വ്യവസായ വിപ്ലവത്തിന്റെ കാലം. യൂറോപ്പില്‍ തൊഴിലാളികളോടുള്ള ചൂഷണവും അതിന്റെ പാരമ്യതയിലായിരുന്നു. തൊഴിലാളികള്‍ ഒരു സംഘമായി മാറിനിന്ന് തങ്ങളുടെ നിലപാടുകള്‍ ഒരുമിച്ച് പറയേണ്ടതിന്റെ അത്യാവശ്യം മനസ്സിലാക്കിവരുന്ന സമയം. 1864 സെപ്റ്റംബര്‍ 28, പ്രമുഖ യൂറോ
പ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി നേതാക്കളെല്ലാം ഒത്തുചേര്‍ന്ന് ലണ്ടനിലെ സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ ഒരു സമ്മേളനം നടത്തി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, അയര്‍ലണ്ട്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള തൊഴിലാളി ഗ്രൂപ്പുകള്‍ ഒരു സംഘടനയില്‍ ചേര്‍ന്നുനിന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഇന്റര്‍നാഷണല്‍ വര്‍ക്കിങ്ങ് മെന്‍സ് അസോസിയേഷന് എന്നായിരുന്നു അന്ന് ഒത്തുചേര്‍ന്ന സംഘത്തിന്റെ പേര്. 1864 സെപ്റ്റംബര്‍ 28ന് നടന്ന ആദ്യ സമ്മേളനത്തില്‍ പ്രതിനിധി ലിസ്റ്റിലെ അവസാനപേരുകാരനായി, സ്വന്തം നിലയില്‍ യൂണിയനുകളുടെയൊന്നും പ്രതിനിധിയല്ലാതെ ഒരു പത്രപ്രവത്തകനും സമ്മേളനത്തില്‍ ഉണ്ടായിരുന്നു. പ്രസംഗിക്കാനൊന്നും അദ്ദേഹത്തിന് അവസരം കിട്ടിയില്ല. പേര് കാള്‍ മാര്‍ക്സ്. അന്ന് കൂടിയവരില്‍നിന്ന് സംഘടനയുടെ നിയമാവലിയും മറ്റുരേഖകളും എഴുതിയുണ്ടാക്കാന്‍ ഒരു സബ്കമ്മിറ്റിയെ തെരഞ്ഞെടുത്തു. കാള്‍ മാര്‍ക്സ് ആ സബ് കമ്മിറ്റിയില്‍ അംഗമായി. നല്ല അറിവും എഴുതാന്‍ കഴിവുമുണ്ടായതുകൊണ്ട് സബ് കമ്മിറ്റിയിലെ ബാക്കിയുള്ളവര്‍ മുഴുവന്‍ ജോലിയും മാര്‍ക്സിനെ ഏല്‍പ്പിച്ചിരുന്നു. ആരുമറിയാത്ത കാള്‍ മാര്‍ക്സ് അങ്ങനെ യൂറോപ്യന്‍ തൊഴിലാളികള്‍ക്കുവേണ്ട നയപരിപാടികളുടെ മുഴുവന്‍ രേഖകളും തയാറാക്കിത്തുടങ്ങി.
അങ്ങിനെ മാര്‍ക്സ് താത്വികാചാര്യനായി
പെട്ടെന്നാണ് മാര്‍ക്സ് ആ സംഘടനയുടെ താത്വികാചാര്യനായത്. മൂന്ന് കൊല്ലം കഴിഞ്ഞ് മൂലധനം എന്ന പുസ്തകം കൂടി പ്രസിദ്ധീകരിച്ചതോടെ മാര്‍ക്സിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും എന്ന നിലയില്‍ സംഘടന
പിരിയാന്‍ തുടങ്ങി. യൂറോപ്പിലെ ആദ്യത്തെ തൊഴിലാളിപ്രസ്ഥാനങ്ങളെ അങ്ങനെ മാര്‍ക്സിസ്റ്റുകള്‍ തട്ടിയെടുത്തു. പിന്നീട്, ഇവരുടെ (അന്ധ) വിശ്വാസങ്ങളെ എതിര്‍ത്ത തൊഴിലാളി നേതാക്കളെയെല്ലാം ചവുട്ടിപ്പുറത്താക്കാനും തുടങ്ങി. ശാസ്ത്രീയമായ രീതികളില്‍ വികസിച്ചിട്ടില്ലാത്ത കുറച്ചാളുകള്‍ മനഃശാസ്ത്രത്തില്‍ ഫ്രോയ്ഡിന്റേതുപോലെ മാര്‍ക്സിയന്‍ വിശ്വാസങ്ങളെയും പെട്ടെന്നുതന്നെ ഏറ്റെടുത്തു. എഴുത്തുകാര
നും നല്ലൊരു പ്രാസംഗികനുമായിരുന്ന മാര്‍ക്സ് എതിരാളികളുടെ വാദങ്ങളെ അടിച്ചമര്‍ത്താന്‍ തെല്ലും ദയകാട്ടിയിരുന്നില്ല. തന്റെ വാദങ്ങളെയെല്ലാം എങ്ങനെയും ന്യായീകരിയ്ക്കാനുള്ള അതിയായ സാമര്‍ഥ്യം മാര്‍ക്സിനുണ്ടായിരുന്നു. കമ്യൂണിസ്റ്റുകള്‍ എന്ന പുതിയവര്‍ഗം അങ്ങനെയാണ് ലോകത്ത് ഉദിച്ചുയരുന്നത്.
1917 മാര്‍ച്ചില്‍ റഷ്യയില്‍ സര് ചക്രവര്‍ത്തിയെ അധികാരഭൃഷ്ടനാക്കിക്കൊണ്ട് പുതിയ ഭരണകൂടം സ്ഥാപിച്ചു. ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും ഒരുമിച്ചുചേര്‍ന്നാണ് സര് ചക്രവര്‍ത്തിയെ പുറത്താക്കിയത്. ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തി. ബോള്‍ഷെവിക്കുകള്‍ എന്ന കമ്യൂണിസ്റ്റുകാരായിരുന്നു ഇടക്കാല സര്‍ക്കാരിലെ ഭൂരിപക്ഷവും. വ്ളാഡിമിര്‍ ഇലിയിച്ച് ഉല്യാനോവ് എന്ന ലെനിന് ആയിരുന്നു കമ്യൂണിസ്റ്റുകളുടെ നേതാവ്. അധികാരത്തിലെത്തിയപ്പോള്‍ എല്ലാ പാര്‍ട്ടികളേയും ഉള്‍ക്കൊള്ളിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥ അംഗീകരിക്കുമെന്ന് ഉറപ്പുകൊടുത്തെങ്കിലും അധികാരം ലെനിന്റെ കൈയില്‍ ഭദ്രമായപ്പോള്‍ ഏകപാര്‍ട്ടി കമ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
ക്രൂരതയുടെ ലെനിന്‍ലൈന്‍
അപ്പോഴും പലയിടത്തുനിന്നായി എതിര്‍പ്പുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. പ്രത്യേകിച്ച് ജനാധിപത്യവാദികളുടെ ഭാഗത്തുനിന്ന്. എതിര്‍പ്പുകളെയെല്ലാം അടിച്ചമര്‍ത്തുന്നതിനായി 1917 ഡിസംബര്‍ 20ന് ചെക് എന്ന രഹസ്യപ്പോലീസ് സംഘടന രൂപപ്പെടുത്തിയതായി ലെനിന് പ്രഖ്യാപിച്ചു. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതകളുടെ ആരംഭമായിരുന്നു അത്. ചുവപ്പ് ഭീകരതയുടെ വിളയാട്ടം.
എതിര്‍ത്തവരെയെല്ലാം യാതൊരു കരുണയുമില്ലാതെ കൊന്നൊടുക്കാന്‍ ലെനിന് തന്റെ ‘സഖാക്കള്‍ക്ക്’ ടെലിഗ്രാമുകള്‍ അയച്ചു. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ തിരിയുമോ എന്ന് ഭയമുള്ളവരെയെല്ലാം, കുറ്റമൊന്നുമില്ലെങ്കിലും തടവിലാക്കാനും ഉന്മൂലനം ചെയ്യാനും ലെനിന് തീരുമാനമെടുത്തു. അതിനായി ലെനിന്റെ വലംകൈയും ചെകയുടെ തലവനുമായിരുന്ന ഫീലിക്സ് എഡ്മന്‍ടോവിച്ച് ഡിറന്‍സ്കിയും മുന്നിലുണ്ടായിരുന്നു. ബുദ്ധിജീവികള്‍, ചിന്തകര്‍, ഉയര്‍ന്ന ഉദ്യോഗത്തിലിരുന്നവര്‍ എന്നിവരെയെല്ലാം തടവിലാക്കി. നൂറുകണക്കിനാളുകളെ ഒരുമിച്ച് നിരത്തി നിര്‍ത്തി വെടിവച്ച് കൊന്നു. ചിലരെ കൂട്ടത്തോടെ നദികളില്‍ മുക്കിക്കൊന്നു.
സര് ചക്രവര്‍ത്തിയുടെ കുടുംബത്തിലെ ഓരോരുത്തരെയും തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. എതിര്‍ക്കുന്നവരെയെല്ലാം ജനശത്രുക്കളെന്ന് മുദ്രകുത്തി. മറ്റു പാര്‍ട്ടികളിലെ നേതാക്കളെയെല്ലാം ജനശത്രുക്കളായി ഭരണകൂടം പ്രഖ്യാപിച്ചു.
1918 ആഗസ്റ്റ് 15ന് ജനാധിപത്യ വാദികളായ മെന്‍ഷെവിക് പാര്‍ട്ടിയിലെ പ്രമുഖരായ നേതാക്കളെയെല്ലാം ലെനിന് അറസ്റ്റ് ചെയ്തു. വിചാരണപോലുമില്ലാതെ നടത്തിയ ഇത്തരം അതിക്രമങ്ങളേയും കൊലപാതകപരമ്പരകളേയും
ലെനിന് ന്യായീകരിച്ചത് ബൂര്‍ഷ്വാ ജനാധിപത്യത്തിന്റേയും ബൂര്‍ഷ്വാ നീതിന്യായവ്യവസ്ഥയുടേയും സഹായം തൊഴിലാളി വിപ്ലവത്തിന് ആവശ്യമില്ലെന്ന വാദത്തോടെയായിരുന്നു. ഇതായിരുന്നു തുടക്കവും.
പാലും തേനുമല്ല ഒഴുക്കിയത് ചോര
റഷ്യക്കുള്ളില്‍ കൊടും കൊലപാതക പരമ്പര നടന്നപ്പോഴും കമ്യൂണിസത്തെപ്പറ്റി പ്രചരിപ്പിച്ചിരുന്നത് പാലും തേനുമൊഴുക്കുന്ന സംവിധാനമെന്നായിരുന്നു. കൂട്ടക്കൊലകളുടേയും അക്രമങ്ങളുടേയും കഥകള്‍ക്കൊപ്പം, കടുത്ത ക്ഷാമത്തേത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ പരസ്പരം കൊന്നുതിന്ന് മരിച്ചുവീണതുമെല്ലാം ഫലപ്രദമായി ഒളിച്ചുവച്ചു.
എഴുപത് കൊല്ലത്തോളം, ഏകദേശം 1990കള്‍ വരെ ഇത് ആരുമറിഞ്ഞില്ല. ഒളിപ്പിച്ചുവച്ചിരുന്ന ആര്‍ക്കൈവുകളില്‍ നിന്നാണ്, സോവിയറ്റ് യൂണിയന് തകര്‍ന്ന ശേഷം ഈ കൊടും ക്രൂരതകള്‍ ലോകമറിയുന്നത്. മറ്റുള്ളവരുടെ കഴുത്തറത്ത് ഒലിപ്പിച്ച ചോരപുരണ്ട ചുവപ്പുകൊടി യഥാര്‍ത്ഥ വിപ്ലവ പതാകയാണെന്ന് ലോകമെമ്പാടുമുള്ള മൃദുലഹൃദയരായ കാല്‍പ്പനികജീവികള്‍ വിശ്വസിച്ചു. ഇന്ത്യയിലും സ്വാതന്ത്ര്യസമരത്തിലേര്‍പ്പെട്ടിരുന്ന പലരുടെയും മനസ്സില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ കടന്നുകയറിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ചാല്‍ പുതിയ ഭരണസംവിധാനം ഉണ്ടാക്കുന്നതെങ്ങനെ എന്ന് എല്ലാവരും ചിന്തിച്ചിരുന്നു. അമേരിക്കയുടേയും ബ്രിട്ടന്റേയും പോലെ മുതലാളിത്ത വഴിയോ അതോ സോവിയറ്റ് മാതൃകയിലെ ഭരണസംവിധാനമോ? ഇതായിരുന്നു സംശയം. സോവിയറ്റ് കപടപ്രചാരണങ്ങള്‍ വിശ്വസിച്ചു പോയാല്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കുന്നത് സ്വാഭാവികം മാത്രം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: