കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് ഇടപെട്ടാണ് വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതെന്ന് യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സന്ദീപ് ജി വാര്യര്‍. കേരളം ഞെട്ടിയ വിഷയത്തില്‍ പാലക്കാട്ടെ മുന്‍ എംപിയായിരുന്ന എംബി രജേഷ് മിണ്ടാതിരിക്കുന്നത് ദുരൂഹമാണെന്നും അദേഹം പറഞ്ഞു. എംബി രാജേഷിന്റെ അളിയന്‍ പീഡനക്കേസിലെ പ്രതിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. അതിന്റെ ആധികാരകത തനിക്കറിയില്ല. കേസ് കേരള പോലിസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ല, സിബിഐയ്‌ക്ക് കേസിന്റെ പുനരന്വേഷണം വിടണമെന്നും സന്ദീപ് വാര്യര്‍ ഏറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും അദേഹം പറഞ്ഞു. ആദ്യത്തെ കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നു എന്ന് സാധൂകരിക്കുന്ന മൊഴി പോലിസ് രേഖകളില്‍ ഇല്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെ പാലക്കാട് ജില്ല പോലിസ് മേധാവിയ്‌ക്ക് 2017ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരമൊരു മൊഴി നല്‍കിയതായി പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ അദേഹം മാധ്യമങ്ങള്‍ക്ക് നല്‍കി. രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതായി രണ്ടാമത്തെ കുട്ടി മൊഴി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും സോജന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിവൈഎഫ്‌ഐ ഭാരവാഹി പട്ടികയിലുള്ളവര്‍ കേസിലെ പ്രതികളാണ്. സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് കേസ് അട്ടിമറിക്കാന്‍ ഇടപെട്ടത്. ഒന്‍പത് വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പോലിസിന്റെ നിഗമനം എങ്ങനെ വിശ്വസിക്കും. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് കേസ് അട്ടിമറിച്ചത്. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ്‌ക്ക് കൊലപാതകത്തില്‍ ബന്ധമുണ്ട്. കേരള പോലിസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്ന് സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും അദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
















