പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടതിനുപിന്നില്‍ പോലീസിന്റെ കൈയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘എല്ലാ കമന്റിനും മറുപടി പറയുന്ന പോലീസ് മാമന്റെ നാക്കിറങ്ങിയോ’ എന്നു തുടങ്ങി രൂക്ഷമായ പ്രതികരണങ്ങളാണ് കേരളാ പോലീസിന്റെ ഫേസ് ബുക്ക് പേജില്‍ വരുന്നത്. ഒമ്പതുവയസുകാരി സ്വന്തം സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച പോലീസ് മാമന്‍ എവിടെയെന്നായിരുന്നു ഒരാളുടെ ചോദ്യം.
പ്രതിചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബര്‍ 25നാണ് കോടതി വെറുതേ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് കേരളാ പോലീസിന്റെ പേജില്‍ ആയിരക്കണക്കിന് കമന്റുകളായി ജനരോഷം നിറയുന്നു. സാധാരണക്കാരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കിയിരുന്ന പേജ് അഡ്മിനിന്‍ ഈ സംഭവത്തില്‍ മൗനം പാലിക്കുകയാണ്. ദീപാവലി ആശംസിച്ചുകൊണ്ടുള്ള പോലീസ് ഔദ്യോഗിക പേജിലെ പോസ്റ്റിനുപോലും മറുപടിയായി വാളയാര്‍ അന്വേഷണത്തിലെ വീഴ്ചയെകുറിച്ചാണ് ജനങ്ങള്‍ ചോദിക്കുന്നത്.
















