അമ്പലപ്പാറ.ക്ലാസ്സു നടന്നു കൊണ്ടിരിക്കുമ്പോഴാണ് അവര്‍ വന്നത്. തല ചൊറിഞ്ഞു കൊണ്ടുള്ള ആ നില്പ്പു തന്നെ ഗുരുനാഥന് ദുര്‍നിമിത്തമായി തോന്നി. എന്തോ രഹസ്യസ്വഭാവമുള്ള പ്രശ്നമാണ് അവര്ക്കവതരിപ്പിക്കേണ്ടിയിരുന്നത്. ഗുരുനാഥന് ക്ലാസ്സ് നിര്‍ത്തി അടുത്ത മുറിയിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ വന്ന കൂട്ടര് കാറില്‍ മടങ്ങിപ്പോകുന്നതും ഗുരുനാഥന് തൊട്ടടുത്തുള്ള അമ്പലക്കുളത്തില്‍ മുങ്ങിക്കുളിക്കുന്നതും കണ്ടു.
കുളി കഴിഞ്ഞു വന്ന ഗുരുനാഥന് ക്ലാസ്സില്‍ കാര്യങ്ങള്‍ വിസ്തരിച്ചു.
തറവാട് ഭാഗം വെക്കലാണ് വിഷയം. ആരും താമസമില്ലാത്ത, താമസയോഗ്യമല്ലാത്ത എട്ടുകെട്ടാണ്. പലരും പല ദിക്കുകളിലായി ചിതറിക്കിടക്കുന്നു. പണത്തിന് ആവശ്യം വന്നപ്പോള്‍ ഉപയോഗശൂന്യമായിക്കിടന്ന തറവാട് ഭാഗം വെച്ചാല്‍ നന്നായിരിക്കുമെന്ന് ഒരു കൂട്ടര്. ഭഗവതി സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയുള്ളതിനാലും ആണ്ടുത്സവങ്ങള്‍ നടക്കുന്നതിനാലും അതിന് സാധ്യമല്ലെന്ന് മറുകൂട്ടര്‍. വിഷയം വലിയ തര്‍ക്കത്തിലെത്തി നില്ക്കുന്നു.
എന്നാല്‍ ഒരു പ്രശ്നം വെച്ച് അതില്‍ കാണുന്ന ദൈവഹിതമനുസരിച്ച് വേണ്ടതു ചെയ്യാം എന്ന് ഇരുകൂട്ടരും ധാരണയായിരിക്കുന്നു.
തറവാട് വില്ക്കുന്നതില് താല്‍പ്പര്യമുള്ള കൂട്ടരാണ് അല്‍പ്പം മുന്‍പ് ഗുരുനാഥനെ സമീപിച്ചത്. നാടകത്തിന്റെ തിരക്കഥാ രൂപം അവര്‍ ഗുരുനാഥന് മുന്നില്‍ അവതരിപ്പിച്ചു.
അപ്രകാരം പ്രശ്നം വെപ്പിന് ക്ഷണിക്കാന്‍ ഇരുകൂട്ടരും ഒരുമിച്ച് അങ്ങയെ കാണാന്‍ വരും. ജ്യോതിഷത്തെക്കുറിച്ച് എബിസി അറിയാത്തവരാണ് ഇരുവിഭാഗത്തില്‍ പെട്ടവരും. അതിനാല്‍ പ്രശ്നഫലം തങ്ങള്‍ക്കനുകൂലമായ രീതിയില്‍ വേണം പറയാന്‍. ഗുരുനാഥന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിന് അപ്പീലില്ല. ദയവായി സഹകരിക്കണം. തറവാട് വിറ്റ് മുഴുവന്‍ തുകയും വന്നു കഴിഞ്ഞാല്‍ വലിയൊരു സംഖ്യ ഇവിടെയെത്തും. എന്തോ ഒരു ശതമാനക്കണക്ക് അവര്‍ പറഞ്ഞുവത്രേ.
ഗുരുനാഥന് മേലാകെ ഒരു വിറയല്‍ പടര്‍ന്നു. അവാസ്തവം പറഞ്ഞ് തറവാട് വില്ക്കാന് കൂട്ടു നില്‍ക്കുന്നതിലൂടെ സത്യത്തില്‍ താന്‍ വില്‍ക്കുന്നത് പന്ത്രണ്ടു രാശികളേയും ഒമ്പതു ഗ്രഹങ്ങളേയുമല്ലേ? ഈ ശാസ്ത്രത്തെത്തന്നെയുമല്ലേ? നിന്ന നില്പ്പില് ഗുരുനാഥന് അട്ടഹസിച്ചു. പിന്നെ ക്ഷേത്രക്കുളത്തില്‍ മുങ്ങി നിവര്‍ന്നു.
അവര്‍ മറ്റാരെയോ സമീപിച്ചു. അവരുടെ ആവശ്യപ്രകാരം ആ ജ്യോത്സ്യന് ചുണ്ടു ചലിപ്പിച്ചു. തറവാട് ഭാഗം നടന്നു. പണത്തിന് ആവശ്യമുള്ളവരെ ആ ഭാഗംവെപ്പ് സഹായിച്ചു.
ഭഗവതി സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠ കുടികൊള്ളുന്ന തറവാടിലേക്ക് ജെസിബികളുടെ നിര പ്രത്യക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചേക്കര്‍ മൊട്ടപ്പറമ്പില്‍ ഛാമഃ ഠീംലൃ ന്റെ അസ്ഥിവാരം കീറപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ മുഴുവന്‍ അപാര്‍ട്മെന്റുകളും ബുക്ഡ് ആയി. പറഞ്ഞ തീയതിക്കുള്ളില്‍ ബില്‍ഡര്‍ ഉപഭോക്താക്കള്‍ക്ക് ഫ്ളാറ്റുകള്‍ കൈമാറി.
വര്‍ഷങ്ങള്‍ കഴിഞ്ഞു.
തങ്ങള്‍ക്കനുകൂലമായി ഫലം മാറ്റിപ്പറയാന്‍ സമീപിച്ച കൂട്ടരില്‍ ഒരുവന് ധര്‍മ്മസങ്കടവുമായി അമ്പലപ്പാറയിലെത്തി. താടി നീട്ടി വളര്‍ത്തിയിരുന്നു. ഇടത്തേ കണ്ണിന് മുകളിലുള്ള ‘റ’ ആകൃതിയിലുള്ള പാടില്‍നിന്നും, വര്‍ത്തമാനത്തിലെ വിക്കില്നിന്നും ഗുരുനാഥന് ആളെ തിരിച്ചറിഞ്ഞു. പക്ഷേ, പുറത്തു കാണിച്ചില്ല.
”എന്താ കാര്യം?”
മംഗലാപുരത്ത് എഞ്ചിനീയറിങ് പഠിക്കുന്ന അയാളുടെ മകന് ആരോ കൈവിഷം കൊടുത്തതായി സംശയം. പല ജ്യോതിഷികളും പലതും പറയുന്നു. സത്യാവസ്ഥയറിയാനാണ് ഇവിടെത്തന്നെ വന്നത്.
പ്രശ്നം ചിന്തിക്കണം. വേണ്ട പരിഹാരം നിര്‍ദ്ദേശിക്കണം.
സത്യം പറയാന്‍ ഞാന്‍ തന്നെ വേണം. അല്ലേ? ഗുരുനാഥന് ഉള്ളില്‍ ചിരിച്ചു. അന്ന് നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഫലം മാറ്റിപ്പറഞ്ഞ ആള് തന്നെ പോരേ?
”സാര്‍, സത്യത്തില്‍ ഈ കൈവിഷ പ്രയോഗം ഒക്കെ സത്യമാണോ?”, മലമ്പുഴയില്‍നിന്നും വരുന്ന മല്ലിക.
”കൈവിഷ പ്രയോഗം ഇപ്പോഴുമുണ്ട്… പഴയതുപോലെയില്ലെന്നു മാത്രം…”
”കൈവിഷ ഭോജനം എങ്ങനെയാണ് സാര്‍ കണ്ടുപിടിക്കുക?”
”പ്രശ്നംവെച്ചു തന്നെ കണ്ടുപിടിക്കണം…”
കുട്ടികള്‍ നോട്ട് നിവര്‍ത്തി.
”ആരൂഢലഗ്നത്തിന്റെ 4, 5, 7, 8 ഭാവങ്ങളില്‍ ഗുളികനോ രാഹുവോ നില്ക്കുമ്പോള് കൈവിഷ ഭോജനം കണക്കാക്കണം. ആറാം ഭാവാധിപന് അവിടെ നിന്നാല്‍ അത് ശത്രു പ്രയോഗിച്ചത്… അതല്ലെങ്കില്‍ ഈശ്വര നിശ്ചയം കൊണ്ടുണ്ടായത്…”
”കൈവിഷം എങ്ങനെയാണ് സാര്‍ കൊടുക്കുക?”
”പ്രശ്നം തന്നെ സഹായി… ആരൂഢ ലഗ്നം ചിങ്ങമാണെങ്കില്‍ കൈവിഷം കൊടുത്തത് എരിവു രസമുള്ള വസ്തുക്കളില്‍…കുജക്ഷേത്രമാവുമ്പോള് നെയ്യില്‍… ബുധക്ഷേത്രമാവുമ്പോള് മദ്യത്തില്‍…”
ഓരോ ഗ്രഹങ്ങളുടെ ക്ഷേത്രത്തിനും പറഞ്ഞിട്ടുള്ള ദ്രവ്യങ്ങള്‍ കുട്ടികള്‍ കുറിച്ചെടുത്തു.
”എന്താണ് സാര്‍ പരിഹാരം?”
”ഛര്‍ദ്ദിപ്പിച്ചു കളയണം…അതിന് പ്രത്യേക ക്ഷേത്രങ്ങളുണ്ട്… ദോഷത്തിന് കാഠിന്യമുണ്ടെങ്കില്‍ 14 ദിവസം കൈവിഷ പരിഹാരി ഗുളിക ഒരെണ്ണം വെച്ച് പഞ്ചമഹാഗവ്യഘൃതത്തില് ചാലിച്ച് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുകയും വേണം…”
ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ രൂപപ്പെട്ടതോടെ കൈവിഷ പ്രയോഗം കുറഞ്ഞിട്ടുണ്ട്. ശത്രുസംഹാരത്തിന് ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് ക്വട്ടേഷന്‍.
”നിങ്ങള്‍ ഒരു കാര്യം ചെയ്യൂ,” ഗുരുനാഥന് മുന്പിലിരിക്കുന്ന ആളെ ഉപദേശിച്ചു. ”ഫലം മാറ്റിപ്പറയാന്‍ നിങ്ങള്‍ അന്നു സമീപിച്ച ആ ജ്യോത്സ്യനുണ്ടല്ലോ… അയാളെത്തന്നെ പോയി കാണൂ… അദ്ദേഹം വഴി പറഞ്ഞു തരും…”
വന്നയാള്‍ തല ചൊറിഞ്ഞുകൊണ്ട് നില്പ്പു തുടര്‍ന്നു. അയാളുടെയുള്ളില്‍ ഒരു കടല്‍ വെന്തു മറിയുന്നത് മുഖം കണ്ടാലറിയാം.
”നിങ്ങള്‍ക്ക് അസത്യം വേണമെന്നുള്ളപ്പോള്‍ അതു പറയാന്‍ ഒരാള്‍… സത്യം ആവശ്യമുള്ളപ്പോള്‍ അതു പറയുന്ന ആള്”, ഗുരുനാഥന് ഒന്നു നിര്‍ത്തി. ”സത്യം ഒന്നേയുള്ളൂ സുഹൃത്തേ…”
തല ചൊറിച്ചില്‍ നിര്‍ത്തി അയാള്‍ ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: