മധ്യ ഓസ്ട്രേലിയയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഉളുരു മല. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്ഥലം. അനംഗു എന്ന് വിളിക്കുന്ന ഓസ്ട്രേലിയയിലെ ആദിമ നിവാസികള്‍ പരിപാവനമായി കരുതുന്ന മല. ടൂറിസ്റ്റുകള്‍ ഈ മല കയറുന്നത് അനംഗു വിഭാഗക്കാര്‍ കാലാകാലമായി എതിര്‍ത്തിരുന്നെങ്കിലും മലകയറ്റം തുടര്‍ന്നു. ഒടുവില്‍ അവരുടെ പ്രതിഷേധം ഫലം കണ്ടു. ഒക്ടോബര്‍ 26 മുതല്‍ ടൂറിസ്റ്റുകള്‍ക്ക് ഉളുരു മല കയറുന്നതിന് നിരോധനം കൊണ്ടുവന്നു.
ഈ മലയെ സംബന്ധിക്കുന്ന നിരവധി ഐതിഹ്യങ്ങളും പുരാണങ്ങളും മറ്റു കഥകളും അനംഗു വിഭാഗത്തിന്റെ വാ മൊഴി ചരിത്രത്തിലുണ്ട്. മലയുടെ മുകളിലെ വിവിധ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കഥകളുമുണ്ട്. ഭാരതീയര്‍ക്ക് കൈലാസം പോലെയാണ് അനംഗു വിഭാഗത്തിന് ഉളുരു. മലയ്ക്ക് ചുറ്റും പ്രദക്ഷിണം വെയ്ക്കുകയല്ലാതെ അതിനു മുകളില്‍ കയറുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമായിരുന്നില്ല.
ബ്രിട്ടീഷുകാരുടെ 200 വര്‍ഷത്തെ കോളനിവത്കരണവും, കയ്യേറ്റവും കൊള്ളയും, വംശഹത്യയുമൊക്കെ കഴിഞ്ഞു ഓസ്േ്രടലിയയില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന ആദിവാസി സമൂഹമേ ബാക്കിയുള്ളൂ. അതിലൊന്നാണ് അനംഗു. (Anangu Pitjantjatjara).
1872 ല്‍ ബ്രിട്ടീഷ് സര്‍വേയര്‍മാരായ രണ്ടുപേരാണ് ഈ മലയെപ്പറ്റി പുറംലോകത്തെ അറിയിക്കുന്നത്. ഇവര്‍ ‘കണ്ടുപിടിക്കുന്ന’തിനു മുമ്പുതന്നെ പതിനായിരം വര്‍ഷത്തോളം അതിനടുത്ത് മനുഷ്യവാസം ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. ഓസേ്രടലിയയിലെ അന്നത്തെ ചീഫ് സെക്രട്ടറി ആയിരുന്ന ഹെന്റി അയെര്സിന്റെ പേരാണ് മലയ്ക്ക് നല്‍കിയത് (അ്യലൃ െഞീരസ). ഏകദേശം 9.4 കിലോമീറ്റര്‍ ചുറ്റളവുള്ള, സമുദ്ര നിരപ്പില്‍ നിന്ന് 2831 അടി ഉയരമുള്ള വലിയൊരു പാറയാണ് ഉളുരു. ചുറ്റും മറ്റു മലകളൊന്നുമില്ല സമതലപ്രദേശങ്ങള്‍ മാത്രമേ ഉള്ളൂ. അതുകൊണ്ട് സാങ്കേതികമായി ഇതൊരു ദ്വീപ് മലയാണ്. 500 ദശലക്ഷം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കുന്നു.
ഉളുരു മലകയറ്റ നിരോധനത്തിന്റെ ചരിത്രം രസകരമാണ്. 1930കള്‍ മുതല്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു ഉളുരു. യൂറോപ്പ്യന്‍ കുടിയേറ്റക്കാരുടെ വര്‍ധനവ് മൂലം നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ട്, എഴുപതുകളില്‍ സമീപ പ്രദേശത്തുള്ള ഹോട്ടലുകളും മറ്റും സര്‍ക്കാര്‍ ഒഴിപ്പിച്ചു, അകലെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി. ഉളുരു ഉള്‍പ്പെട്ട പ്രദേശം ഒരു പ്രത്യേക നിയമപ്രകാരം ആദിമനിവാസികള്‍ക്ക് കൈമാറിയത് 1985ലാണ്. ഭൂമി മറ്റാര്‍ക്കും വില്‍ക്കാനാകില്ല. അന്നത്തെ കരാര്‍ പ്രകാരം 99 വര്‍ഷത്തേക്ക് ഭൂമി ആദിവാസികള്‍ തിരിച്ചു സര്‍ക്കാരിന് പാട്ടത്തിനു നല്കി. പക്ഷെ, ദേശീയ ഉദ്യാനമായ ഈ പ്രദേശത്തിന്റെ ഭരണം ആദിവാസികളും സര്‍ക്കാരും ചേര്‍ന്നുള്ള ബോര്‍ഡാണ് നടത്തുന്നത്. മലകയറ്റ നിരോധനം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും നടപ്പാക്കില്ല. ഓസ്ട്രേലിയയിലെ ടൂറിസം വ്യവസായത്തിന്റെ പ്രധാനകേന്ദ്രം മാത്രമല്ല, സമീപത്തുള്ള പല നഗരങ്ങളുടെയും സമ്പദ്വ്യവസ്ഥ ഇവിടേയ്ക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
അനംഗു ആദിവാസികള്‍ ആരെയും തടയാന്‍ പോയില്ല. (നമ്മുടെ അഗസ്ത്യകൂടത്തില്‍ പാരമ്പര്യ വിലക്ക് ലംഘിച്ച് കഴിഞ്ഞ വര്‍ഷം ജുഡീഷ്യറിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നേതൃത്വത്തില്‍ സ്ത്രീകളെ കയറ്റിയപ്പോള്‍ അവിടത്തെ ആദിമനിവാസികളായ കാണി സമുദായക്കാര്‍ തടയാന്‍ ശ്രമിക്കാതിരുന്നത് പോലെ). പക്ഷെ, ടൂറിസ്റ്റ് ലഘുലേഖകളിലും ബോര്‍ഡുകളിലുമൊക്കെ അവര്‍ ഇങ്ങനെ എഴുതിയിരുന്നു – ”ഈ മല കയറുന്നത് നിരോധിച്ചിട്ടില്ല, പക്ഷെ പ്രാദേശിക വിശ്വാസത്തോടും സംസ്്കാരത്തോടും ആദരവ് പ്രകടിപ്പിച്ചു, മലകയറ്റം ഒഴിവാക്കുമെന്ന് കരുതുന്നു”. പല ടൂറിസ്റ്റുകളും മലകയറ്റം ഒഴിവാക്കി. വിനോദ സഞ്ചാരികളില്‍ 20 ശതമാനത്തില്‍ താഴെ മാത്രം മല കയറുന്ന കാലത്ത് നിരോധനം നടപ്പിലാക്കും എന്നൊരു തീരുമാനം ബോര്‍ഡ് പിന്നീട് സ്വീകരിച്ചു. 2016 ല്‍ ആ ലക്ഷ്യം സാധിച്ചു. ഇപ്പോള്‍ അവിടം സന്ദര്‍ശിക്കുന്നവരില്‍ പത്തു ശതമാനം മാത്രമാണ് മല കയറുന്നത്. മറ്റുള്ളവര്‍ പ്രദേശവാസികളുടെ വിശ്വാസത്തോട് ഒപ്പം നില്‍ക്കുകയാണ്. മല കാണുക മാത്രമേ ചെയ്യുന്നുള്ളൂ. കയറുന്നില്ല.
ഒരു ശതമാനം യുവതികള്‍ക്ക് പോലും താല്‍പ്പര്യമില്ലാത്ത ശബരിമല കയറ്റത്തിനുവേണ്ടി നമ്മുടെ ഭരണകൂട സ്ഥാപനങ്ങള്‍ അമിതതാല്പര്യം കാണിച്ചത് ഇവിടെ ഓര്‍ക്കാവുന്നതാണ്.
ഇതൊക്കെയാണെങ്കിലും മല ഒറ്റയടിക്ക് അടച്ചിട്ടില്ല. 2017ല്‍ രണ്ടു വര്‍ഷത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് അടച്ചിടല്‍. 2019 ഒക്ടോബര്‍ 26 മുതല്‍ സമ്പൂര്‍ണ നിയന്ത്രണം. നിയന്ത്രണം അവസാനിക്കുന്നതിനു മുമ്പ് മല കയറാന്‍ എത്തുന്നവരുടെ വന്‍ തിരക്കായിരുന്നു. എങ്കിലും മലകയറ്റം അത്ര എളുപ്പമല്ല. പ്രതികൂല കാലാവസ്ഥ കാരണം പലപ്പോഴും കയറാന്‍ കഴിയാറില്ല. മുകളില്‍ കടുത്ത ചൂടും ശക്തമായ കാറ്റും പ്രാണികളൂടെ ശല്യവുമൊക്കെയായി ധാരാളം തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് കയറി എത്താമെങ്കിലും, നല്ല ശാരീരികക്ഷമത യുള്ളവര്‍ക്കേ മുകളില്‍ എത്താന്‍ കഴിയൂ. 37 മരണങ്ങള് ഇത്രയും കാലത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സമ്പൂര്‍ണ നിയന്ത്രണം വന്നു കഴിഞ്ഞാല്‍ മല കയറാന്‍ സഹായിക്കുന്ന വേലികളും തൂണുകളുമൊക്കെ നീക്കം ചെയ്യും. പെയിന്റ് ഉള്‍പ്പെടെ മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളൊക്കെയും അവിടെ നിന്ന് മാറ്റും. നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പോലീസ് സന്നാഹവുമുണ്ടാകും. ഉളുരു വീണ്ടും പഴയ മുത്തശ്ശിക്കഥകളുടെ ഭാഗമാകും.
അഗസ്ത്യകൂടം പോലെ, സര്‍ക്കാര്‍ നേരിട്ട് ആദിവാസി വിശ്വാസത്തിനു മുകളില്‍ റോഡ് റോളര്‍ കയറ്റുന്ന നമ്മുടെ നാട്ടില്‍ ഇതൊരു പുതിയ അറിവായിരിക്കും. ഉളുരു മലയ്ക്ക് സമീപം താമസിക്കുന്ന ആദിവാസികള്‍ കേവലം മുന്നൂറു പേര് മാത്രമാണ്. ഇത്രയും പേരുടെ വിശ്വാസ സംരക്ഷണത്തിനായി കോടികള്‍ നഷ്ടം സഹിച്ചും ടൂറിസം വ്യവസായവും, സര്‍ക്കാരും കൈകോര്‍ക്കുന്നത് നമുക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അതിലുപരി രണ്ടു ദശാബ്ദക്കാലമായി അവിടെ എത്തുന്ന സാധാരണ ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും മല കയറാതെ വിശ്വാസസംരക്ഷണത്തിനായി നിലകൊണ്ടു എന്നതും.
അടുത്തതായി ഏതു ആരാധനാ സ്ഥലമാണ് സെക്കുലര്‍ പൊതുസ്ഥലമായി പ്രഖ്യാപിക്കാന്‍ പോകുന്നത്. അല്ലെങ്കില്‍ ഏതു ആചാരമാണ് ഭരണകൂടം നിര്‍ത്തലാക്കാന്‍ പോകുന്നത് എന്ന് ഓര്‍ത്തു വിഷമിക്കുന്ന ഇവിടത്തെ വിശ്വാസികള്‍ക്ക്, സെക്കുലര്‍ സര്‍ക്കാരും സെക്കുലര്‍ ജുഡീഷ്യറിയും നിലനില്‍ക്കുന്ന ഓസ്ട്രേലിയയിലെ വിശ്വാസ സംരക്ഷണ നടപടികള്‍ അല്‍പ്പം ആവേശം പകരുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: