വാളയാര്‍ പീഡനക്കേസില്‍ തെളിവുകളുടെ അഭാവത്താല്‍ പ്രതികള്‍ രക്ഷപ്പെട്ടതിന് പിന്നില്‍ സിപിഎമ്മിന്റെയും ഇടതുസര്‍ക്കാരിന്റെയും ഇടപെടലുണ്ടെന്ന് പകല്‍പോലെ വ്യക്തം. ഈ സാഹചര്യത്തില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പൊതുസമൂഹം ഉണരേണ്ടിയിരിക്കുന്നു. ഈ വിഷയത്തില്‍ ജനവികാരം പൂര്‍ണ്ണമായും സര്‍ക്കാരിന് എതിരാണ്. 2017 ജനുവരിയില്‍ 13 വയസ്സുള്ള മൂത്തപെണ്‍കുട്ടിയും മാര്‍ച്ചില്‍ ഒമ്പതുവയസ്സുള്ള രണ്ടാമത്തെ പെണ്‍കുട്ടിയും ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായത് ഞെട്ടലോടെയാണ് കേരളം ചര്‍ച്ച ചെയ്തത്. ആ കുരുന്നുകളെ ക്രൂരമായി മരണത്തിലേക്ക് നയിച്ച പ്രതികള്‍ ശിക്ഷകിട്ടാതെ പുറത്തുവന്നത് അതിനേക്കാള്‍ ഞെട്ടലോടെയാണ് നാം കണ്ടത്. അതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ നാട്ടില്‍ നീതിവേണമെന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയോട് പറയുന്നത്.
ഇത്രയൊക്കെ സംഭവിച്ചിട്ടും മൗനം അവലംബിച്ചിരിക്കുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ ഇരട്ടത്താപ്പ് കാണാതെപോകരുത്. മരിച്ചത് ദളിത് പെണ്‍കുട്ടികള്‍ ആയതുകൊണ്ടും സംഭവം കേരളത്തിലായതുകൊണ്ടുമാണോ അവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത്. അതോ കുറ്റക്കാര്‍ അരിവാള്‍ ചുറ്റിക പാര്ട്ടിക്കാര് ആയതുകൊണ്ടാണോ ഈ നിശബ്ദത. ഈ മൗനംകൊണ്ട് ആരെയാണ് ഇവര്‍ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചില പ്രത്യേക സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഇങ്ങ് കേരളത്തില്‍ ഇരുന്ന് അപലപിക്കുകയും ഇരയ്ക്ക് നീതിവേണമെന്ന് മാധ്യമങ്ങളിലൂടെ അലമുറയിടുകയും ചെയ്യുന്നവരുടെ ധാര്‍മികതയെക്കുറിച്ച് സംശയിക്കേണ്ടിയിരിക്കുന്നു.
കത്വയിലേയും ഉന്നാവോയിലേയും പെണ്‍കുട്ടികള്‍ക്കുവേണ്ടി പ്രതിഷേധിച്ചവരൊന്നും വാളയാര്‍ സഹോദരിമാര്‍ക്കുവേണ്ടി നാവുയര്‍ത്തിയില്ല. പ്രതിഷേധക്കുറിപ്പ് എഴുതുകയോ കവിത രചിക്കുകയോ ചെയ്തില്ല. സംസ്ഥാനസര്‍ക്കാര്‍ നല്കിയ പുരസ്കാരങ്ങള്‍ തിരികെനല്‍കി പ്രതിഷേധിച്ചതുമില്ല. കേരളത്തിലെ സാംസ്കാരിക നായകന്മാര് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും തങ്ങളുടെ നട്ടെല്ല് ആര്‍ക്കുമുന്നിലും പണയം വച്ചിട്ടില്ല എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിന് പിന്നിലുമുണ്ട് വ്യക്തമായ രാഷ്ട്രീയ അജണ്ട. പക്ഷേ കേരളത്തില്‍ എത്തുമ്പോള്‍ സ്ഥിതി മാറും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കെതിരെ സടകുടഞ്ഞ് എഴുന്നേറ്റ നട്ടെല്ല് കേരളത്തിന്റെ കാര്യം വരുമ്പോള്‍ വില്ലുപോലെ വളയും. മൂക്കിന് തൊട്ടുതാഴെ നടക്കുന്ന സംഭവങ്ങളില്‍പോലും ആളും തരവും നോക്കി പ്രതികരിക്കും.
വടക്കേ ഇന്ത്യയിലെ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധിച്ച അടൂര്‍ ഗോപാലകൃഷ്ണന് കേരളത്തിലെ വാളയാറില്‍ നടന്ന സംഭവം അറിഞ്ഞമട്ടില്ല. എം. മുകുന്ദനും സക്കറിയയും സാറാ ജോസഫും, സച്ചിദാനന്ദനും, കമലും, ആഷിക് അബുവും, ദീപാ നിശാന്തും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ സഹയാത്രികര്‍ വാളയാര്‍ പീഡനത്തിനെതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെടില്ല. വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നവര്‍, പ്ലക്കാര്‍ഡുമായി തെരുവിലിറങ്ങി ഹിന്ദുത്വ ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ കേരളത്തിലെ ഭരണകൂട നെറികേടിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. ഭരിക്കുന്നവന് വേണ്ടി കുഴലൂത്ത് നടത്തുക എന്നതിനപ്പുറം അവരുടെ നിലപാടുകള്‍ ധാര്‍മ്മികതയെ അടിസ്ഥാനപ്പെടുത്തിയുമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ കത്വയിലെയും, ഉന്നാവോയിലേയും പെണ്‍കുട്ടിക്കുവേണ്ടി സ്വീകരിച്ച നിലപാട് വാളയാര്‍ സഹോദരിമാരുടെ കാര്യത്തിലും സ്വീകരിക്കുമായിരുന്നു എന്ന് ഉറപ്പ്.
ഇരയുടെ ജാതിയോ മതമോ രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലമോ അവിടെ അപ്രസക്തമാണ്. മുറിവേറ്റവര്‍ക്കൊപ്പം നില്ക്കുക എന്നതിനപ്പുറം മറ്റൊരു ശരിയില്ല. കത്വയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ രാജ്യം ഈ ‘നല്ല ദിന’ങ്ങളെ ഓര്‍ത്ത് ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്. ആ മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലെ പെണ്‍കുട്ടികള്‍ ഇന്ന് ലജ്ജിച്ച് തലതാഴ്ത്തുകയാണ്. നീതികിട്ടാതെ അലയേണ്ടി വരുന്ന രണ്ട് ആത്മാക്കള്‍ക്കുവേണ്ടി ആ പെണ്‍കുട്ടികള്‍ തന്നെ നാളെ തെരുവില്‍ ഇറങ്ങിയേക്കാം. ഇത്തരം ക്രൂരതകളില്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പായിരിക്കും അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: