രാജ്യമെങ്ങും സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന സമയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ നേതാവ് ശ്രീപദ് അമൃത് ഡാങ്കേ സോവിയറ്റ് യൂണിയനിലായിരുന്നു. രാജ്യം സ്വതന്ത്രമാകുന്ന വേളയില്‍ തന്റെ രാജ്യത്തിന്റെ പുതിയ സംഭവവികാസങ്ങളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് സോവിയറ്റ് യൂണിയന് നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹമെന്നല്ലാതെ ഇതിനെ എങ്ങനെ വിശേഷിപ്പിക്കാം.
ബ്രിട്ടീഷ് സ്നേഹം ഇന്ത്യയുടെ പുതിയ അംബാസിഡറെപ്പറ്റിയും അവരുടെ സ്വഭാവത്തെപ്പറ്റിയും ഡാങ്കേ സോവിയറ്റ് യൂണിയന് നേതാക്കള്‍ക്ക് വിവരം നല്കി. 1944 ജൂണ്‍ പതിനൊന്നാം തീയതി കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷിക്ക് മഹാത്മാഗാന്ധി ഒരു കത്തയച്ചിരുന്നു. അതില്‍ അക്കമിട്ട് ചില ചോദ്യങ്ങള്‍ ഗാന്ധിജി ചോദിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരനേതാക്കളെ അറസ്റ്റ് ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് അധികൃതരെ സഹായിച്ചിട്ടുണ്ടോയെന്നും ഗാന്ധിജി ചോദിച്ചു. ബ്രിട്ടന്റെ കൈയില്‍ നിന്ന് പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് തുറന്നു പറയാനും മഹാത്മജി തയാറായി.
വിദേശത്തുനിന്ന് പണം വാങ്ങി സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്നതിലപ്പുറം ഒന്നുമായിരുന്നില്ല എസ്.എ. ഡാങ്കേയും പി.സി. ജോഷിയും. കമ്യൂണിസ്റ്റുകള്‍ക്ക് ചതിയുടെ കഥകളാണ് ഇന്റര്‍നാഷണല്‍ പൊളിറ്റിക്സ്. ആദ്യമൊക്കെ അകല്‍ച്ചയായിരുന്നെങ്കിലും 1939 ആയപ്പോള്‍ സ്റ്റാലിനും ഹിറ്റ്ലറും അടുപ്പക്കാരായി. എണ്ണയും മറ്റ് പ്രകൃതിവിഭവങ്ങളാലും സമ്പന്നമായ പോളണ്ട് ആയിരുന്നു രണ്ട് പേരുടെയും ലക്ഷ്യം. അതിനായി പരസ്പരമുള്ള വൈരം മറന്ന് ഒന്നിക്കാന്‍ അവര്‍ തീരുമാനിച്ചു. 1939 ആഗസ്റ്റ് 23ന് മോസ്കോയില്‍ വച്ച് ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയും റഷ്യന്‍ വിദേശകാര്യമന്ത്രിയും പരസ്പരം ആക്രമിക്കില്ലെന്ന സന്ധിയില്‍ ഒപ്പിട്ടു. പരസ്പര സൗഹൃദത്തിന്റെയും അതിര്‍ത്തി നിര്‍ണയത്തിന്റെയും സഹകരണത്തിന്റെ ഉടമ്പടി എന്നാണ് ആ കരാര്‍ അറിയപ്പെട്ടത്.
ജര്‍മ്മനിയോട് ചേര്‍ന്ന പോളണ്ട് ഭാഗം ജര്‍മ്മനിക്കും റഷ്യയോട് ചേര്‍ന്ന ഭാഗം റഷ്യക്കും ആക്രമിച്ച് കീഴടക്കാന്‍ പരസ്പരം വ്യവസ്ഥയായി. പോളണ്ടിനെ മാത്രമല്ല ബാള്‍ട്ടിക് റിപ്പബ്ലിക്കുകളെയും ഫിന്‍ലന്‍ഡിനെയും ആക്രമിച്ച് പരസ്പരം പങ്കുവയ്ക്കാനും വ്യവസ്ഥയുണ്ടായിരുന്നു. ഹിറ്റ്ലര്‍ക്കും നാസിസത്തിനും ഫാസിസത്തിനുമെതിരായ സകല രേഖകളും പൊതുജനങ്ങളില്‍നിന്ന് ഒഴിവാക്കി. ലൈബ്രറികള്‍ അടച്ചിട്ടു. ക്രൂരനായ ഹിറ്റ്ലര്‍ അങ്ങനെ സോവിയറ്റ് കമ്യൂണിസ്റ്റുകള്‍ക്ക് മഹാനായി. പോളണ്ട് ആക്രമണത്തോടെയാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. പിന്നീട് ബ്രിട്ടന് ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അപ്പോഴും സ്റ്റാലിന്റെയും ഹിറ്റ്ലറുടെയും ഐക്യത്തിന് അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യന്‍-ബ്രിട്ടീഷ് കമ്യൂണിസ്റ്റുകള്‍.
അന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് പാതി ഇന്ത്യന്‍ വംശജനായിരുന്ന രജനി പാം ദത്ത് ആയിരുന്നു. അവര്‍ ലോകസമാധാനത്തിനായി നിലവിളിക്കുന്ന സമാധാനവാദികളായി. പോളണ്ടിനെ ഒരുവശത്ത് നിന്ന് കീഴ്പ്പെടുത്തിക്കൊണ്ടിരുന്നപ്പോഴും സ്റ്റാലിന്റെ ശമ്പളം വാങ്ങിയ സമാധാനവാദിയായിരുന്നു രജനി ദത്ത്. കമ്യൂണിസ്റ്റുകള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം നിര്‍ത്തൂ എന്നൊക്കെയായി അവരുടെ വാഴ്ത്തലുകള്‍. അപ്പോഴും ആയിരക്കണക്കിന് സോവിയറ്റ് ബോള്‍ഷെവിക് കമ്യൂണിസ്റ്റുകള്‍ പോളണ്ടുകാരെ കൊന്ന് തള്ളുകയായിരുന്നു. അഞ്ച് ലക്ഷത്തോളം പേരെ സോവിയറ്റ് യൂണിയന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലടച്ചു. ജൂതന്മാരെ തെരഞ്ഞു പിടിച്ച് തടവിലിട്ടു. സ്റ്റാലിനും പോളണ്ടില്‍ അതുതന്നെ ചെയ്തു. സ്റ്റാലിന്റെ ജൂതഹത്യ പുറത്ത് വരാന്‍ പിന്നെയും ഒരുപാട് കാലങ്ങളെടുത്തെന്ന് മാത്രം.
രണ്ടാം ലോക യുദ്ധം സ്റ്റാലിന് മറയായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയുമായി യുദ്ധം പ്രഖ്യാപിച്ച് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് അയാള്‍ റഷ്യയിലും പോളണ്ടിലും ഉക്രൈനിലും കൊലപാതകങ്ങള്‍ അഴിച്ചുവിട്ടു. ലോകം യുദ്ധത്തില്‍ ശ്രദ്ധിച്ചപ്പോള്‍ സ്റ്റാലിന് എതിരാളികളെ മുച്ചൂടും നശിപ്പിക്കാനാണ് ശ്രമിച്ചത്. യുദ്ധത്തിന്റെ ഗതി മാറിയതോടെ അടുപ്പക്കാരായിരുന്ന ഹിറ്റ്ലര്‍ സ്റ്റാലിനു നേരേ തിരിഞ്ഞു.
ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യ
രണ്ടാം ലോകമഹായുദ്ധം കഴിയുമ്പോള്‍ പരിമിതമായി ഇന്ത്യയ്ക്ക് അധികാരം നല്‍കാമെന്ന ബ്രിട്ടീഷുകാരുടെ ഉറപ്പ് ഇന്ത്യയിലെ ഒരു ദേശീയപ്രസ്ഥാനവും സ്വീകരിച്ചില്ല. പരിമിതമായ സ്വാതന്ത്ര്യമല്ല പൂര്‍ണസ്വരാജ് വേണമെന്നും ബ്രിട്ടന് ഇന്ത്യ വിടണമെന്നും ഗാന്ധിജിയും ദേശീയപ്രസ്ഥാനങ്ങളും വാദിച്ചു. 1942 ആഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി. രാജ്യമെങ്ങും സ്വാതന്ത്ര്യത്തിനായി ഒത്തുചേര്‍ന്നപ്പോള്‍ ഒറ്റുകൊടുക്കുന്നതിന്റെ തിരക്കിലായിരുന്നു കമ്യൂണിസ്റ്റുകള്‍. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.സി. ജോഷി രഹസ്യ കൂടിക്കാഴ്ച്ചയും നടത്തി. പിന്നീട് ബ്രിട്ടന് നടത്തുന്നത് ജനകീയ യുദ്ധമെന്നായി ”പാര്‍ട്ടി” നയം. ബ്രിട്ടനെതിരെ പ്രവര്‍ത്തിച്ച ഗാന്ധിജിയും ദേശാഭിമാനികളും ഫാസിസ്റ്റുകളെന്നും പ്രതിവിപ്ലവകാരികളെന്നും മുദ്രകുത്തപ്പെട്ടു. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു അവരുടെ ഏറ്റവും വലിയ ഫാസിസ്റ്റ്.
ഇന്ത്യയില്‍ ദേശീയപ്രസ്ഥാനങ്ങള്‍ ക്വിറ്റ് ഇന്ത്യാ സമരം നടത്തിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനെ അനുകൂലിച്ച് ദേശീയ ഏകതാ വാരം ആഘോഷിച്ചു. ക്വിറ്റ് ഇന്ത്യാ സമര നേതാക്കളെ കമ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷ് പട്ടാളത്തിന് ഒറ്റുകൊടുത്തു. ബ്രിട്ടനെ എങ്ങനെ സഹായിക്കാം എന്നു കാണിച്ച് നൂറ്റിയിരുപതോളം പേജുള്ള ഒരു റിപ്പോര്‍ട്ട് പി.സി. ജോഷി നല്കി. സ്വാതന്ത്ര്യ സമരത്തെയും ക്വിറ്റ് ഇന്ത്യാ സമരത്തെയും അട്ടിമറിക്കുക, ബ്രിട്ടനെ അനുകൂലിച്ച് ജാഥകളും പരിപാടികളും സംഘടിപ്പിക്കുക, പണിമുടക്കുകള്‍ പരാജയപ്പെടുത്തുക തുടങ്ങി രാജ്യത്തിന്റെ പൊതുതാത്പര്യത്തിനെതിരെ ചെയ്യാവുന്നതെല്ലാം അതില്‍ പി.സി. ജോഷി അക്കമിട്ട് നിരത്തുന്നുണ്ട്.
ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ലഘുലേഖകളും അധ്യക്ഷ പ്രഭാഷണങ്ങളും ജോഷി ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ രാഷ്ട്രത്തിനായി നിലകൊണ്ടിട്ടില്ല. എം.എന്‍. റോയി, പി.സി. ജോഷി, എസ്.എന്‍. ഡാങ്കേ, ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവരെല്ലാം സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി സോവിയറ്റ് യൂണിയനോടോ ചൈനയോടോ കൂറുകാട്ടിയവരാണ്. അവരുടെ ദാസ്യപ്പണിയാണ് ചെയ്തിരുന്നത്. സോവിയറ്റ് റഷ്യയിലും ചൈനയിലുമൊക്കെ ചാരപ്പണിയെടുത്ത് വിദേശയാത്രയും ചികിത്സയും ഉള്‍പ്പെടെ സകലസുഖങ്ങളും അനുഭവിച്ച വില കുറഞ്ഞ കൂലിക്കാര് മാത്രമായിരുന്നു കമ്യൂണിസ്റ്റ് നേതാക്കള്‍. ആത്മാഭിമാനം അവരുടെ ഏഴയലത്തുണ്ടായിരുന്നില്ല.
സ്വരാജ്യസ്നേഹം അജണ്ടയിലേ ഇല്ലായിരുന്നു. അവസരം കിട്ടിയപ്പോഴെല്ലാം അവര്‍ നാടിനെ ഒറ്റുകൊടുത്തു. അയല്‍ രാജ്യങ്ങളെ ആക്രമിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് അധികാരമേല്‍പ്പിക്കുകയായിരുന്നു സോവിയറ്റ് യൂണിയന്റെ രീതി. പോളണ്ടിലും ചെക്കോസ്ലോവാക്യയിലും റുമേനിയയിലും മറ്റ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ കമ്യൂണിസ്റ്റ് ഭരണം അങ്ങനെ നിലനിന്നിരുന്നതാണ്.
ഇന്ത്യയിലും അട്ടിമറി രീതിയില്‍ സോവിയറ്റ് യൂണിയന് തങ്ങളെ ഭരണം ഏല്‍പ്പിക്കുമെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി കരുതിയിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് തൊഴിലാളി സ്നേഹമില്ല. വര്‍ഗ്ഗബന്ധമില്ല. അധികാരമേറിയടത്തെല്ലാം ഇവര്‍ ആദ്യം കൊന്നതും അടിച്ചമര്‍ത്തിയതും തൊഴിലാളികളെ തന്നെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: