ആഭിചാരക്രിയ എന്നു പറഞ്ഞാല്‍ എന്താണ് സാര്‍?”, താപം ക്ലാസ്സിനെ ഉരുക്കുന്ന ഉച്ച. ”അതുകണ്ടുപിടിക്കുന്നതെങ്ങനെ? ആ സമ്പ്രദായം ഇപ്പോഴും നിലവിലുണ്ടോ?”
രാമശേഷനില്‍ സൂര്യനുണര്‍ന്നു. ലഗ്നം ആഗ്നേയരാശിയാവുകയും അവിടെ ആഗ്നേയ ഗ്രഹസ്ഥിതിയുണ്ടാവുകയും ചെയ്താല്‍ തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നും ചിലപ്പോള്‍. രാമശേഷന് ഫാനിന്റെ കീഴിലേക്ക് ആവതും മാറിനിന്നു.
കൈവിഷവും ആഭിചാരവും രണ്ടും രണ്ടാണ്. പക്ഷേ, അടിസ്ഥാന ലക്ഷ്യം ഒന്നുതന്നെ. ആളെ ദ്രോഹിക്കുക. ദ്രോഹിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ വന്നതോടെ ഇപ്പോള്‍ ആഭിചാര പ്രയോഗവും കുറഞ്ഞു. കണ്ടുപിടിക്കേണ്ടത് പ്രശ്നത്തിലൂടെ തന്നെ.
തത്തമംഗലം.
ഉച്ചയൂണു കഴിഞ്ഞ് ഗുരുനാഥന് വിശ്രമിക്കുന്ന സമയം. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സംഘം ജീപ്പില്‍ വന്നിറങ്ങി. പ്രണയത്തില്‍നിന്നും പിന്തിരിപ്പിക്കാന് ചെറുപ്പക്കാരനെതിരെ ആഭിചാരം പ്രയോഗിച്ചിട്ടുണ്ടോ എന്നറിയണം. സാമ്പത്തികമായും ജാതീയമായും വലിയ അന്തരങ്ങളുള്ള കുടുംബം. പെണ്‍കുട്ടിയും ചെറുക്കനും വിവാഹ തീരുമാനത്തില്‍ ഉറച്ചു നില്‍പ്പാണ്. പെണ്‍കുട്ടിയുടെ കോളജില്‍ പോക്ക് നിര്‍ത്തിച്ചു. ഇപ്പോള്‍ വീട്ടുതടങ്കലില്‍.
കഴിഞ്ഞ ഒരാഴ്ചയായി പയ്യന് ജലപാനം കഴിക്കുന്നില്ല എന്നു മാത്രമല്ല ഇടക്കിടെ ദേഹത്ത് എരിവു തട്ടിയപോലെ നിലത്തു കിടന്നുരുളുന്നു, നിലവിളിക്കുന്നു. ഉറക്കവുമില്ല.
ഊണു കഴിഞ്ഞാല്‍ ഗുരുനാഥന് രണ്ടു മണിക്കൂര്‍ വിശ്രമിക്കും. വൈകിട്ട് മൂന്നിനേ ജാതക പരിശോധന തുടങ്ങൂ. വിശ്രമവേളയിലുള്ള അയല്‍ സംസ്ഥാനക്കാരുടെ വരവ് പകലുറക്കത്തിന് എടങ്ങേറുണ്ടാക്കി. അതുതന്നെ ഒരു ദുര്‍നിമിത്തം. രാത്രിയാവുമ്പോഴേക്കും അവര്‍ക്ക് തിരിച്ചെത്തണമെന്നതിനാല്‍ ഉടനെ പ്രശ്നം വെച്ചേ മതിയാവൂ. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു.
പ്രശ്നക്ലാസ്സില് ഗുരുനാഥന്റെ മുഴക്കമുള്ള ശബ്ദം രാമശേഷന് കേട്ടു.
”ബാധകാധിപന് ശുഭനായാല്‍ മഹാഭിചാരമെന്ന് പറയണം…പാപഗ്രഹമാണെങ്കില്‍ ക്ഷുദ്രമാണ്… ശത്രുക്കളാല്‍ മാരണം തുടങ്ങിയ യാതൊരു കര്‍മ്മങ്ങള്‍ ചെയ്യപ്പെടുന്നുവോ അത് മഹാഭിചാരം… കീലം മുതലായവ കുഴിച്ചിടുന്നുവോ (വസ്തു ജപിച്ചു സ്ഥാപിക്കല്‍) അത് ക്ഷുദ്രം…”
ചെറുക്കന് താമസിക്കുന്നതിന്റെ തെക്കുഭാഗത്ത് ഏകദേശം അമ്പത് കിലോമീറ്റര്‍ അകലെ ഒരു മാരിയമ്മന്‍ കോവിലുണ്ട്. അവിടെ ഒരു പ്രത്യേക സന്നിധിയില്‍ ചൊവ്വാഴ്ച ദിവസങ്ങളില്‍ ആടുവെട്ടും മുളകരയ്ക്കല് പ്രയോഗവുമുണ്ട്. ചെറുക്കന് എരിവു തട്ടി നിലവിളിക്കാന്‍, പ്രണയത്തില്‍ നിന്നും പിന്മാറാന് അവിടെ മുളകുപ്രയോഗം നടന്നിരിക്കണം. പ്രശ്നത്തിലെ ഗ്രഹസ്ഥിതികള്‍ അത് നിജപ്പെടുത്തി. തമിഴ്നാട്ടില്‍ ‘ശെയ്വനൈ’ എന്നാണ് ഇതറിയപ്പെടുന്നത്. പക്ഷേ, അതു കണ്ടുപിടിക്കാന്‍ കേമന്മാരായ ജ്യോത്സ്യന്മാരില്ല. അതുകൊണ്ടാണ് തത്തമംഗലം വരെത്തിയത്.
”ഇതിന് പരിഹാരം വല്ലതും?”
പ്രായോഗികതയിലൂന്നി ചിന്തിക്കുന്ന ആളാണ് ഗുരുനാഥന്. പരിഹാരം നിര്‍ദ്ദേശിക്കുന്നതിനു പകരം ഈ വിവാഹബന്ധം ദീര്‍ഘകാലം നില്‍ക്കുമോ എന്നറിയാന്‍ അദ്ദേഹം പുതിയൊരു പ്രശ്നം വെച്ചു. പ്രശ്നഫലത്തില്‍ ബന്ധത്തിന് നിലനില്പ്പില്ലെന്നു കണ്ടു. ഇത് താല്ക്കാലികമായ ആവേശവും പ്രായത്തിന്റെ എടുത്തുചാട്ടവും മാത്രം. യുക്തിപൂര്‍വം ഇതില്‍നിന്ന് പിന്തിരിയുക. അതാണ് പ്രായോഗികവും ശാശ്വതവുമായ പരിഹാരം.
സംഘത്തിന് ബുദ്ധി തെളിഞ്ഞു. ഗുരുനാഥന്റെ വാക്കുകള്‍ അവര്‍ ശിരസാ വഹിച്ചു.
”ശരി…ചെക്കന്റെ നിലവിളി നിര്‍ത്താന്‍ എന്താണ് വഴി?”
”ഞങ്ങള്‍ പിന്മാറിക്കഴിഞ്ഞു എന്ന് അവരെ അറിയിക്കുക… അവരുടെ ആവശ്യം അതാണ്…അതറിഞ്ഞാല്‍ അവര്‍ മുളകുപ്രയോഗം താനേ നിര്‍ത്തും…”
തെളിഞ്ഞ മനസ്സോടെ സംഘം മടങ്ങി. ദക്ഷിണ വെച്ച് പടിയിറങ്ങുമ്പോള്‍ ഗുരുനാഥന് പറഞ്ഞു.
”നില്ക്കൂ… ഒന്നൊഴിവ് നോക്കട്ടെ…”
ഒഴിവുനോക്കല്!
”അതെന്താണ് സാര്‍?”
രാമശേഷന് ക്ലാസ്സ് മുറിയിലെ ഉച്ചയുരുക്കത്തിലേക്ക് ഉണര്‍ന്നു.
”ദൈവജ്ഞന്റെ നിര്‍ദ്ദേശപ്പടി കാര്യങ്ങള്‍ നിര്‍വഹിച്ചാല്‍ ഫലം കാണുമോ ഇല്ലയോ എന്നറിയാന്‍ വെയ്ക്കുന്ന പ്രശ്നം…”
സംഘം അതിന്റെ ഫലത്തിനായി കാത്തുനിന്നു.
ഒഴിവു നോക്കിയപ്പോള്‍ ഫലം പോസിറ്റീവാണ്.
അവര്‍ തൃപ്തരായി മടങ്ങി.
പണ്ടൊക്കെ ശത്രുസംഹാരത്തിനുള്ള വഴികളായിരുന്നു കൈവിഷവും ആഭിചാരവും. പുതിയ മാര്‍ഗ്ഗങ്ങള്‍ വന്നതോടെ പഴയ സംഹാരവഴികള് കുറേശ്ശയായി പിന്തള്ളപ്പെട്ടു.
”സാര്‍ ഒരു സംശയം ചോദിച്ചോട്ടെ…” ചിറ്റൂരിലെ ശാന്തി.
”ആഭിചാരവും കൈവിഷവും പോലെ ഒരു സംഹാരമുറ തന്നെയല്ലേ ക്വട്ടേഷനും… അതെങ്ങനെ പ്രശ്നത്തിലൂടെ കണ്ടുപിടിക്കും?”
രാമശേഷന് എടുത്തിട്ട പോലെ തരിച്ചു നിന്നു. ഇങ്ങനെയൊരു ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല.
”നോക്കൂ ശാന്തി, ഈ ചോദ്യത്തെ ഞാനാദ്യം തന്നെ അഭിനന്ദിക്കട്ടെ…”
രാമശേഷന്റെ ഈ തുറന്ന പാരാട്ട് കേട്ട് ക്ലാസ്സിലെ ചിലര്‍ കയ്യടിച്ചു.
”ആചാര്യന്മാര് ജ്യോതിഷ പ്രമാണങ്ങള്‍ രൂപപ്പെടുത്തിയ കാലത്ത് ക്വട്ടേഷന്‍ ഇല്ല… ഇത് പുതിയ കാലത്തിന്റെ സൃഷ്ടിയാണ്… അപ്പോള്‍ യുക്തി ഉപയോഗിച്ച് നാം പ്രമാണമുണ്ടാക്കണം… ദിനകരന് സാര്‍ പറയുമായിരുന്ന പല പ്രമാണങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്… അത് യുക്തിഭദ്രമായിരിക്കണമെന്നു മാത്രം…”
കുട്ടികള്‍ അത് ഉള്‍ക്കൊണ്ടു.
”ക്വട്ടേഷന്‍ ശത്രു പ്രയോഗിക്കുന്നതാണ്… അതിനാല്‍ പ്രധാനമായും ആറാം ഭാവം ചിന്തിക്കണം… ബാധകാധിപന് ആ ഭാവവുമായുള്ള ബന്ധം ചിന്തിക്കണം… എന്തിനുവേണ്ടി ക്വട്ടേഷന്‍? പണം, ഭൂമി, സ്ത്രീ… ഇതെല്ലാം ആറാം ഭാവവുമായുള്ള ഗ്രഹങ്ങളുടെ കാരകത്വവുമായി ബന്ധപ്പെടുത്തി ചിന്തിക്കണം…”
ഒന്നു നിര്‍ത്തി രാമശേഷന് തുടര്‍ന്നു.
”യുക്തിയും അതിന്റെ വ്യാഖ്യാനവുമാണ് ജ്യോതിശ്ശാസ്ത്രം…മനസ്സിലായോ?”
കുട്ടികള്‍ അതേറ്റു പറഞ്ഞു.
”യുക്തിയും അതിന്റെ വ്യാഖ്യാനവും…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: