കൊച്ചി: വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ പീഡനത്തിന് ഇരയായി മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിനടപടിയിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ദരിദ്രരും ദളിതരുമായ പെൺകുട്ടികളെ ഓർത്ത് മുതലക്കണ്ണീർ ഒഴുക്കുന്നതിനൊപ്പം കുറ്റവിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും ജയശങ്കർ തന്റെ പോസ്റ്റിൽ പറയുന്നു.
നവോത്ഥാന മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ, പട്ടിക ജാതിക്കാർക് തുല്യനീതി ഉറപ്പുവരുത്തുന്ന സർക്കാരാണ് ഈ നാടു ഭരിക്കുന്നതെന്ന് ജയശങ്കർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടർന്ന് എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത് പെൺകുട്ടികൾ ‘ആത്മഹത്യ’ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ജനാധിപത്യ മഹിളാ അസോസിയേഷൻ അതി കഠിനമായി അപലപിക്കുന്നു.
ദരിദ്രരും ദളിതരുമായ പെൺകുട്ടികളെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പോലീസും പ്രോസിക്യൂട്ടറും വഹിച്ച ചരിത്രപരമായ പങ്കിനെ അഭിവാദ്യം ചെയ്യുന്നു.
വാളയാർ കേസിനെ ചൊല്ലി കേരള സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പാർട്ടി ശത്രുക്കളും ചില ബൂർഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങൾ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ, പട്ടിക ജാതിക്കാർക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സർക്കാരാണ് ഇപ്പോൾ ഈ നാടു ഭരിക്കുന്നത്.
















