കൊച്ചി: മേയര്‍ സ്ഥാനം ഒഴിഞ്ഞാല്‍ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍. എറണാകുളത്ത് ടി.ജെ. വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭയുടെ കാര്യക്ഷമത ഇല്ലായ്‌മകൊണ്ടാണെന്നു ഹൈബി ഈഡന്‍ എംപി തിരഞ്ഞെടുപ്പ് ഫലത്തെതുടര്‍ന്ന് പ്രതികരിച്ചതിനു മറുപടിയെന്നോണമാണ് മേയറുടെ ട്രോള്‍.
വോട്ടെടുപ്പു ദിനത്തില്‍ കൊച്ചി വെള്ളക്കെട്ടില്‍ വലഞ്ഞപ്പോള്‍ ‘വിധി ബലാത്സംഗത്തെപോലെ ആണെന്നും ചെറിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കണമെന്നും ഹൈബി ഈഡന്റെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവര്‍ പോസ്റ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തെ കൂടി കൂട്ടിയിണക്കിയാണ് ഹൈബിയേയും ഭാര്യയേയും ട്രോളി സൗമിനി രംഗത്തെത്തിയത്.
വിമര്‍ശിക്കുന്നവര്‍ കൊച്ചിയുടെ വികസന കാര്യത്തില്‍ ഉത്തരവാദിത്തം നിറവേറ്റിയോ എന്ന് ആലോചിക്കണം.നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍പ്പോരെന്നും കൊച്ചിയുടെ വളര്‍ച്ചയ്‌ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ടെന്നും സൗമിനി പറഞ്ഞു.വികസനമുണ്ടായത് പലതട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനം കൊണ്ടാണ്. ചിലര്‍ കോര്‍പറേഷന് എതിരെ തിരിയുന്നത് തെറ്റിദ്ധാരണമൂലമാണെന്നും മേയര്‍ പറഞ്ഞു. നേട്ടങ്ങളുണ്ടാകുബോള്‍ മാത്രം അതിന്റെ ഭാഗമാകാന്‍ നോക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാകുബോള്‍ കുറ്റപ്പെടുത്തലുമായി വരുന്നതും അംഗീകരിക്കാനാവില്ല. മേയറെ നീക്കണമെന്ന് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ആവശ്യം ഉയര്‍ന്നിട്ടില്ലെന്നും ഹൈബി ഈഡന്റെ വിമര്‍ശനത്തിനു മറുപടിയായി സൗമിനി ജെയിന്‍ പറഞ്ഞു.
















