ങളില് അല്പം ഉയരത്തില്‍ സ്വിച്ചുകളും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയിന്റുകളും. പഴയ കോച്ചിന് ഇരുവശത്തും മൂന്നു വീതം വാതിലുകളാണ് ഉണ്ടായിരുന്നത്. പുതിയ കോച്ചില്‍ നടുവിലെ വാതിലുകള്‍ ഒഴിവായി. കോച്ചിന്റെ മുന്നിലും പിന്നിലും മാത്രം വാതിലുകള്‍. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കാനായി. കാലുവയ്ക്കാന്‍ കൂടുതല്‍ സ്ഥലം. പുഷ് ബാക്ക് സീറ്റുകളാണ്. അതിനാല്‍ ഇരിപ്പ് സുഖകരം. കാലുവയ്ക്കാന്‍ പ്രത്യേകം പെഡലുകള്‍. ആഹാരം കഴിക്കാന്‍ മുന്പില് ചെറുമേശ. മുന്സീറ്റിന്റെ പിന്നിലാണ് അവ ഉറപ്പിച്ചിരിക്കുന്നത്. ടോയ്ലറ്റും വാഷ് ബേസിനും സ്റ്റീലില്‍. അതി നാല് ഭംഗിയും ഉറപ്പും.
വെള്ളം പാഴാകാത്ത തരത്തിലുള്ള വാഷ് ബേസിനാണ്. അവയ്ക്കു താഴെ വേസ്റ്റ് ഇടാന്‍ പ്രത്യേക അറ. ടോയ്ലറ്റില് ആളുണ്ടോയെന്ന് കാണിക്കുന്ന ഇന്‍ഡിക്കേറ്ററുണ്ട് വാതിലില്‍. ലിങ്ക് ഹോഫ്മാന്‍ ബുഷ്(എല്‍എച്ച്ബി) കോച്ചുകളാണ് വേണാടില്‍. സെക്കന്‍ഡ് സിറ്റിങ് കോച്ചുകളില്‍ ലഘു ഭക്ഷണ കൗണ്ടറുമുണ്ട്. ദീര്‍ഘദൂര ട്രെയിനുകളില്‍ ഘടിപ്പിച്ചു തുടങ്ങിയ ഇവ ഇപ്പോള്‍ വേണാടിലും ഉള്‍പ്പെടുത്തി. ഇത്തരം കോച്ചുകളുള്ള ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണിത്.
ശതാബ്ദി ട്രെയിനുകളെപ്പോലെ നീലനിറം. യാത്രക്കാര്‍ നശിപ്പിക്കാതിരുന്നാല്‍ മതി, പുതിയ ട്രെയിന്‍ കണ്ട് ഒരു സ്ഥിരം യാത്രക്കാരന്റെ കമന്റ്. ആദ്യം സീറ്റുകള്‍ക്കു പിന്നിലുള്ള ചെറുമേശയാകും വലിച്ച് നശിപ്പിക്കുക. ടോയ്ലറ്റില് കപ്പും തുണിയും പ്ലാസ്റ്റിക്കും ഇട്ട് അതും കേടാക്കും. പിന്നെ വാഷ് ബെയ്സിനുകളിലെ പൈപ്പുകള്‍ കേടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: