മംഗളവാദ്യമായ മദ്ദളത്തില്‍ ശ്രദ്ധേയനാവുകയാണ് സദനം ഭരതരാജന്. കഥകളി മദ്ദളത്തിലും പഞ്ചവാദ്യ മദ്ദളത്തിലും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നതിനൊപ്പം കേളി അവതരണത്തിലും ശ്രദ്ധപതിപ്പിക്കുന്നു. കഥകളി, പഞ്ചവാദ്യം, കൃഷ്ണനാട്ടം, കേളി എന്നീ കലകളില്‍ മദ്ദളത്തിന് പ്രധാന സ്ഥാനമാണുളളത്.
1979 മെയ് 30-ന് കുന്നംകുളത്തിനടുത്ത് പോര്‍ക്കുളത്ത് കെ.ബി.രാമസ്വാമിയുടെയും ഭാഗ്യലക്ഷ്മിയുടെയും മകനായാണ് ഭരതരാജന്റെ ജനനം. പോര്‍ക്കുളം, ചൊവ്വന്നൂര്‍ സ്കൂളുകളിലായിരുന്നു ഏഴാം ക്ലാസുവരെയുള്ള പഠനം. ഏഴാം ക്ലാസുമുതല്‍ പെരിങ്ങോട് സ്കൂളിലും. പൂമുളളി ‘ആറാം തമ്പുരാന്’ എന്നറിയപ്പെട്ടിരുന്ന നീലകണ്ഠന് നമ്പൂതിരിപ്പാടിന്റെ താല്പര്യപ്രകാരമാണ് പെരിങ്ങോട് സ്കൂളില്‍ പഞ്ചവാദ്യ സംഘം ആരംഭിക്കുന്നത്. പെരിങ്ങോട് സ്കൂളില്‍ ചേര്‍ന്നപ്പോള്‍ പഞ്ചവാദ്യ സംഘത്തില്‍ എരവത്ത് അപ്പുമാരാരുടെ കീഴില്‍ ഭരതരാജന് മദ്ദളപഠനം ആരംഭിച്ചു. തുടര്‍ന്ന് ആമക്കാവ് ദേവീക്ഷേത്രത്തില്‍ 1991ല്‍ പഞ്ചവാദ്യം അരങ്ങേറ്റം നടത്തി.
പൂമുളളി ആറാം തമ്പുരാന്റെ പിറന്നാളിനോടനുബന്ധിച്ച് പഞ്ചവാദ്യം നടത്തിയപ്പോള്‍ അദ്ദേഹം ഭരതരാജന്റെ കൊട്ട് ശ്രദ്ധിക്കുകയും മദ്ദളപഠനം ഉപേക്ഷിക്കരുത് എന്ന് ഉപദേശിക്കുകയും ചെയ്തു. പഠന ശേഷം, മദ്ദള വിദ്വാനായിരുന്ന കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളിന്റെ നിര്‍ദ്ദേശാനുസരണം പത്തിരിപ്പാല സദനം ഗാന്ധിസേവാസദനത്തില്‍ നാല് വര്‍ഷത്തെ ഡിപ്ലോമയ്ക്ക് ചേര്‍ന്നു. സദനം രാജന്, സദനം ദേവദാസ്, സദനം ശ്രീധരന് എന്നിവരുടെ കീഴില്‍ കേളി, കഥകളി കൊട്ട് എന്നിവ അഭ്യസിച്ചു. ഡിപ്ലോമയ്ക്കും രണ്ട് വര്‍ഷത്തെ പിജി പഠനത്തിനും ശേഷം പഞ്ചവാദ്യം, കഥകളി വേദികളില്‍ സജീവമായി.
കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടുകൂടി മദ്ദളരംഗത്തെ പ്രതിഭാധനനായ ചെര്‍പ്പുളശ്ശേരി ശിവന്റെ കീഴില്‍ എട്ടുവര്‍ഷം ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കാന്‍ കഴിഞ്ഞത് ആ പ്രതിഭയ്ക്ക് മാറ്റുകൂട്ടി. ജന്മസിദ്ധമായ താളബോധവും സംഗീതവാസനയും ഭരതരാജന്റെ കൊട്ടിന്റെ മുഖമുദ്രയാണ്. കഥകളിയുടെ മേളപ്പദത്തില്‍ വലംതലയുടെ ശബ്ദ ഗാംഭീര്യംകൊണ്ടും ഇടംതലയിലെ എണ്ണങ്ങളുടെ നാദശുദ്ധിയിലും വികസിക്കുന്നതാണ് ഭരതരാജന്റെ വാദ്യവഴികള്‍. മേളപ്രധാനമായ രംഗങ്ങള്‍ക്ക് ശക്തി പകരുമ്പോള്‍ തന്നെ ചൊല്ലിയാട്ടത്തിന്റെ സംഗീതാത്മകതയ്ക്ക് അനുഗുണമായ വാദനരീതിയാണ് ഭരതരാജനില്‍ നിന്ന് കേള്‍ക്കാന്‍ കഴിയുക. സ്ത്രീവേഷങ്ങളുടെ പദാഭിനയങ്ങളിലും ആട്ടങ്ങളിലും മനോധര്‍മ്മസാധ്യതകള്‍ പ്രയോജനപ്പെടുത്തി മേളമൊരുക്കുന്നതിലും ഇദ്ദേഹം വിദഗ്ധനാണ്.
സംഗീതം നിറഞ്ഞ കൊട്ടാണ് ഭരതരാജന്റേത്. പഞ്ചവാദ്യവേദികളില്‍ സഹപ്രവര്‍ത്തകരെ ‘ഒരു ചരടില്‍ കോര്‍ത്ത പുഷ്പങ്ങളെപ്പോലെ’ ഒരുമിച്ച് കൊണ്ടുപോകാന്‍ ഭരതരാജന് കഴിയാറുണ്ട്. ഭരതരാജന്റെ പതിഞ്ഞ സമ്പ്രദായത്തിലുളള കേളി ആസ്വാദകരെ ആവേശം കൊള്ളിക്കും. പഞ്ചമദ്ദളകേളി, ഇരട്ടകേളി എന്നിവ അരങ്ങുകളില്‍ കൊട്ടി വിജയിപ്പിക്കാന്‍ ഭരതരാജന് കഴിയുന്നു. പഞ്ചവാദ്യത്തില്‍ തിമില പ്രമാണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും സമര്‍ത്ഥനാണ്. പതികാലത്തിലും ഇടകാലത്തിലുമുളള കൂട്ടിക്കൊട്ടലുകളില്‍ ഭരതരാജന് ഉണ്ടെങ്കില്‍ സംഗീതബോധം നിറയുന്ന വാദ്യ സന്ദര്‍ഭങ്ങള്‍ നമുക്ക് ദര്‍ശിക്കാം. മറ്റു കലാകാരന്മാരോടൊപ്പം ചേര്‍ന്ന് ഭരതരാജന്റെ മേളപ്പദം, കേളി എന്നിവ വാദ്യകേരളത്തിലെ ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്.
പല്ലാവൂര്‍ സഹോദരന്മാര്, ചോറ്റാനിക്കര നാരായണന് മാരാര്‍, അന്നമനട പരമേശ്വര മാരാര്‍, കോങ്ങാട് വിജയന് തുടങ്ങി മുതിര്‍ന്ന തിമില കലാകാരന്മാരോടൊപ്പം പഞ്ചവാദ്യത്തില്‍ പങ്കെടുക്കാന്‍ ഭരതരാജന് സാധിച്ചിട്ടുണ്ട്. തൃക്കൂര് രാജന്, ചെര്‍പ്പുളശ്ശേരി ശിവന് തുടങ്ങിയ മദ്ദള പ്രമാണിമാരുടെ കൂടെ കൊട്ടാനായതും ഭാഗ്യമായി കരുതുന്നു. കീഴ്പടം കുമാരന്നായര്, കലാമണ്ഡലം പത്മനാഭന് നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കോട്ടയ്ക്കല്‍ ശിവരാമന്, കലാമണ്ഡലം ഗോപി തുടങ്ങിയ സമുന്നത കഥകളി വേഷക്കാര്‍ക്കൊപ്പം മദ്ദളവാദനത്തിനും അവസരമുണ്ടായിട്ടുണ്ട്.
ഗുരുവായൂര്‍ ഏകാദശിക്കാലത്തെ വിളക്കിനാണ് ആദ്യമായി ഭരതരാജന് മദ്ദള പ്രമാണിയായി രംഗത്തു വരുന്നത്. തുടര്‍ന്ന് നിരവധി പഞ്ചവാദ്യവേദികളില്‍ പ്രമാണിയായി. കാലടി പഞ്ചവാദ്യം, തൃശ്ശൂര്‍ പൂരം പാറമേക്കാവ് വിഭാഗം, ഉത്രാളിക്കാവ് വേല, നെന്മാറ വേല, എറണാകുളം, കൊടുന്തരപ്പിളളി തുടങ്ങി കേരളത്തിലെ വിവിധ ക്ഷേത്രോത്സവങ്ങളില്‍ ഭരതരാജന് പങ്കെടുത്തിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമായി മദ്ദളവാദനത്തിന്റെ രസം പകര്‍ന്നിട്ടുണ്ട്.
പെരുമ്പാവൂര്‍ ആസ്വാദക സുവര്‍ണ്ണമുദ്ര, കാലടി ശിവലയപുരസ്കാരം, കരിക്കാട് ബാലനരസിംഹമുദ്ര, കലാസാഗര്‍ അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ക്കും അര്‍ഹനായി. 2007 മുതല്‍ പെരിങ്ങോട് സ്കൂളില്‍ അധ്യാപകനാണ്. ശ്രീകലയാണ് ഭാര്യ, മഹാലക്ഷ്മി, അലമേലു എന്നിവരാണ് മക്കള്‍. വാദ്യകലാലോകം ഭരതരാജനെ പെരിങ്ങോട് സ്കൂള്‍ ശതാബ്ദി മന്ദിരത്തില്‍ വെച്ച് കനകകങ്കണം അണിയിച്ച് ആദരിക്കുന്ന ചടങ്ങും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: