പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവകാലം ആരംഭിക്കാനിരിക്കെ സന്നിധാനത്ത് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും മറ്റും തകൃതിയില്‍. മാസ്റ്റര്‍പ്ലാന്‍ ശുപാര്‍ശ നേരത്തെതന്നെ നല്‍കിയ പദ്ധതികള്‍ തീര്‍ഥാടനകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നടപ്പാക്കുന്നതിനെതിരെ വ്യാപക ആക്ഷേപം. ശബരിമല സന്നിധാനത്തെ മാളികപ്പുറം ഷോപ്പിംഗ് കോംപ്ലസ് പൊളിച്ചുനീക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്.
സന്നിധാനത്തെത്തുന്ന തീര്‍ഥാടകര്‍ക്കു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്. എന്നാല്‍ ധൃതിപിടിച്ച് കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് മൗനത്തിലാണ്. തിങ്കളാഴ്ച മുതലാണ് മാളികപ്പുറം ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുനീക്കിത്തുടങ്ങിയത്. മൂന്നുനില മന്ദിരമാണ് പൊളിക്കുന്നത്. 18 കടമുറികള്‍, 16 താമസമുറികള്‍, 18 മീഡിയ റൂമുകള്‍ എന്നിവയടങ്ങുന്നതായിരുന്നു കോംപ്ലക്സ്. കെട്ടിടം പൊളിച്ചുനീക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന മുറികള്‍ മൂന്നുമാസം മുമ്പേ ഒഴിപ്പിച്ചതാണ്.
കെട്ടിടവും മാളികപ്പുറത്തുനിന്നും ഫ്ളൈഓവറുമായി മൂന്ന് മീറ്റര്‍ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുവഴി നടന്നുപോകുന്ന അയ്യപ്പഭക്തര്‍ തീര്‍ഥാടനകാലത്ത് തിരക്കില്‍പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അശാസ്ത്രീയമായ നിര്‍മാണമാണ് കെട്ടിടമെന്നും പൊളിച്ചുനീക്കാനും മാസ്റ്റര്‍പ്ലാന്‍ ശിപാര്‍ശ ചെയ്തത്. സന്നിധാനത്തു തന്നെ ദര്‍ശന്‍ കോംപ്ലക്സ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതുവരെ കെട്ടിടം പൊളിച്ചുനീക്കല്‍ വൈകിപ്പിക്കുകയായിരുന്നു. കെട്ടിടം പൊളിച്ചുനീക്കുന്നതോടെ സന്നിധാനത്ത് 10,000 ചതുരശ്രഅടി സ്ഥലം തീര്‍ഥാടകരുടെ ഉപയോഗത്തിനായി ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
മാളികപ്പുറം ക്ഷേത്രം, അന്നദാനമണ്ഡപം, പാണ്ടിത്താവളം എന്നിവിടങ്ങളിലേക്ക് വലിയനടപ്പന്തല്‍ വഴി വരുന്ന അയ്യപ്പഭക്തര്‍ക്ക് സ്ഥലം പ്രയോജനപ്പെടും. അടുത്ത ഏതാനുംദിവസം കൊണ്ട് കെട്ടിടം പൊളിച്ചുനീക്കി അവശിഷ്ടങ്ങള്‍ മാറ്റാനാകുമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോര്‍ഡിനുള്ളത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ സന്നിധാനത്തും പമ്പയിലുമുള്ള മറ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. താത്കാലികമായി കെട്ടിടം സീസണില്‍ തുറന്നു നല്‍കാനാണ് തീരുമാനം.
















