വാതപിത്തകഫങ്ങള്‍ കോപിക്കുന്നതിനാലും ശരീരത്തില്‍ ക്ഷതമേല്‍ക്കുന്നതിനാലും ശക്തിയായ പനിയോടെ, ശരീരം പിളര്‍ക്കുന്നതുപോലുള്ള വേദനയോടെ, ചുണ്ടുകളിലും മാറിടത്തിലും വസ്ത്രം കൊണ്ട് മറയ്‌ക്കുന്ന മറ്റു ശരീരഭാഗങ്ങളിലും അതീവ ചൂടോടെയും നോവോടെയും തീകൊണ്ട് പൊള്ളളേറ്റതു പോലെ ചെറിയ കുരുക്കളുണ്ടാകും. ഇതിനെയാണ് വിസര്‍പം എന്നു പറയുന്നത്. ഇത്തരം ശാരീരികാവസ്ഥയില്‍ ചിലപ്പോള്‍ മലബന്ധവും ചിലപ്പോള്‍ വയറിളക്കവും ഉണ്ടാകുന്നത് സാധാരണയാണ്.
വിസര്‍പരോഗികളുടെ സന്ധികളില്‍ അതികഠിനമായ വേദനയുണ്ടാകും. കൃത്യമായ ചികിത്സയും ആഹാരക്രമവും പാലിച്ചില്ലെങ്കില്‍ ദേഹം മുഴുവന്‍ ചേനചെത്തിയതു പോലെ വ്രണങ്ങളും കാണാം. അതികഠിനമായിരിക്കും വേദന. ഇതിന് വിസ്‌ഫോടനം എന്നാണ് പറയുക. വിസര്‍പ, വിസ്‌ഫോടന രോഗികള്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതും നെയ്മയമുള്ളതുമായ ഭക്ഷണങ്ങള്‍ മത്സ്യമാംസാദികള്‍, മുട്ട, കറിയുപ്പ് എന്നിവ രോഗം ഭേദമാകും വരെ പൂര്‍ണമായും വര്‍ജിക്കണം.
എല്ലാവിധ വിസര്‍പ്പവും ഭേദമാകുന്നതിനുള്ള കഷായം:
മുത്തങ്ങാക്കിഴങ്ങ്, വേപ്പിന്‍തൊലി, കാട്ടുപടവലം, ദേവതാരം, മഞ്ഞള്‍, മുന്തിരിങ്ങാപ്പഴം, കുറുന്തോട്ടി വേര്, ചുക്ക്, ബ്രഹ്മി ഇവ ഓരോന്നും 10ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടണ്ടണ്ടുനേരം തുടര്‍ച്ചയായി 15 ദിവസം സേവിക്കുക. വെയില്‍ കൊള്ളരുത്. വ്രണങ്ങള്‍ കരിയും വരെ കുളിക്കരുത്.
വിസര്‍പത്തിനുള്ള ലേപനം:
ശതകുപ്പ, മുത്തങ്ങാക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, കൊത്തമ്പാലരി, ദേവതാരം, കരിന്തുമ്പ, കൊട്ടം ഇവ ശുദ്ധജലത്തില്‍ അരച്ച് രണ്ട്മണിക്കൂര്‍ ഇടവിട്ട് തേയ്‌ക്കുക. ചുട്ടുനീറ്റലും മറ്റു ദോഷങ്ങളും ശമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: