നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ താരതമ്യേന ചെലവുകൂടിയ ഒന്നാണ് ജലനിധി. ഭാരതത്തിലെ എല്ലാ ഭവനങ്ങളിലും വിശിഷ്യാ ഗ്രാമീണഭവനങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കാന്‍ ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതുണ്ട്. കിലോമീറ്ററുകളോളം പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് കോടാനുകോടി രുപ ചെലവഴിക്കേണ്ടിവരും. ആവശ്യത്തിന് ജലശേഖരം കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയുമാണ്. ഇതുമൂലം പദ്ധതി നടത്തിപ്പില്‍ എതിര്‍പ്പുകളെ ഏറെ അതിജീവിക്കേണ്ടതായി വന്നേക്കാം.
1982ല്‍ ദേശീയ ജലവിഭവ വികസന ഏജന്‍സി മുന്‍കാല റിപ്പോര്‍ട്ട് പഠിച്ചശേഷം ഭേദഗതിവരുത്തി സമര്‍പ്പിച്ച ഒരു പദ്ധതിയുണ്ട്, അതാണ് ദേശീയ നദീസംയോജന പദ്ധതി. ഇതിന് അഞ്ച് ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. ചില തത്പരകക്ഷികളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായില്ല. പക്ഷേ മാറിയ സാഹചര്യത്തില്‍ ഈ പദ്ധതിയെക്കുറിച്ചുള്ള പുനര്‍ചിന്തനം അനിവാര്യമാണ്. വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടാവുന്ന പ്രളയവും ദുരന്തങ്ങളെയുമെല്ലാം നാം കണക്കാക്കേണ്ടതുണ്ട്. അതിവര്‍ഷത്തെ ആവാഹിക്കുന്ന മലകളും ചതുപ്പുകളും കാവുകളും ഇല്ലാത്തതാണ് പ്രളയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. ശക്തമായി ലഭിക്കുന്ന മഴയും മഞ്ഞുരുകി ഉണ്ടാകുന്ന ജലവും ശേഖരിച്ച് പ്രകൃതിദുരന്തങ്ങളെ തടയാന്‍ നദീ സംയോജനത്തിന് കഴിയും.
ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി, കാവേരി, നേത്രാവതി, താപ്തി, വൈഗ ഉള്‍പ്പടെയുള്ള ഏകദേശം 30 നദികള്‍ കൂടാതെ കൈവഴികളും സംയോജിപ്പിക്കപ്പെടണം. സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്റര്‍ ഉയരം, 3800 കി.മീറ്റര്‍ നീളം, കനാല്‍ തീരങ്ങളില്‍ ജലവിതരണ സംഭരണികള്‍, രബി നദിയില്‍നിന്ന് തുടക്കം, ഇത്തരം പതിനാല് പദ്ധതികള്‍ അവിടെ ഉണ്ടാവും. സെന്‍ട്രല്‍ ഡെക്കാന്‍ ആന്റ് സതേണ്‍ പ്ളേറ്റോ കനാല്‍ എന്നാണ് ഇതിനെ പറയുക. ചമ്പല്‍നദി മുതല്‍ കന്യാകുമാരി വരെ 900 കിലോമീറ്റര്‍ നീളം, സമുദ്രനിരപ്പില്‍നിന്ന് 500 മീറ്റര്‍ ഉയരം, ഇവിടെ ഇത്തരം 16 പദ്ധതികള്‍. ഗംഗാ, ബ്രഹ്മപുത്ര, ഹിമാലയന്‍ ക്യാച്ച്മെമെന്റ് കനാലും പ്ളേറ്റോ കനാലും തമ്മില്‍ രണ്ടിടങ്ങളില്‍ കൂറ്റന്‍ പൈപ്പ് ലൈന്‍ വഴി ബന്ധിപ്പിക്കും. ഉയര്‍ന്ന ഹിമാലയന്‍ കനാലില്‍നിന്ന് പ്ളേറ്റോ കനാലിലേക്ക് വെള്ളം ഒഴുകിയെത്തും. ഇത് വരള്‍ച്ച നേരിടാനുള്ള ബൃഹത്പദ്ധതിയാണ്. കൊടുംവേനലില്‍ മഞ്ഞുരുകി എത്തുന്ന ജലം ഇതുവഴി ശേഖരിക്കാനാവും. കുടിവെള്ളത്തിന്, ജലസേചനത്തിന്, വ്യാവസായിക ആവശ്യത്തിന് എല്ലാം ഉപകരിക്കുമെന്നു മാത്രമല്ല ഒരു പരിധിവരെ വെള്ളപ്പൊക്കം നിയന്ത്രിക്കാനും കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
നദീസംയോജന പദ്ധതിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കുകയെന്നത് ഏറെ ശ്രമകരവും ചിലവേറിയതുമാണ്. കേരളം ഈ പദ്ധതിയെ എതിര്‍ക്കുന്നു. നമ്മുടെ 44 നദികളില്‍ 41 എണ്ണവും പടിഞ്ഞാട്ടാണ് ഒഴുകുന്നത്. കബനീനദി, ഭവാനി നദി, പാമ്പാര്നദി ഇവയാണ് കിഴക്കോട്ട് ഒഴുകുന്നത്. ഇതിന്റെ ഭാഗമായിട്ടുള്ളതാണ് വൈപ്പാര്‍ പദ്ധതി. പമ്പയാര്‍, അച്ചന്‍കോവിലാര്‍, വൈപ്പാറുമായി സംയോജിപ്പിക്കുന്നതാണ് വൈപ്പാര്‍ പദ്ധതി. കേരളം ഇതിനെ എതിര്‍ത്തിരിക്കുകയാണ്. പമ്പയാറും കല്ലാറും ഒഴുകുന്ന പത്തനംതിട്ടയിലെ പുന്നമേട്ടില്‍ വലിയ ജലസംഭരണി നിര്‍മ്മിക്കും. കല്ലാറും അച്ചന്‍കോവിലാറും ഒഴുകുന്ന ചിറ്റാര്‍മൂഴിയിലും വന്‍ ജലസംഭരണി നിര്‍മ്മിക്കും. ഇങ്ങനെ കൊല്ലം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയില്‍ അച്ചന്‍കോവിലില്‍ മൂന്ന് കുറ്റന്‍ ജലസംഭരണികള്‍ നിര്‍മ്മിക്കും. പുന്നമേട്ടിലേയും ചിറ്റൂര്മൂഴിയിലേയും ജലസംഭരണികളെ വലിയ തുരങ്കംവഴി ബന്ധിപ്പിക്കും. ഇവിടെനിന്നും ഒഴുകുന്ന ജലം തമിഴ്നാട്ടിലെ വൈഗാ നദിയിലെത്തിക്കുന്നു. അത് തമിഴ്നാട്ടിലെ മേക്കരഡാമിലെത്തുന്നു. ഇങ്ങനെയുള്ള നദീബന്ധനമാണ് പദ്ധതി.
ഏകദേശം 1,400 ഹെക്ടര്‍ സ്ഥലം വെള്ളത്തിനടിയിലാകുമെന്നതാണ് കേരളം എതിര്‍ക്കാന്‍ ഒരു കാരണം. മറ്റൊന്ന് കുട്ടനാടിന് പ്രതിവര്‍ഷം 15,108 ദശലക്ഷം ഘനമീറ്റര്‍ വെള്ളം അവശ്യമുണ്ടെന്ന കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗകേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. നിലവിലെ ലഭ്യത 12,582 ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. കുറവ് 2,526 ദശലക്ഷം ഘനമീറ്റര്‍ ജലം. ഇങ്ങനെ വൈപ്പാര്പദ്ധതി നിലവില്‍ വന്നാല്‍ ലോക പൈതൃക പട്ടികയിലുള്ള റാംസര്‍ സൈറ്റായ കുട്ടനാടും വേമ്പനാട്ട് കായലിനും വിനാശമായിരിക്കും ഫലമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാരും, ചില ശസ്ത്രജ്ഞരും വിശ്വസിക്കുന്നു. ഇന്ന് ലഭിക്കുന്ന മത്സ്യസമ്പത്തില്‍ കുറവുവരും, സമൃദ്ധമായെത്തുന്ന എക്കലിന്റെ അളവില്‍ കുറവുവരും, കൃഷി നശിക്കും, മത്സ്യപ്രജനനം, മത്സ്യബന്ധനം എല്ലാത്തിനെയും ബാധിക്കുമെന്നതാണ് മറ്റൊരു കാരണം. നമുക്കും വലിയ ഒരു കരാര്‍ പദ്ധതി ഉണ്ട്. പറമ്പികുളം – ആളിയാര്‍ പദ്ധതി. ഇതുകൊണ്ട് കേരളത്തിന് നാളിതുവരെ ഒരു പ്രയോജനവുമില്ല. ഒന്നാമത്തെ കാരണം, കേരളം മാറിമാറി ഭരിച്ചവരുടെ ഭരണ വൈകല്യമാണ്. മറ്റൊന്ന് ഉദ്യോഗസ്ഥ വീഴ്ചയും.
ഭാരതപ്പുഴ, പെരിയാര്‍, ചാലക്കുടി പുഴകളിലെ ജലം പങ്കുവെക്കുന്നതാണ് പറമ്പികുളം – ആളിയാര്‍ കരാര്‍. ഈ കരാര്‍ തമിഴ്നാട് പാലിക്കുന്നില്ല എന്നതാണ് കേരളത്തിന്റെ പരാതി. 1970 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ നടപ്പിലാക്കിയ കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയ്ക്ക് 7.25 ടിഎംസി ജലം മണക്കടവ് വിയറില്‍ നല്‍കണം. ചാലക്കുടി പുഴയിലേക്ക് ഷോളയാറില്‍ നിന്ന് 12.3 ടിഎംസി ജലം ലഭിക്കണം. പെരിയാര്‍ നദീതടത്തിലെ നീരാര്‍ വിയറില്‍ നിന്ന് ഒക്ടോബര്‍ 1 മുതല്‍ ജനവരി 31 വരെ മുഴുവന്‍ ജലശേഖരവും കേരളത്തിനു നല്‍കണം… ഇങ്ങനെപോകുന്നു കരാര്‍. പറഞ്ഞിട്ട് കാര്യമില്ല, ഒന്നും സംഭവിക്കുന്നില്ല. അതുകൊണ്ട് നദീസംയോജനം വെറും ജലചൂഷണമായി തീരുമെന്നാണ് പ്രചരണം. കേരളത്തിലെ ഭരണനേതൃത്വങ്ങളുടെ കഴിവുകേടാണ് സംശയത്തിനാധാരം.
എന്തായാലും ദക്ഷിണേന്ത്യയില്‍ 16 നദികളെ പ്രധാനമായും ഇതര നദികളെയും സംയോജിപ്പിച്ച് മഹാനദി, ഗോദാവരിയിലെ അധികജലം പൊന്നാര്, വൈഗവഴി കാവേരിയിലേക്ക് ഒഴുകും. മാറ്റം ചെറുതൊന്നുമല്ല വരാനിരിക്കുന്നത്. 2024 ആകുമ്പോഴേക്കും 16 കോടി ഗ്രാമീണര്‍ക്ക് പൈപ്പുവഴി വെള്ളം ലഭിക്കും. 2050 ആകുമ്പോഴേക്കും 1,640 ഹെക്ടര്‍ പ്രദേശത്ത് ജലസേചനവും യാഥാര്‍ത്ഥ്യമാകും. നിശ്ചയദാര്‍ഢ്യം ഉള്ളവര്‍ക്കേ ഇതൊക്കെ പ്രായോഗികമാക്കാന്‍ സാധിക്കൂ. കേരളവും സമരസപ്പെടണ്ടിവരും.
വര്‍ഷാവര്‍ഷം സംഭവിക്കുന്ന പ്രളയവും, ഉരുള്‍പൊട്ടലും സഹ്രസകോടികളുടെ ധനബാദ്ധ്യതകളാണ് വരുത്തിവെക്കുന്നത്. തുലാവര്‍ഷ പെയ്ത്തുവെള്ളം ഒരു ദിവസം തന്നെ 20 സെന്റീമീറ്റര്‍ ആയിരുന്നു. കനത്ത നഷ്ടവും വെള്ളപ്പൊക്കവുമായിരുന്നു ഫലം. ഇങ്ങനെ നാശംവിതച്ച് എത്തുന്ന ശുദ്ധജലത്തെ തടഞ്ഞ് നിര്‍ത്തി ശേഖരിക്കണമെങ്കില്‍, ശുദ്ധജല ലഭ്യത എപ്പോഴും ഉറപ്പുവരുത്തണമെങ്കില്‍, മഴക്കെടുതി കുറയ്ക്കണമെങ്കില്‍ നദി സംയോജനവും, സംഭരണികളും അനിവാര്യമായിരിക്കും. ഇന്നെല്ലങ്കില്‍ നാളെ കേരളം ഇതിനോട് സമരസപ്പെടണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: