അന്ധവിശ്വാസി എന്ന് വിളിക്കപ്പെടാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ അടിസ്ഥാനപരമായി വിശ്വാസങ്ങളുടെ കരുത്ത് അന്ധമായതും ചോദ്യം ചെയ്യപ്പെടാത്തതുമായ വിശ്വാസമാണ്. ശാസ്ത്രീയതയുടെ പിന്‍ബലത്തോടെ വിശ്വാസത്തെ ഉറപ്പിച്ചുനിര്‍ത്തുന്നവര്‍ ലോകത്ത് ഒരുപാടുണ്ട്. എന്നാല്‍ ഉപാധികളില്ലാതെ വിശ്വാസത്തിന്റെ പക്ഷത്ത് ചേരുന്നവരാണ് അധികം. യുക്തിയും വിശ്വാസവും തമ്മിലുള്ള സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്നവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും. മനുഷ്യന്റെ യുക്തിക്കും ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കും അപ്പുറത്തുള്ള നിരവധി കാര്യങ്ങളെ കുറിച്ചുള്ള ആകുലതകള്‍ ആദിമകാലം മുതല്‍ തന്നെ മനുഷ്യന് നേരിട്ടിട്ടുണ്ട്. ഈ മനസംഘര്‍ഷത്തെ ഫലപ്രദമായി അവതരിപ്പിക്കുന്ന ഒരു സര്‍ഗാത്മക സൃഷ്ടി എന്നിടത്താണ് സുധീര്‍ പറൂരിന്റെ പുതിയ നോവലായ ‘ഹിപ്നോസ് ഉറങ്ങാത്ത രാത്രികളു’ടെ പ്രസക്തി.
ആധുനിക മനഃശാസ്ത്രത്തെയും ആത്മീയാനുഭൂതികളിലൂടെ വെളിവാക്കപ്പെടുന്ന അതീന്ദ്രിയ അറിവുകളുടെയും കൂടിച്ചേരലാണ് ഈ നോവല്‍ വായിക്കുമ്പോള്‍ അനുഭവവേദ്യമാകുന്നത്. ഹിപ്നോതെറാപിസ്റ്റായ നോവലിസ്റ്റിന് ഈ വിഷയം തന്റെ ചികിത്സാനുഭവങ്ങളുടെ വെളിച്ചത്തില്‍ ആധികാരകതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതു മാത്രമല്ല, ഒരു നോവലിനുണ്ടായിരിക്കേണ്ട ഉദ്വേഗതയും നാടകീയതയുമെല്ലാം ഉള്‍ച്ചേര്‍ക്കാനും കഴിഞ്ഞു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത.
ഹിപ്നോതെറാപ്പിസ്റ്റിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില യാദൃച്ഛികതകളില്‍ നിന്ന് നാല് കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് നീളുന്ന അന്വേഷണമാണ് ഇതിലെ പ്രതിപാദ്യം. ഒരു കുറ്റാന്വേഷണ നോവലിന്റെ തലത്തിലേക്കും ഇടയ്ക്ക് മനഃശാസ്ത്രത്തിന്റെ വൈജ്ഞാനിക തലത്തിലേക്കും മാറിമാറി സഞ്ചരിക്കുകയാണ് നോവലിസ്റ്റ്. വായനയ്ക്കിടയില്‍ നോവലിന്റെ മുഖ്യവിഷയവുമായി ബന്ധപ്പെട്ട ദീര്‍ഘമായ ചര്‍ച്ചകളും വിഷയവിവരണങ്ങളും പല സന്ദര്‍ഭങ്ങളിലും കടന്നുവരുന്നു. നോവല്‍ സാഹിത്യത്തില്‍ ഇത് ഒരു അപൂര്‍വ്വസംഗതിയല്ല. പ്രത്യേകവിഷയത്തിലുള്ള ചര്‍ച്ചകളും ചിന്തകളും പേജുകളോളം നീളുന്ന നോവലുകള്‍ മലയാളത്തിലും ധാരാളമുണ്ട്. അത്തരം ചിന്തകളെ കല്ലുകടിയില്ലാതെ നോവലിന്റെ കഥാതന്തുവുമായി ഇഴുകിച്ചേര്‍ക്കുന്നിടത്താണ് രചയിതാവിന്റെ കഴിവ്. കഥാഗതിക്കൊപ്പം തന്നെ മനഃശാസ്ത്രത്തിന്റെ പ്രാഥമികപാഠങ്ങളും അതുമായി ബന്ധപ്പെട്ട പലവഴിക്കുള്ള സംശയനിവാരണങ്ങളും ഒരു പാഠപുസ്തകത്തിലെന്ന പോലെ വിവരിക്കുന്നുണ്ട്. കഥയുടെ ഒഴുക്കിനെ കാര്യമായൊന്നും ബാധിക്കാത്ത തരത്തിലാണ് ഈ അവതരണം.
ആധുനിക മനോവിജ്ഞാനീയവും അതീന്ദ്രിയാനുഭവങ്ങളും ഇവിടെ മാറിമാറി വായനക്കാരന്റെ മനസ്സിലെ വൈജ്ഞാനികതലങ്ങളെ തലോടുന്നു. സുരേന്ദ്രനാഥന്‍ സാര്‍ എന്ന മനഃശാസ്ത്രജ്ഞനായ കഥാപാത്രം നോവലിലെ സമസ്യകളെ മരിച്ചയാളുടെ ആത്മാവുമായി ബന്ധപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ട് അതീന്ദ്രിയമായ ഒരു ഇടപെടലിന്റെ സാധ്യതകളിലേക്കാണ് സഞ്ചരിക്കുന്നത്. അതേസമയം, സുധീര്‍ എന്ന ഹിപ്നോട്ടിസ്റ്റായ കഥാപാത്രം (നോവലിസ്റ്റിന്റെ ആത്മാംശം ഈ കഥാപാത്രത്തിലുണ്ടെന്ന് സുവ്യക്തം) യുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. തന്റെയരികില് ചികിത്സയ്ക്കായി എത്തിയ നാലുപേരും ഏതെങ്കിലും തരത്തില്‍ പരസ്പരം ബന്ധപ്പെട്ടവരാണെന്ന് മനസ്സിലാക്കുന്ന സുധീറിന് വരദ എന്ന രോഗിയിലൂടെയാണ് ബാക്കിയുള്ളവരിലേക്ക് ഇല്യൂഷന്‍സ് പകര്‍ന്നുകിട്ടിയതെന്ന് ബോധ്യപ്പെടുന്നു. വരദയ്ക്ക് തന്റെ അമ്മയുടെ സംഭാഷണങ്ങള്‍ കേട്ടതിലൂടെ ലഭിച്ചതാകാം ഈ ഇല്യൂഷന്‍സ് എന്ന തന്റെ നിഗമനം സുധീര്‍, സുരേന്ദ്രനാഥന്‍ സാറിനോട് പറയുമ്പോള്‍ അങ്ങനെ താന്‍ വിശ്വസിക്കുന്നില്ല എന്നാണ് പറയുന്നത്. ‘പിന്നെ സാര്‍ എന്തു വിചാരിക്കുന്നു’ എന്ന സുധീറിന്റെ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാ യുക്തിക്കും അപ്പുറത്തുള്ള അതീന്ദ്രിയമായ ഇടപെടലുകളുടെ രഹസ്യം ഈ ചിരിയിലാണ് വായനക്കാരന് തിരിച്ചറിയുന്നത്.
വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും അന്വേഷണവഴികളില്‍ പരമാവധി തുലനമര്യാദയോടെ കഥപറയാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരി നല്ലൊരു വായനാനുഭവമാണ് ഈ നോവല്‍. അവതാരികയില്‍ ബെന്യാമിന് പറഞ്ഞതു പോലെ ഈ രചനയുടെ ഏറ്റവും നല്ല സവിശേഷത അതിന്റെ പാരായണക്ഷമത തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: