കൊച്ചി: വാളയാറില്‍ ദളിത് സഹോദരിമാരുടെ ദുരൂഹമരണത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ നീക്കങ്ങളുടെ വ്യക്തമായ തെളിവായി അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എം.ജെ. സോജന് ജില്ലാ പോലീസ് മേധാവിക്കു നല്കിയ റിപ്പോര്‍ട്ടിലുടനീളം പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാക്കാനുള്ള വ്യഗ്രത പ്രകടമാണ്. മനോവിഷമത്താല്‍ വീട്ടിനുള്ളിലെ കഴുക്കോലില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ടു എന്ന കാര്യം അറിയിക്കുന്നു എന്നു തന്നെയാണ് റിപ്പോര്‍ട്ടു തുടങ്ങുന്നത്.
ലൈംഗിക പീഡനം നടന്നെന്നും അതിന്റെ മനോവിഷമത്തില്‍ രണ്ടു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തെന്നും റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചു പറയുന്നു. പ്രതികള്‍ക്കെതിരായി പീഡനക്കേസ് മാത്രം ചുമത്താനും കൊലക്കുറ്റം വരാതിരിക്കാനുമുള്ള ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥന് നടത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളിലെ നിര്‍ണായക കണ്ടെത്തലുകള്‍ അന്വേഷണ സംഘം മനപ്പൂര്‍വം അവഗണിച്ചു. രണ്ടാമത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ പാലക്കാട് ജില്ലാ പോലീസ് സര്ജന് ഡോ. പി.ബി. ഗുജ്റാള്‍ രേഖപ്പെടുത്തിയ നിര്‍ദേശം പരിഗണിച്ചില്ല. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളാണെങ്കിലും നരഹത്യക്കുള്ള സാധ്യതയുണ്ടെന്നും ഡോ. പി.ബി. ഗുജ്റാള്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിയുടെ കാലിന്റെ പെരുവിരലില്‍ കുത്തി നിന്ന് കൈവിരല്‍ ഉയര്‍ത്തിയാല്‍പ്പോലും ഉയരം 151 സെന്റീമീറ്റര്‍ മാത്രമേ വരൂ. കെട്ടിത്തൂക്കി കൊന്നതാവാനുള്ള സാധ്യതയുണ്ടെന്നും ഇത് കുറ്റകൃത്യം നടന്ന സ്ഥലത്ത് കൂടുതല്‍ അന്വേഷണം നടത്തി ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്നും തന്റെ റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് ഡോ. പി.ബി. ഗുജ്റാള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അന്വേഷണ സംഘം പരിഗണിച്ചിട്ടേയില്ല. മാത്രമല്ല പോലീസ് സര്‍ജന്റെ നിര്‍ദേശത്തെക്കുറിച്ചോ അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ചോ പോലീസ് മേധാവിക്കു നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി പറയുന്നില്ല.
എന്നാല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന്, കുട്ടികള്‍ക്കേറ്റ ലൈംഗിക പീഡനം അല്ലാതെ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൂടിയുണ്ടോ എന്ന് വിശദമായി അന്വേഷിക്കുന്നു എന്നാണ് പറയുന്നത്. കുട്ടികളുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന കാര്യം പരിഗണിക്കണം എന്ന അസാധാരണ ശുപാര്‍ശയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്. കുട്ടികള്‍ക്ക് ഏറ്റ ലൈംഗിക പീഡനം എത്രമാത്രം ക്രൂരമായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. അതൊന്നും കാര്യമാക്കാതെ ആത്മഹത്യ എന്ന മുന്‍വിധിയില്‍ ഉറപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: