ദാനങ്ങളില് പ്രധാനം അന്നദാനമെന്ന് ബാബ എപ്പോഴും ഓര്‍മപ്പെടുത്തും. പ്രാര്‍ഥനയും ആരതിയും കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് ബാബ അന്നദാനം നടത്തിയിരുന്നു. ദ്വാരകാമായിയില്‍ രണ്ടു നിരയായി ഭക്തര്‍ ഇരിക്കും. അവര്‍ക്കിടയില്‍ ബാബയും. വൈവിധ്യമാര്‍ന്ന ഒരുപാട് വിഭവങ്ങളുണ്ടാകും സദ്യയ്ക്ക്. കുറേപ്പേര് പുറത്തു കാത്തുനില്‍പ്പുണ്ടാകും. ബാബയുടെ കൈകൊണ്ടു നല്കുന്ന പ്രസാദമാണ് അവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടത്.
സദ്യയില്‍ വിളമ്പുന്ന വിഭവങ്ങളെല്ലാം കുഴച്ചെടുത്ത മിശ്രിതമാണ് പ്രസാദം. അത് വലിയൊരു പാത്രത്തിലാക്കി ബാബയ്ക്കു മുമ്പില്‍ വയ്ക്കും. ബാബ അതെടുത്ത് ഈശ്വരന് സമര്‍പ്പിക്കുന്നതായി സങ്കല്‍പ്പിക്കും. പിന്നീടത് ഭക്തര്‍ക്ക് നല്‍കും. ഷാമയും നാനാസാഹെബ് നിമോന്കറുമായിരുന്നു ആ വിശിഷ്ടഭോജ്യം വിതരണം ചെയ്തിരുന്നത്.
‘സായ് സദ്ചരിത’ കര്‍ത്താവും ബാബയുടെ ഭക്തനുമായിരുന്ന ഹേമദ്പാന്ത് ഒരിക്കല്‍ ഈ പന്തിയിലിരുന്ന് മൃഷ്ടാന്നം കഴിച്ചു. ഹേമദ് കഴിക്കുന്നത് ബാബ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. വയറു നിറഞ്ഞ് ശ്വാസം വിടാന്‍ പോലുമാകാത്ത അവസ്ഥയില്‍ ഇരിക്കുന്ന ഹേമദ്പാന്തിനു നേരെ ബാബ ഒരു കപ്പ് സംഭാരം നീട്ടി. കണ്ടപ്പോള്‍ കൊതി വന്നെങ്കിലും ഇനിയൊന്നും കഴിക്കാന്‍ വയറ്റില്‍ സ്ഥലമില്ലെന്ന സങ്കടത്തോടെ ഹേമദ് ആ കപ്പു വാങ്ങി ഒരിറക്ക് മാത്രം കുടിച്ചു. പ്രത്യേകം തയ്യാറാക്കിയ ആ സംഭാരത്തിന് നല്ല സ്വാദുണ്ടായിരുന്നു.
പക്ഷേ എന്തു ചെയ്യും! എങ്ങനെ കഴിക്കും? ഹേമദിന്റെ കൊതി കണ്ട ബാബ പറഞ്ഞു, ‘ ഒന്നും സംഭവിക്കില്ല. അതു മുഴുവന്‍ കുടിച്ചോളൂ. ഇനിയൊരിക്കല്‍ അതിനു പറ്റുമെന്നു തോന്നുന്നില്ല.’ ആ പറഞ്ഞതിന്റെ ദ്വയാര്‍ഥം വൈകാതെ എല്ലാര്ക്കും ബോധ്യമായി. പിന്നീടൊരിക്കലും ആ സദ്യയില്‍ പങ്കാളിയാകാന്‍ ഹേമദിനു കഴിഞ്ഞില്ല.
നാളുകള്‍ക്കകം അദ്ദേഹം മരിച്ചു. എങ്കിലും സ്വാദിഷ്ഠമായൊരു ‘വിഭവം’ അദ്ദേഹം സായ് ഭക്തര്‍ക്കായി ബാക്കിവച്ചിരുന്നു. അമൃതമായി വായിച്ചു നുകരാന്‍ ബാബയുടെ ആനന്ദലീലകള്‍ നിറച്ച ‘സായ്സദ്ചരിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: