മക്ബൂള്‍ ഷെര്‍വാനി. ബാരാമുള്ളക്കാരനായ ഈ മനുഷ്യനെ ഇന്ന് പലര്‍ക്കും അറിയില്ല. 1947 ഒക്ടോബറില്‍, പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടുകൂടി നടന്ന അക്രമത്തില്‍നിന്ന് കശ്മീരിനെ രക്ഷിക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു. അന്ന് നൂറുകണക്കിന് അക്രമികള്‍ ബാരാമുള്ളയില്‍ നുഴഞ്ഞുകയറി, നിരപരാധികളായ കശ്മീരി ജനതയ്‌ക്കെതിരെ അതിക്രമങ്ങളഴിച്ചുവിട്ടു. സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കന്യാസ്ത്രീകള്‍ക്കെതിരായ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് ബാരാമുള്ളയിലെ പഴയ ക്രിസ്ത്യന്‍ പള്ളി സാക്ഷ്യം വഹിച്ചു. ഈ സാഹചര്യങ്ങളിലാണ് ആക്രമണകാരികള്‍ക്കെതിരെ മക്ബൂള്‍ ഷെര്‍വാനി നാട്ടുകാരെ സഹായിക്കാനിറങ്ങിയത്. ആക്രമണകാരികളുടെ വിശ്വാസമാര്‍ജിച്ച് അവരുടെ നായകത്വം തന്ത്രത്തില്‍ അദ്ദേഹം ഏറ്റെടുത്തു. പക്ഷേ, അവരെ ശ്രീനഗറിലേക്ക് നയിക്കുന്നതിനുപകരം തെറ്റായ മറ്റൊരു ദിശയിലേക്ക് നയിച്ചു. ഈ നീക്കം വഴി ആക്രമണകാരികളെ രണ്ടുദിവസം വൈകിപ്പിച്ചു.
ഈ രണ്ട് നിര്‍ണായക ദിവസങ്ങളില്‍, ഇന്ത്യന്‍ സൈന്യം ശ്രീനഗറില്‍ വന്നിറങ്ങി. ശ്രീനഗര്‍ വിമാനത്താവളം സംരക്ഷിക്കുകയും ആക്രമണകാരികളെ പരാജയപ്പെടുത്തി ഉറിവരെയുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ബാരാമുള്ളയിലേക്ക് മടങ്ങിയ ആക്രമണകാരികള്‍ മക്ബൂള്‍ ഷെര്‍വാനിയെ പരസ്യമായി തൂക്കിലേറ്റി. ആ ഇരുണ്ട നാളുകളില്‍, പാക്കിസ്ഥാനി ആക്രമണകാരികള്‍ക്കെതിരായ പോരാട്ടത്തില്‍ പ്രാദേശിക കശ്മീരികള്‍ മുന്‍പന്തിയിലായിരുന്നു. പിന്നെ കാലം മാറി, കഥയും. ജമ്മു കശ്മീര്‍ സംസ്ഥാനം 2019 ഒക്ടോബര്‍ 31ന് ചരിത്രമായി. ജമ്മു കശ്മീര്‍ ഇപ്പോള്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറി. 370-ാം ഭരണഘടനാ വകുപ്പ് റദ്ദാക്കാനും ജമ്മു കശ്മീര്‍ വിഭജനത്തിനും ഉള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തിന് ശേഷം മൂന്ന് മാസം കടന്നു പോയിട്ടും കശ്മീരില്‍ പ്രകടമായ സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രദേശവാസികളുടെ ബഹുജന പ്രക്ഷോഭവും വലിയ തോതിലുള്ള അക്രമങ്ങളും ചിലര്‍ പ്രതീക്ഷിച്ചു. നല്ല ആസൂത്രണവും ചില നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ മതിയായ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതുകാരണം ബഹുജന പ്രക്ഷോഭമോ വലിയ തോതിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല. നേരെമറിച്ച്, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുടെ കാലഘട്ടത്തില്‍ അക്രമത്തിന്റെ തോതില്‍ ഗണ്യമായ കുറവുണ്ടായി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പാക്കിസ്ഥാന്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യമുണ്ടായിരുന്നു. യുദ്ധത്തെക്കുറിച്ച് സംസാരിക്കപ്പെട്ടു. എന്നിരുന്നാലും, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാധാരണ യുദ്ധ ഭീഷണികളല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കടുത്ത നിരാശയില്‍ പാക്കിസ്ഥാന്‍ സൈന്യം നിയന്ത്രണ രേഖയില്‍ വിവേചനരഹിതമായ വെടിവയ്‌പ്പ് നടത്തി. എന്നാല്‍, ഉയര്‍ന്ന കാലിബര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ശക്തമായ ഇന്ത്യന്‍ പ്രതികരണം കണ്ട് അവര്‍ സ്തബ്ധരായി.
ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്‌ട്ര ഒറ്റപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത തിരിച്ചടി മറ്റൊരു ഭീഷണിയായിരുന്നു. എന്നാല്‍ ചൈന, തുര്‍ക്കി, മലേഷ്യ എന്നിവയൊഴികെ മറ്റൊരു രാജ്യവും ഇക്കാര്യത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചിട്ടില്ല. ഐക്യരാഷ്‌ട്രസഭയില്‍ 370-ാം ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില രാഷ്‌ട്രീയക്കാര്‍, പ്രത്യേകിച്ച് പാക്കിസ്ഥാനി കുടിയേറ്റ വോട്ടുകള്‍ തേടുന്നവര്‍, ഈ വിഷയം ഉന്നയിച്ചു. ഇന്ത്യാ വിരുദ്ധ വാര്‍ത്താ പ്രസിദ്ധീകരണം നടത്തി. ചരിത്രമുള്ള ചില പക്ഷപാത അന്താരാഷ്‌ട്ര മാധ്യമങ്ങളും ഇത് പരസ്യപ്പെടുത്തി. ഈ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ ചിലത്, കശ്മീരില്‍ അങ്ങേയറ്റം ”അപകടകരവും അസ്ഥിരവുമായ” സാഹചര്യമുണ്ടെന്ന് പ്രചരിപ്പിക്കാന്‍ തീവ്രമായി ശ്രമിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 70 ദിവസത്തോളം നടപ്പാക്കിയ ഇന്റര്‍നെറ്റ്, മൊബൈല്‍ ആശയവിനിമയ ഉപരോധം ”ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി” വ്യാഖ്യാനിച്ചു. 370-ാം വകുപ്പ് കാരണം കശ്മീരികളുടെ 70 വര്‍ഷത്തെ കഷ്ടപ്പാടുകള്‍ കാണാന്‍ അവര്‍ ശ്രമിച്ചുമില്ല.
പുറം ലോകത്തേക്ക് കശ്മീര്‍ പതിയെ വാതില്‍ തുറക്കുമ്പോള്‍, ഇനി സാധാരണ കശ്മീരി ജനതയുടെ മനസില്‍ ഒരു യുദ്ധം നടക്കും. 30 വര്‍ഷത്തിലേറെയായി ദിവസേനയുള്ള ആക്രമണം കണ്ട് കശ്മീരികള്‍ മടുത്തിരുന്നു. ഈ കാലയളവില്‍ കശ്മീരികള്‍ക്ക് ഒട്ടേറെ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടുമുണ്ട്. ആര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിലുമധികം അവര്‍ സഹിച്ചു. ത്യാഗം ചെയ്തു. 370-ാം വകുപ്പ് കശ്മീരികളുടെ ‘മാനസിക ഒറ്റപ്പെടലിന്’ വളരെയധികം കാരണമായി. കശ്മീരിലെ രാഷ്‌ട്രീയ പ്രമാണിമാര്‍ ഇതൊരു ‘വിലപേശല്‍ ഉപകരണം’ മാത്രം ആക്കി മാറ്റിയിരുന്നു. 370-ാം വകുപ്പ് വഴി അവര്‍ ഒരു വ്യാജ ‘കശ്മീരി വ്യക്തിത്വം’ സാധാരണക്കാര്‍ക്ക് വിറ്റു. സമാധാനവും വികസനവും ഒരിക്കലും കശ്മീരിലെ സ്വയം സേവിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ക്ക് മുന്‍ഗണന ആയിരുന്നില്ല. ഈ സാഹചര്യങ്ങളില്‍ സാധാരണ കശ്മീരികള്‍ ചിന്തിക്കാന്‍പോലും മറന്നു. പിന്നെയും കാലം മാറി, കഥയും.
370-ാം വകുപ്പ് റദ്ദാക്കിയത് കശ്മീരികളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഈ മാനസിക ഇടത്തിലാണ് നിര്‍ണ്ണായക പോരാട്ടങ്ങള്‍ അടുത്ത കുറച്ച് മാസങ്ങളിലോ വര്‍ഷങ്ങളിലോ നടക്കാന്‍ പോകുന്നത്. ശ്രീനഗറിലെ തെരുവുകളിലോ കുപ്വാരയിലെ വിദൂര ഗ്രാമത്തിലോ ഉള്ള സാധാരണക്കാര്‍ക്ക് ഇന്ന് അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും, വിശകലനം ചെയ്യാനും, വ്യക്തമായ വ്യത്യാസങ്ങള്‍ കാണാനും കഴിയും. സത്യത്തെ മറച്ചുവെക്കാനാവില്ല. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, മതങ്ങള്‍, ഭാഷകള്‍ എന്നിവയുള്ള ഭാരതം അതിവേഗ വികസനത്തിന്റെയും സമൃദ്ധിയുടെയും പാതയിലാണ് എന്നതാണ് ആ സത്യം. മതത്തെ അടിസ്ഥാനമാക്കിയുള്ള തെറ്റായ രണ്ട് രാഷ്‌ട്ര സിദ്ധാന്തത്തില്‍നിന്ന് ജനിച്ച പാക്കിസ്ഥാന്‍ ഇന്ന് തീവ്രവാദം, പ്രാദേശിക കലാപങ്ങള്‍, പരാജയപ്പെടുന്ന സമ്പദ് വ്യവസ്ഥ എന്നിവയ്‌ക്കിടയില്‍ നിലനില്‍പിനുള്ള പോരാട്ടത്തിലാണ്. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ താമസിക്കുന്ന കശ്മീരികള്‍ക്ക് സാമ്പത്തിക ഭദ്രതയും വികസനവും സ്വാതന്ത്ര്യവും അന്യമാണ്.
നിരപരാധികളായ സാധാരണക്കാരെ കൊല്ലുക, വാഹനം കത്തിക്കുക, വിനോദ സഞ്ചാരികളെ ആക്രമിക്കുക തുടങ്ങിയ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന കശ്മീരി തീവ്രവാദികള്‍ സമ്പന്നമായ ഒരു കശ്മീരിനെക്കുറിച്ചല്ല ചിന്തിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പല ഇന്ത്യന്‍ സര്‍ക്കാരുകളും കശ്മീരികളെ മനസിലാക്കാന്‍ ശ്രമിച്ചില്ല. ഇന്നു മോദി സര്‍ക്കാര്‍ കശ്മീരികളുടെ താല്‍പ്പര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. അത് രണ്ടാമത്തെ സത്യം. ഈ സത്യങ്ങള്‍ക്കും, അതിര്‍ത്തിക്കപ്പുറത്ത് നിന്നും ചിലപ്പോള്‍ ഇന്ത്യയിലെ തന്നെ ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ കള്ള പ്രചാരണങ്ങള്‍ക്കും ഇടയില്‍, കശ്മീരികള്‍ ഒരു ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ട്. മനസ്സില്‍ നടക്കുന്ന ആശയപരമായ യുദ്ധമാണത്. ആ യുദ്ധം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്.
370-ാം വകുപ്പ് റദ്ദാക്കിയ തീരുമാനം പോലെ, കശ്മീരിലെ നിരവധി മക്ബൂള്‍ ഷെര്‍വാനിമാര്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കും. അത് കശ്മീരിനെ സമാധാനത്തിന്റെയും മഹത്വത്തിന്റെയും പാതയിലേക്ക് നയിക്കും. കാരണം, മുന്‍പ് പാക്കിസ്ഥാന്‍ സൈന്യം പിന്തുണച്ചത് ആക്രമണകാരികളെയായിരുന്നെങ്കില്‍, ഇന്ന് അവരുടെ സൈന്യം പിന്തുണക്കുന്നത് തീവ്രവാദികളെയാണ്. രണ്ടും കശ്മീരിനെ നാശത്തിലേക്ക് മാത്രമാണ് നയിച്ചത്.
(9557997414)
പ്രതികരിക്കാൻ ഇവിടെ എഴുതുക: