ന്യൂദല്‍ഹി: ദല്‍ഹിക്ക് ശ്വാസംമുട്ടുകയാണ്, ആരുടേയും ഒരു ന്യായവും കേള്‍ക്കേണ്ട. അടിയന്തര നടപടി സ്വീകരിക്കണം, കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി രംഗത്ത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ ബുധനാഴ്ച രാവിലെ കോടതിക്ക് മുന്നില്‍ ഹാജരാവണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ദല്‍ഹിക്ക് എല്ലാ വര്‍ഷവും ശ്വാസം മുട്ടുകയാണ്. എല്ലാവര്‍ഷവും ഇതു തന്നെ രണ്ടാഴ്ചക്കാലം തുടരുന്നു. പരിഷ്‌കൃത രാജ്യങ്ങളില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. സ്വന്തം മുറിക്കുള്ളില്‍ പോലും സുരക്ഷിതരല്ലാത്ത അന്തരീക്ഷത്തിലല്ല നമ്മള്‍ ജീവിക്കേണ്ടത്. അന്തരീക്ഷ മലിനീകരണം തടയുന്നതില്‍ സര്‍ക്കാരുകള്‍ വലിയ പരാജയമാണ്. ജനങ്ങളെ മരിക്കാന്‍ വിടുകയാണ് ഭരണകൂടം, ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചു.
ഉത്തരവിന്റെ വിശദാംശങ്ങള്‍:
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ദല്‍ഹി എന്‍സിആറിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും സുപ്രീംകോടതി റദ്ദാക്കി. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ. കറ്റ കത്തിക്കുന്നത് ആവര്‍ത്തിച്ചാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ മുതല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ വരെ കുറ്റക്കാരായി കണക്കാക്കും. കോടതിയലക്ഷ്യ നിയമപ്രകാരം ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ നടപടിയുണ്ടാവും.
നഗരമാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധിച്ചു. ഐഐടികളിലെ അടക്കമുള്ള മലിനീകരണ നിയന്ത്രണ വിദഗ്ധരെ കോടതിക്ക് മുന്നില്‍ ഹാജരാക്കണം.
ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കിയത് വഴി മലിനീകരണം കുറഞ്ഞോ ഇല്ലയോയെന്ന് ദല്‍ഹി സര്‍ക്കാര്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: