കര്ക്കിടസന്ധ്യകളില് ഭക്തിയുടെയും വിശ്വാസത്തിന്റെയും ചന്ദനഗന്ധം പരത്തി മനുഷ്യമനസ്സുകളില്‍ ഭഗവല്‍ സാന്നിദ്ധ്യം നിറയ്ക്കുന്ന രാമായണശീലുകളെപ്പോലെ വൃശ്ചികകുളിര്ക്കാറ്റില് കലിയുഗവരദായകനായ അയ്യപ്പസ്വാമിയുടെ ശരണമന്ത്രാരവങ്ങളാല് മുഖരിതമാകുന്നു നമ്മുടെ മനസ്സുകള്‍.
സനാതന ധര്‍മ്മാചാരങ്ങള്‍ക്ക് ചില അനുഷ്ഠാനങ്ങളും ചിട്ടകളും ഋഷീശ്വരന്മാരാല് നിഷ്കര്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. സനാതന ധര്‍മ്മത്തിന്റെ നിലനില്‍പ്പും ഇതിലാണ്. സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുക. ലോകം മുഴുവന്‍ സുഖവും സന്തോഷവും നിറയാന്‍ പ്രയത്നിക്കുക. (ലോകാസമസ്താ സുഖിനോഭവന്തൂഃ) മുതിര്‍ന്നവരെ ആദരിക്കുക. സര്വ്വചരാചരങ്ങളിലേയും ആത്മചൈതന്യം ഒന്നാണെന്നുള്ള ആത്മബോധം നേടുക. ത്യാഗം അനുഷ്ഠിക്കുക തുടങ്ങി അനവധി ജീവിത അനുഷ്ഠാനങ്ങളിലൂടെ മാനവ ഹൃദയത്തെ മനനം ചെയ്തു സ്ഫുടം വരുത്തുവാന്‍ സനാതന ധര്‍മ്മം നമ്മെ പഠിപ്പിക്കുന്നുണ്ട്.
വൃശ്ചികം ഒന്നു മുതല്‍ ഒരു മണ്ഡലകാലം നമ്മള് ശരണമന്ത്രത്താല്‍ ജീവാത്മാവിനെ പരമാത്മാവിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ചന്ദ്രവര്ഷത്തിന്റെയും സൂര്യവര്ഷത്തിന്റെയും ആകെ ദിവസങ്ങള്‍ തമ്മിലുള്ള വ്യത്യാസമായി വരുന്ന 41 ദിവസത്തെയാണ് ഒരു മണ്ഡലകാലമായി പരിഗണിക്കുന്നത് എന്ന് ആചാര്യമതം. സരസ്വതീയാമ മുഹൂര്‍ത്തത്തില്‍ സൂര്യഭഗവാന്റെ സഹസ്രദളസ്പര്ശം ഭൂമിദേവിയുടെ തിരുവുടല്‍ സ്പര്‍ശിക്കുന്നതിന് മുമ്പുള്ള കുളിയും ശരണമന്ത്രോചാരണവും ഭക്തിയുടെ ഉത്തുംഗ ശൃംഗത്തിലേക്ക് മനുഷ്യ മനസ്സിനെ കൈപിടിച്ചുയര്‍ത്തുന്നു.
ഗുരുസമക്ഷം മുദ്രാധരണവും ”സ്വാമിയേ ശരണമയപ്പ” എന്ന നവാക്ഷരീയമന്ത്ര ദീക്ഷയും, ധ്യാനവും ശരീരശുദ്ധിയും, വരുന്നതുമൂലം നമ്മുടെ മൂലാധാര ചക്രത്തില്‍ കുടികൊള്ളുന്ന ദേവചൈതന്യത്തെ ഉണര്‍ത്തി മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ പ്രകര്ഷേണപഞ്ചീകൃത ആധാരമായ യന്ത്രങ്ങളേയും ഭേദിച്ച് സഹസ്രാരപത്മത്തിലേക്ക് എത്തിക്കുന്ന വിശുദ്ധിയുടെ ആത്മീയ പാതകള്‍ മനുഷ്യമനസ്സുകളില്‍ തുറന്ന് കൊടുക്കാന്‍ മണ്ഡലകാല വ്രതത്തിലൂടെ സാധിക്കുന്നു. അഥവാ സര്‍വ്വചരാചരങ്ങളിലും ഈശ്വരദര്‍ശനം കണ്ടെത്തി യഥാര്‍ത്ഥ അയ്യപ്പ മഹത്വത്തിന്റെ അകംപൊരുള്‍ തിരിച്ചറിയാനുമുള്ള യാത്രയുടെ ആരംഭമാകണം മണ്ഡലകാല വ്രതം.
ശ്രീകൃഷ്ണഭഗവാന്റെ ഭാവപകര്‍ച്ചയായി ശ്രീകൃഷ്ണാഷ്ടമിക്ക് ആയിരക്കണക്കിന് ഉണ്ണികണ്ണന്മാര് കൃഷ്ണവേഷം കെട്ടി നാടും നഗരവും കീഴടക്കുമ്പോള്‍ അവരെ ഈശ്വരസങ്കല്‍പ്പത്തിന്റെ പ്രതീകമായി തൊഴുകൈയോടെ നാം സ്വീകരിക്കുന്നതു പോലെ അയ്യപ്പമുദ്ര ധരിക്കുന്ന ലക്ഷണക്കിന് ഭക്തജനങ്ങള്‍ മണ്ഡലകാല പുലരി മുതല്‍ 41 ദിവസക്കാലത്തേക്ക് അയ്യന്റെ പ്രതിരൂപമായി മാറ്റപ്പെടുന്നു. ഏത് രാജ്യത്തെയും അതിന്റെ പരമവൈഭത്തില് എത്തിക്കാന്‍ ധര്‍മ്മാധിഷ്ഠിതമായ വ്യക്തി നിര്‍മ്മാണത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന ഋഷിദര്‍ശനം ഇവിടെ ചിന്തനീയമാണ്.
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ബ്രഹ്മചര്യനിഷ്ഠയോടെ കഠിനവ്രതമെടുത്ത് മനസിനെയും ശരീരത്തേയും ഈശ്വരചിന്തയില്‍ അര്‍പ്പിച്ച് ഋഷിയജ്ഞം, പ്രഭവയജ്ഞം, പിതൃയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം തുടങ്ങിയ പഞ്ചമഹായജ്ഞങ്ങളിലൂടെ തിരുസന്നിധിയില്‍ അഭയംപ്രാപിക്കുന്ന ഒരാള്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും ശുദ്ധീകരിക്കപ്പെടുന്നു. ഗൃഹനാഥനോ കുടുംബാംഗങ്ങളില്‍ ആരെങ്കിലുമോ സ്വാമി മുദ്ര ധരിച്ചു കഴിഞ്ഞാല്‍ ആ കുടുംബത്തിന് തന്നെ ചില മാറ്റം സംഭവിക്കുന്നു. രാവിലെയും വൈകിട്ടും വീട് ശുദ്ധമാക്കുന്നു. നിത്യേന സമീപ ക്ഷേത്രദര്‍ശനത്തിന് ഉത്സാഹം ഉണ്ടാകുന്നു. മത്സ്യ മാംസാദികള്‍ ഒഴിവാക്കി ആഹാരരീതി ചിട്ടപ്പെടുത്തുന്നു.
സാംസാരകാര്യങ്ങളില് മിതത്വം പാലിക്കുന്നു. ലഹരി ഉപയോഗമുള്ളവര്‍ അത് മാറ്റി വെയ്ക്കുന്നു. അങ്ങനെ കുടുംബം മുഴുവന്‍ ഈശ്വരാംശത്തില്‍ ‘കൂടുമ്പോള്‍ ഇമ്പമുള്ള’ ഒരു യഥാര്‍ത്ഥ കുടുംബമായി മാറുന്നു. നമ്മുടെ സൂക്ഷമശരീരവും സ്ഥൂലശരീരവും ഭഗവല്‍ സാന്നിദ്ധ്യത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു. മനസ്സ് ശാന്തമാകുന്നു. ഗൃഹസ്ഥാശ്രമത്തില്‍ നിന്നു കൊണ്ട് ആത്മീയ അടിത്തറ ഉറപ്പിക്കാന്‍ മണ്ഡലകാലവ്രതം നമ്മെ പ്രാപ്തരാക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: