കൊല്ലം: പിണറായി സര്‍ക്കാര്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സ്വീകരിച്ച നിലപാട് ദേവസ്വം ബോര്‍ഡിനെ വേട്ടയാടുന്നു. ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ സന്നിധാനത്തെയും ശരണവീഥികളിലെയും കടകള്‍ ലേലം കൊള്ളാന്‍ കരാറുകാര്‍ സന്നദ്ധരാകാത്തത് ദേവസ്വംബോര്‍ഡില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.
നവംബര്‍ 10ന് ശേഷം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് വരുന്ന മാറ്റം കരാറുകാരെ ബോധ്യപ്പെടുത്തി ലേലം കൊള്ളിക്കാമെന്ന കണക്കുകൂട്ടലും നടക്കുന്നുണ്ട്. പാര്‍ട്ടിതലത്തിലും ഉദ്യോഗസ്ഥതലത്തിലും സ്ഥിരം കരാറുകാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചന. കഴിഞ്ഞ വര്‍ഷം ആദ്യഘട്ടത്തില്‍ യുവതീ പ്രവേശത്തെ എതിര്‍ത്ത് രംഗത്തുവന്ന ശേഷം പിന്നീട് സര്‍ക്കാരിന്റെ നിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ശബരിമലയില്‍ പുലര്‍ത്തിയത്. ഭക്തരോടൊപ്പം എന്ന് പുറമേയ്ക്ക് പ്രഖ്യാപിച്ചശേഷം യുവതികളെ സന്നിധാനത്തേക്കെത്തിച്ചതും ആദ്യം മുതല്‍ക്കെയുള്ള പോലീസ് കിരാതവാഴ്ചയും കച്ചവടക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ആ സാഹചര്യം നിലനില്ക്കുന്നതുകൊണ്ടാണ് വന്ബാധ്യതയിലായ കരാറുകാര്‍ കച്ചവടസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ദേവസ്വംബോര്‍ഡ് പലതവണ അഭ്യര്‍ഥിച്ചിട്ടും തയാറാകാത്തത്.
പെന്‍ഷന്‍കാരുടെയും സര്‍വീസിലുള്ളവരുടെയും ആശങ്ക ദിനംപ്രതി വര്‍ധിക്കുകയാണ്. ശബരിമലയിലെ വരുമാനത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ. ബോര്‍ഡിന് കീഴില്‍ വലുതും ചെറുതുമായി 1248 ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി 14ന് തീരുന്നതുകൊണ്ട് പുതിയ ബോര്‍ഡിന് മുന്നില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നത് വന്‍വെല്ലുവിളിയാണ്.
ശബരിമല പാര്‍ക്കിങ് ഗ്രൗണ്ട് നന്നാക്കുകയോ വരുന്ന തീര്‍ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ബോര്‍ഡിലെ ജീവനക്കാരായ 7000 പേരും അവരുടെ കുടുംബങ്ങളും വരുമാനനഷ്ടത്തില്‍ ആശങ്കാകുലരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: