ബെംഗളൂരു: കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കെ സഭയിലെ മറ്റൊരു ബിഷപ്പിനെതിരെ കൂടി പീഡന, അഴിമതിയാരോപണം. മൈസൂരുവിലെ ബിഷപ്പ് കെ.എ. വില്യമിനെതിരെയാണ് സാമ്പത്തികത്തട്ടിപ്പും സ്വഭാവദൂഷ്യവും ഉന്നയിച്ച് 37 ഇടവക വികാരിമാരും വിശ്വാസികളും രംഗത്തെത്തിയത്. ആരോപണങ്ങള്‍ ബിഷപ്പ് തള്ളി.
രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനത്തിനു കോഴ വാങ്ങിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് മുംബൈ ആസ്ഥാനമായ അസോസിയേഷന് ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്സ് (എഒസിസി) എന്ന സംഘടന ഉയര്‍ത്തിയത്. ബിഷപ്പിനെ മാറ്റണമെന്നാവശ്യപ്പെട്ട് സംഘടന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ചു. ഇതോടൊപ്പം ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോയ്ക്കും പരാതി നല്കി.
ബിഷപ്പ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും മറ്റു സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, പെരുമാറ്റദൂഷ്യം, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളും ബിഷപ്പിനെതിരെയുണ്ട്. സഭയില്‍ വിമത പ്രവര്‍ത്തനത്തിനും ബിഷപ്പ് ഒത്താശ ചെയ്യുന്നുവെന്നും മാര്‍പാപ്പ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
സംഭവത്തില്‍ കഴിഞ്ഞ മാസം അഞ്ചിന് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കത്തയച്ച പുരോഹിതര്‍ക്കെതിരെ കള്ളക്കേസെടുത്തു. രണ്ടര വര്‍ഷത്തിനിടെ നാലു സ്ത്രീകളാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ബിഷപ്പ് ലൈംഗികമായി ചൂഷണം ചെയ്യുക പതിവാണ്. പകരമായി അവര്‍ക്ക് വീടും രൂപതയില്‍ ജോലിയും നല്‍കും.
ഹിങ്കല്‍ ഇടവക വികാരിയായിരിക്കെ ആഗ്ലോ-ഇന്ത്യന്‍ യുവതിയുമായി ബിഷപ്പിന് അവിഹിത ബന്ധമുണ്ടായിരുന്നു. അവര്‍ ഒരു കുഞ്ഞിന് ജന്മം നല്കി. അതോടെ യുവതിയെയും കുഞ്ഞിനെയും വിദേശത്തേക്കു കടത്തി. ബിഷപ്പിനെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രൂപതയുടെ ഭൂമി അനധികൃതമായി വില്ക്കാന് ശ്രമിച്ചുവെന്നും ഈ ഇടപാടുകള്‍ ഇപ്പോള്‍ കേസില്‍പ്പെട്ട് കിടക്കുകയാണെന്നും എഒസിസി ജനറല്‍ സെക്രട്ടറി മെല്വിന് ഫെര്‍ണാണ്ടസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: