കൊച്ചി: വാളയാറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സാഹചര്യവും അതിനോടുള്ള ഭരണകൂട മൃദുസമീപനവും പ്രതിഷേധാര്‍ഹമാണെന്ന് എഴുത്തുകാര്‍ പ്രതികരിച്ചു. മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന് തുടങ്ങിയ ഇരുപതോളം എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമാണ് ഭരണകൂട അനാസ്ഥയ്ക്കും ഭീകരതയ്ക്കുമെതിരെ പ്രതികരിച്ചത്.
ജനജീവിതം ദുസ്സഹമാക്കുന്ന ഭരണ സംവിധാനമാണ് കേരളത്തില്‍. സ്ത്രീ ശാക്തീകരണമെന്ന പേരില്‍ കോടികള്‍ ചെലവഴിച്ച് വനിതാമതില്‍ പോലുള്ള കെട്ടുകാഴ്ചകള്‍ നടത്തിയ സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ പീഡനത്തിനു വിധേയമായി കൊലചെയ്യപ്പെടുമ്പോള്‍ അതിന് കുടപിടിക്കുന്നത്. മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഭരണകൂട സംവിധാനത്തില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല, പ്രമേയം പറയുന്നു. സാധാരണ ജനങ്ങളുടെയും കുട്ടികളുടെയും ജീവനുവേണ്ടി പൊതുജനം തെരുവിലിറങ്ങേണ്ട സാഹചര്യമാണുള്ളത്. ഈയവസരത്തില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും മൗനം ഭജിച്ചിരിക്കാന് സാധിക്കില്ല. വടക്കോട്ടുമാത്രം തുറന്നുവച്ച കണ്ണുകളും കാതുകളുമായിരിക്കുന്ന സാംസ്കാരിക ബുദ്ധിജീവിനാട്യക്കാരുമായി സമരസപ്പെട്ടുപോകാന്‍ സാധിക്കില്ല, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, പ്രമേയം വിശദീകരിക്കുന്നു.
ഒമ്പതും പതിനൊന്നും വയസ്സുള്ള പെണ്കുരുന്നുകള് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാകുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും സംസ്ഥാന ഭരണകൂടം നിരുത്തരവാദപരമായും വിവേചനഭാവത്തോടെയുമാണ് അതിനെ സമീപിച്ചത്. വിനായകന് എന്ന ദളിത് ചെറുപ്പക്കാരന് പോലീസ് ലോക്കപ്പിലും മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദനത്താലും ജിഷ എന്ന പെണ്‍കുട്ടി പെരുമ്പാവൂരിലും ക്രൂരമായി കൊലചെയ്യപ്പെട്ടതും കേരളത്തിലാണ്. വാളയാര്‍ സംഭവത്തില്‍ ലൈംഗികാക്രമണം നടന്നുവെന്ന് വ്യക്തമായിട്ടും ആത്മഹത്യയെന്ന് വിധിയെഴുതുകയും കേസ് അട്ടിമറിക്കുകയുമാണ് സര്‍ക്കാര്‍, പോലീസ് സംവിധാനങ്ങള്‍ ചെയ്തത്. എന്റെ കുട്ടിയെ കൊന്നതാണെന്ന് അമ്മ നിലവിളിച്ചിട്ടുപോലും അതിനു ചെവികൊടുക്കാന്‍ നിയമപാലകരോ നിയമസംവിധാനങ്ങളോ തയാറായില്ല. നിയമലംഘനത്തിലൂടെ രാഷ്ട്രീയത്തിന്റെ തണലില്‍ കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുള്‍പ്പെടെ ചെയ്തത്, പ്രമേയം വിശദീകരിക്കുന്നു.
മഹാകവി അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്, പി. നാരായണക്കുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്ട്, ഡോ. പുത്തേഴത്ത് രാമചന്ദ്രന്, കല്ലറ അജയന്, ടി.പി. സുധാകരന്, വിജി തമ്പി, അലി അക്ബര്‍, ഡോ.എന്‍.ആര്. മധു, മുരളി പാറപ്പുറം, കാവാലം ശശികുമാര്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ്, ടി.എസ്. നീലാംബരന്‍ തുടങ്ങിയ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധ പ്രമേയത്തില്‍ ഒപ്പുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: