നീതിയും നിയമവും നിര്‍വഹിക്കുന്നതില്‍ തുല്യ ഉത്തരവാദിത്വമുള്ളവരാണ് അഭിഭാഷകരും പോലീസും. ആദരവോടെയും ബഹുമാനത്തോടെയുമാണ് ഇരുവിഭാഗത്തെയും പൊതുസമൂഹം കാണുന്നത്. അവര്‍ക്ക് മുന്നില്‍ പരിഹാസ്യമായ പെരുമാറ്റം നടത്തുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ അഭിഭാഷകരും പോലീസും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത് കാണുമ്പോള്‍ തോന്നുന്ന വികാരമാണത്. വേലി തന്നെ വിള തിന്നുന്ന അവസ്ഥയാണത്. ആരാണ് ശരി ആരാണ് തെറ്റ് എന്ന് പറയുന്നില്ല. നിലവിട്ടുള്ള പോരാട്ടം ഏത് കാരണത്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ല. മാന്യതയും മര്യാദയും പ്രതീക്ഷിക്കുന്നിടത്ത് നിന്ന് നിലവിലുള്ള കളി തുടരുന്നതിനോട് പൊതുസമൂഹത്തിന് യോജിപ്പില്ല. അതുകൊണ്ടാവണം പൂട്ടിയിട്ട കോടതി കവാടം തള്ളിതകര്ക്കാന് ഒരു വിഭാഗം ശ്രമം നടത്തിയത്. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരുവിഭാഗവും തയാറാകണം. ഒരുപക്ഷത്തിന് മാത്രമേ നിയമത്തിന്റെ സംരക്ഷണമുള്ളൂ എന്ന തോന്നല്‍ ഉളവാക്കുന്നത് പ്രശ്നത്തിന് പരിഹാരമല്ല.
അഭിഭാഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദല്‍ഹി സാകേത് കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതിന് എന്ത് ന്യായീകരണം പറയും? കോടതിയിലെത്തുന്നവരെ അഭിഭാഷകര്‍ തടഞ്ഞു. ഗേറ്റ് ചങ്ങലയിട്ടു പൂട്ടുകയും ചെയ്തു. നാട്ടുകാര്‍ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഇടപെടാന്‍ പൊലീസ് തയാറായില്ല. ഒരാള്‍ പോലും സ്ഥലത്ത് എത്തിയതുമില്ല. രോഹിണി കോടതിയില്‍ അഭിഭാഷകന് ആത്മഹത്യക്ക് ശ്രമിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനുള്ള ശ്രമം നടത്തുകയും ചെയ്തു. തക്കസമയത്ത് മറ്റുള്ളവര്‍ ഇടപെട്ടതിനാല്‍ ആത്മാഹൂതി നടന്നില്ല.
രാവിലെ പോലീസ് കമ്മിഷണര്‍ക്ക് സുപ്രീംകോടതി അഭിഭാഷകര്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. പ്രതിഷേധിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാത്തതിനു കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. പൊലീസുകാരുടെ പ്രകടനവും മാധ്യമങ്ങളോടുള്ള പ്രതികരണവും നിയമലംഘനമാണെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നതിന് കേരളത്തില്‍ തന്നെ തെളിവുണ്ടല്ലോ. ഇതൊന്നും ആര്‍ക്കും ഭൂഷണമല്ല. ഡല്‍ഹി ഹൈക്കോടതി ഒടുവില്‍ സ്വീകരിച്ച നിലപാടില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് ശരിവച്ച കോടതി, ജുഡീഷ്യല്‍ അന്വേഷണത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ മാത്രമായിരുന്നു ഹര്‍ജി. അതേസമയം, പൊലീസുകാരെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുക്കരുതെന്നും അഭിഭാഷകര്‍ക്കെതിരെ ഇപ്പോള്‍ ഒരു നടപടിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയത് പോലീസുകാരില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ സാകേതിലെ സംഘര്‍ഷത്തില്‍ ഒരു എഫ്ഐആറും വേണ്ടെന്നും കോടതി നിര്‍ദേശം നല്കി. ഡല്‍ഹി സാകേത് കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. അഭിഭാഷകരും പൊലീസും തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, വക്കീലന്മാര് അടച്ചുപൂട്ടിയ കോടതി ഗേറ്റ് നാട്ടുകാര്‍ തുറക്കാന്‍ ശ്രമിച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചത്.
തീസ് ഹസാരി കോടതി സമുച്ചയത്തിന് വെളിയില്‍ നവംബര്‍ ഒന്നിനാണ് സംഘര്‍ഷത്തിന് കാരണമായ സംഭവം നടന്നത്. കോടതിയില്‍ വാദിക്കാന്‍ എത്തിയ അഭിഭാഷകന്റെ കാര്‍ റോഡില്‍ പാര്‍ക്കു ചെയ്തതിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് എതിര്‍ത്തതാണ് തുടക്കം. എന്നാല്‍, അഭിഭാഷകന്റെ കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ചതാണ് പ്രകോപനമുണ്ടാക്കിയതെന്ന വാദവുമുണ്ട്. അഭിഭാഷകനെ കസ്റ്റഡിയിലെടുത്തെന്നും എതിര്‍ത്തപ്പോള്‍ പൊലീസ് വെടിവച്ചെന്നും മറ്റ് അഭിഭാഷകര്‍ പറയുന്നു. വെടിയേറ്റ അഭിഭാഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്പുണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ രാജസ്ഥാനിലും പോലീസും അഭിഭാഷകരും നേര്‍ക്ക് നേര് പോരാടാന്‍ ഒരുങ്ങി എന്ന വാര്‍ത്തയുമുണ്ട്. അതുകൂടിയാകുമ്പോള്‍ പ്രശ്നത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമുണ്ടോ എന്ന സംശയം ബലപ്പെടുത്തുകയാണ്. ഇല്ലം ചുട്ടാലും വേണ്ടില്ല രാഷ്ട്രീയ നേട്ടം ആഗ്രഹിക്കുന്നവര്‍ ഇതിന് പിന്നിലുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. എത്രയും വേഗം സംശയങ്ങളും സംഘര്‍ഷങ്ങളും മതിയാക്കിയേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: