കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കൈവിട്ടതോടെ ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കരിന്തിരി കത്തുന്ന അവസ്ഥ. നിത്യനിദാന ചെലവുകള്‍ക്ക് അനുവദിക്കുന്ന തുകയായ പടിത്തരത്തില്വരെ ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാരുടെ ശമ്പളത്തിന് മാത്രം തുക ആവശ്യപ്പെട്ടാല്‍ മതിയെന്നാണ് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ വരുമാനം കുറഞ്ഞ ചെറുക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കുന്നത് പോലും പ്രതിസന്ധിയിലായി. ചെറിയ ക്ഷേത്രങ്ങള്‍ക്ക് നാമമാത്ര തുക മാത്രമാണ് പടിത്തരമായി അനുവദിക്കുന്നത്.
ബോര്‍ഡ് പടിത്തരം അനുവദിച്ചെങ്കില്‍ മാത്രമെ എണ്ണയും മറ്റ് വഴിപാട് സാധനങ്ങളും വാങ്ങിയതിന്റെ പണം കൊടുക്കാന്‍ കഴിയൂ. വൃശ്ചികമാസം അടുത്തതിനാല്‍ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കേറും. സ്വാഭാവികമായും വഴിപാട് സാധനങ്ങള്‍ കൂടുതലായി വേണ്ടിവരും. എന്നാല്‍, നിത്യനിദാന ചെലവുകള്‍ക്ക് നിയന്ത്രണം വരുത്താന്‍ തുടങ്ങിയതോടെ ഇവ വാങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലായി. ക്ഷേത്ര ഉപദേശകസമിതിയുടെ സഹകരണത്തോടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സബ്ഗ്രൂപ്പ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള 1200ല്‍ അധികം വരുന്ന ക്ഷേത്രങ്ങളില്‍ 61 എണ്ണം മാത്രമാണ് സാമ്പത്തികമായി സ്വയംപര്യാപ്തമായിട്ടുള്ളത്. ബാക്കിയുള്ള ക്ഷേത്രങ്ങളുടെ നിലനില്പ് ശബരിമലയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ആചാരലംഘനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് വരുമാനത്തില്‍ നൂറ് കോടി രൂപയുടെ കുറവുണ്ടായി. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ 100 കോടി പ്രഖ്യാപിച്ചെങ്കിലും അടുത്ത മണ്ഡല സീസണ് ആയിട്ടും തുക കൈമാറിയില്ല. 30 കോടി രൂപ മാത്രമാണ് ധനവകുപ്പ് ഇതുവരെ അനുവദിച്ചത്. മണ്ഡലകാലത്തെ ലേലത്തില്‍നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറയ്ക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ദേവസ്വം ബോര്‍ഡ്. എന്നാല്‍, ലേലത്തില്‍നിന്ന് കരാറുകാര്‍ കൂട്ടത്തോടെ പിന്മാറി.
സാമ്പത്തിക പ്രതിസന്ധി മൂലം കരുതല്‍ ധനം ഉപയോഗിച്ചാണ് ബോര്‍ഡ് അത്യാവശ്യ മരാമത്ത് ജോലികള്‍വരെ നടത്തിയത്. പെന്ഷന് ഫണ്ടിലേക്കുള്ള വിഹിതവും മുടങ്ങി. ബജറ്റില്‍ പ്രഖ്യാപിച്ച തുക പൂര്‍ണമായും കൈമാറിയില്ലെങ്കില്‍ ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: