ശ്രീരാമ ജന്മഭൂമിയാണ് അയോധ്യ. കോടതികളുടെ തീര്‍പ്പിലൂടെയല്ല, യുഗയുഗാന്തരങ്ങളായി ഇന്നാട്ടിലെ ജനതയുടെ വിശ്വാസമാണത്. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പിറന്ന മണ്ണ് ഹിന്ദുക്കള്‍ക്ക് പവിത്രഭൂമിയാണ്. അയോധ്യാതീരത്ത് കൂടി ഒഴുകുന്ന സരയൂനദി അവര്‍ക്ക് പുണ്യനദിയാണ്. വൈദേശികാക്രമണങ്ങളില്‍ തകര്‍ത്തെറിയപ്പെട്ട അയോധ്യാനഗരിയുടെ പുനര്‍നിര്‍മ്മാണം കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. സരയൂ നദീതീരത്ത് ദീപാവലി ദിനത്തില്‍ കത്തിയ അഞ്ചര ലക്ഷം ദീപങ്ങള്‍ മണ്‍മറഞ്ഞ അയോധ്യയുടെ പ്രതാപകാലത്തിന്റെ തിരിച്ചുവരവിന് തുടക്കമിട്ടിരിക്കുകയാണ്. കോടതി വിധികളെപ്പറ്റി ഉത്കണ്ഠപ്പെടാതെ ഹിന്ദു സമൂഹം അവരുടെ വിശ്വാസങ്ങളെ വീണ്ടെടുക്കുന്ന കാഴ്ചയാണ് ദീപാവലിദിനം അയോധ്യ സമ്മാനിച്ചത്.
രാവണ നിഗ്രഹത്തിന് ശേഷം സീതാലക്ഷ്മണ സമേതനായി ശ്രീരാമചന്ദ്രന്‍ അയോധ്യയില്‍ തിരികെ എത്തിയ ദിനമാണ് ദീപാവലിയായി ഹിന്ദുസമൂഹം ആഘോഷിക്കുന്നത്. പതിനാലു വര്‍ഷത്തെ വനവാസത്തിന് ശേഷം രാവണവധവും പൂര്‍ത്തിയാക്കി അയോധ്യയിലെത്തുന്ന രാമനെ അയോധ്യാനഗരി മുഴുവനും നിറഞ്ഞ മനസ്സോടെ, ഹര്‍ഷാരവങ്ങളോടെ, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചാനയിച്ചത്. അതിന് സമാനമായിരുന്നു അയോധ്യാനിവാസികള്‍ക്ക് ഇത്തവണത്തെ ദീപാവലി ദിനം. ആബാലവൃദ്ധം ജനങ്ങളും ദീപാവലി ആഘോഷങ്ങള്‍ക്കായി തെരുവിലേക്കിറങ്ങിയപ്പോള്‍ അയോധ്യയിലെത്തിയ തീര്‍ത്ഥാടകര്‍ക്കും ആഘോഷങ്ങളില്‍ പ്രത്യേക അതിഥികളായെത്തിയ വിദേശികള്‍ക്കും പുതിയ അനുഭവമായി. ഉത്തര്‍പ്രദേശ് സര്‍ക്കാരും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടുനിന്ന അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ പൗരാണിക നഗരത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതായിരുന്നു.
സരയൂ തീരത്തെ പടവുകളിലും നദിയില്‍ സ്ഥാപിച്ച പ്രത്യേക തറകളിലും അയോധ്യാനഗരിയിലെ പൗരാണികത നിറഞ്ഞ കെട്ടിടങ്ങളിലുമായി അഞ്ചര ലക്ഷം ദീപങ്ങളാണ് ദീപാവലി ദിവസം ജ്വലിച്ചുയര്‍ന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയില്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇത്ര വലിയ ആഘോഷമായി അയോധ്യയിലെ ദീപാവലി മാറിയത്. ഇത്തവണയും ദീപോത്സവമെന്ന പേരില്‍ സര്‍ക്കാരും ജനങ്ങളും ചേര്‍ന്ന് ദീപാവലി അവിസ്മരണീയമാക്കി.
ശോഭായാത്രകളും രാംലീല ആഘോഷങ്ങളും രാമകഥാ പാര്‍ക്കും ഘട്ടുകളിലെ മഹാആരതിയുമെല്ലാം ദിവസങ്ങള്‍ നീണ്ട മായക്കാഴ്ചകളാണ് അയോധ്യക്ക് സമ്മാനിച്ചത്. രാം കീ പൈദീ ഘട്ടിലെ രാം ദര്‍ബാര്‍ രാമായണ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായി തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെട്ടു. ഫിജിയുടെ ഉപരാഷ്‌ട്രപതി വീണാ ഭട്‌നാഗറാണ് ഇത്തവണത്തെ വിശിഷ്ടാതിഥിയായി അയോധ്യയിലെത്തിയത്. യുപി ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഘോഷ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
‘അയോധ്യയിലല്ലെങ്കില്‍ മറ്റെവിടെ ദീപാവലി ആഘോഷിക്കും’
അയോധ്യയിലല്ലാതെ മറ്റെവിടെ ദീപാവലി ആഘോഷിക്കും? ചോദിക്കുന്നത് മറ്റാരുമല്ല, ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ജഫര്‍യാബ് ഗിലാനിയാണ്. അയോധ്യയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് ആരും ഒരിക്കലും എതിരാവില്ല, ഗിലാനി പറയുന്നു.
്അയോധ്യ ഐതിഹാസികവും മതവിശ്വാസപരവുമായ ഒരു സ്ഥലമാണെന്നും ഇവിടുത്തെ ദീപാവലി ആഘോഷങ്ങള്‍ ഏറെ പഴക്കം ചെന്നതാണെന്നും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും ഈദ്ഗാഹ് ഇമാമുമായ മൗലാന ഖാലിദ് റഷീദ് ഫരംഗീമഹലി പ്രതികരിക്കുന്നു. ബാബറി മസ്ജിദ് പക്ഷത്തിന് വേണ്ടി കാലങ്ങളായി വാദിച്ചുകൊണ്ടിരുന്ന ഹാജി മഹബൂബ് പറയുന്നതും ഇതുതന്നെ. ദീപാവലി അയോധ്യയില്‍ ആഘോഷിച്ചില്ലെങ്കില്‍ മറ്റെവിടെ ആഘോഷിക്കും. ലങ്കയില്‍ രാവണവധത്തിന് ശേഷം ഭഗവാന്‍ ശ്രീരാമന്റെ അയോധ്യാഗമനത്തിന്റെ ആഘോഷമാണത്, ഹാജി മഹബൂബ് പറഞ്ഞു.
ഇന്‍ഷാ അള്ളാ, അടുത്ത ദീപാവലി രാമക്ഷേത്രത്തില്‍ ആഘോഷിക്കും, പറയുന്നത് മറ്റാരുമല്ല, ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയാണ്. ഇത്തവണ നടന്ന ദീപാവലി ആഘോഷം അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിന്റെ സന്ദേശം ലോകത്തിന് നല്‍കുന്നതിനായാണ് നടന്നതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: