പാലക്കാട്: വാളയാറില്‍ ലൈംഗികപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ദളിത് സഹോദരിമാരോട് കൊലയ്ക്ക് തുല്യമായ ക്രൂരത തന്നെയാണ് പിന്നീടും നടന്നതെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നു വരെ കാണാത്ത തരത്തില്‍ രാഷ്ട്രീയ, പോലീസ്, പ്രോസിക്യൂഷന് സംവിധാനങ്ങള്‍ ഒന്നിച്ച് ഒരു കേസ് അട്ടിമറിച്ചതിന്റെ രേഖകള്‍ ഞെട്ടിക്കുന്നതാണ്.
വാളയാര്‍ കേസ് അട്ടിമറിച്ച് പ്രതികളെ എങ്ങനെ രക്ഷപ്പെടുത്തിയെന്നു വ്യക്തമാക്കുന്ന വിവരങ്ങളുണ്ട് മൂന്നാം പ്രതി പ്രദീപ് കുമാറിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിപകര്‍പ്പില്‍. പ്രോസിക്യൂഷന് ദയനീയമായി പരാജയപ്പെട്ടതായി പോക്സോ കോടതി കണ്ടെത്തി. പല തെളിവുകളും ഹാജരാക്കുന്നതിലും മൊഴി രേഖപ്പെടുത്തുന്നതിലും പോലീസ് അലംഭാവം കാണിച്ചിട്ടുണ്ട്. പതിമൂന്നും ഒന്‍പതും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ ജീവന് നഷ്ടപ്പെട്ടതിനെ എത്ര ലാഘവത്തോടെയാണ് പ്രോസിക്യൂഷനും പോലീസും കണ്ടതെന്നും വിധിയില്‍ വ്യക്തമാണ്.
മൂന്നാംപ്രതി പ്രദീപിനെതിരെ മെഡിക്കല്‍, ഫൊറന്‍സിക് തെളിവുകള്‍ ഇല്ല. സാഹചര്യത്തെളിവുകളുടെ കണ്ണികള്‍ പൂര്‍ണമായും ഹാജരാക്കാന്‍ കഴിഞ്ഞിട്ടുമില്ല. കേസിലുടനീളം പ്രോസിക്യൂട്ടര്‍ സാഹചര്യത്തെളിവുകളെ മാത്രമാണ് ആശ്രയിച്ചിരുന്നത്. കേസില്‍ തുടര്‍ത്തെളിവുകള്‍ പ്രധാനമാണെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം പാലിച്ചില്ലെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോടതിക്ക് ബോധ്യമായത് ദുര്‍ബലമായ രണ്ട് സാഹചര്യത്തെളിവുകളാണ്.
കേസിലെ മൂന്നുസാക്ഷികള്‍ പറഞ്ഞത് പ്രദീപ്കുമാര്‍ ഒരു മൊബൈല്‍ ഫോണ്‍ കുട്ടിയുടെ കൈയില്‍ കൊടുത്തിട്ട് തന്റെ നഗ്നചിത്രം എടുക്കുവാന്‍ പറഞ്ഞതായി കുട്ടി പറഞ്ഞുവെന്ന് മൊഴി നല്കി. എന്നാല്‍, ഈ സംഭവം പോലീസിന്റെ സ്റ്റേറ്റ്മെന്റിലില്ല. ഇത് മൊഴികളിലെ വൈരുദ്ധ്യമായാണ് കോടതി കണക്കാക്കിയത്. ഹാജരാക്കിയ സാക്ഷികളെയെല്ലാം കെട്ടിച്ചമച്ചതാണെന്നും കള്ളസാക്ഷികളാണെന്നുമുള്ള നിഗമനത്തിലേക്ക് കോടതിയെ എത്തിക്കുന്ന തരത്തിലായിരുന്നു പ്രോസിക്യൂഷന്റെ നീക്കം.
പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും, അറസ്റ്റ്ചെയ്തശേഷമാണ് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത്. പോലീസ് മനപ്പൂര്‍വം വരുത്തിയ പിഴവാണിതെന്നും ആരോപണം ഉയരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്ന വാദം പ്രോസിക്യൂഷന് ഒരിക്കല്‍ പോലും ചോദ്യം ചെയ്തിട്ടില്ലെന്ന കാര്യം തന്നെ ഞെട്ടിക്കുന്നതാണ്. പീഡനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. എന്നാല്‍, പോലീസ് അസ്വാഭാവിക മരണത്തിന് മാത്രമാണ് എഫ്ഐആര്‍ ഇട്ടിട്ടുള്ളത്.
രേഖപ്പെടുത്താത്ത സത്യങ്ങള്‍
സംഭവസ്ഥലത്ത് നിന്നും പോലീസ് ശേഖരിച്ച 32 തെളിവുകളുടെ പരിശോധനയില്‍ എല്ലാം നെഗറ്റീവ് ആണ്. പെണ്‍കുട്ടിയുടെയും പ്രതികളുടെയും വസ്ത്രങ്ങളുടെ രാസപരിശോധനയില്‍ പ്രതിയുമായി ബന്ധപ്പെട്ട ദ്രവങ്ങളും മറ്റും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മൂന്നാം പ്രതിയെ വെറുതെ വിട്ട വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍, മൂത്ത പെണ്‍കുട്ടി മരിച്ച സമയത്ത് അന്നത്തെ സിഐ സംഭവസ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകളില്‍ സ്രവങ്ങളടങ്ങിയ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. എന്നാലിതൊന്നും രേഖകളിലോ കോടതിയിലോ എത്തിയില്ലെന്നതാണ് സത്യം.
രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ കുട്ടിയുടെ ശരീരത്ത് നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പാതി ഉണങ്ങിയ നിലയിലുമായിരുന്നുവെന്ന് പോലീസ് സര്ജന് പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതേപ്പറ്റി അന്വേഷണം നടത്തിയിട്ടില്ല. രണ്ടാമത്തെ കുട്ടിയുടെ കൊലപാതക സാധ്യതകള്‍ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പരിശോധിച്ചതായും കുറ്റപത്രത്തില്‍ ഇല്ല. രണ്ടാമത്തെ കുട്ടി മരിച്ചത് കേസിലെ പ്രതിയായ ഷിബുവിന്റെ ലുങ്കി ഉപയോഗിച്ചാണെന്ന് കുറ്റപത്രത്തില്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ പിന്നീട് ഒരന്വേഷണവും നടന്നില്ലെന്നതാണ് വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: