കൊല്ലം: ശബരിമലയില്‍ ദര്‍ശനത്തിന് വീണ്ടും മനീതി സംഘം. ചെന്നൈ ആസ്ഥാനമാക്കിയ സംഘം തമിഴ്നാട് പോലീസ് വഴി ഡിജിപിയെ സമീപിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 32 യുവതികളാണ് തമിഴ്നാട് പോലീസിനെ സമീപിച്ചത്. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേരള പോലീസായതിനാല്‍ തമിഴ്നാട് പോലീസ് പരാതി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. എന്നാല്‍, മനീതിയുടെ വരവിന് പിന്നില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിപിഎം ഇടത് ആഭിമുഖ്യമുള്ള ആക്ടിവിസ്റ്റുകളാണ്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനീതി സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തും യുവതികള്‍ ദര്‍ശനത്തിനെത്തിയിരുന്നു. മനീതിയെ കൂടാതെ മറ്റ് ചില ഫെമിനിസ്റ്റുകളും ഇത്തവണയും വാര്‍ത്താപ്രാധാന്യത്തിനായി ശബരിമലയില്‍ എത്തുമെന്നാണ് സൂചന.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ യുവതീപ്രവേശനം ഒഴിവാക്കാമെന്ന നിലപാടിലാണ് അവര്‍. ഈ സാഹചര്യത്തില്‍ സുരക്ഷാകാരണങ്ങള്‍ നിരത്തി യുവതികളുടെ സന്ദര്‍ശനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനിടെ യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. എന്നാല്‍, ഹര്‍ജിയില്‍ മുന്‍ വിധിക്ക് മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷ സംസ്ഥാന സര്‍ക്കാര്‍ കൈവിടുന്നില്ല. ഇതിനായി യുവതീപ്രവേശനനിയന്ത്രണത്തിന് അപ്പുറം വിലക്കുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ശബരിമലയില്‍ യുവതീപ്രവേശനനിയന്ത്രണം സംബന്ധിച്ചുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വിജ്ഞാപനം സുപ്രീംകോടതിക്ക് കൈമാറിയത് ഇതിന്റെ ഭാഗമാണ്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 1955ലും 1956ലും ഇറക്കിയ വിജ്ഞാപനമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍, സര്‍ക്കാരിന്റെ പക്കല്‍ വിജ്ഞാപനങ്ങളുടെ പൂര്‍ണരൂപമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഈ വിജ്ഞാപനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വാദിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
അതേസമയം, യുവതീപ്രവേശനം സംബന്ധിച്ച് സാഹചര്യം പഠിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സിന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: