പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്നും രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് ആവിഷ്കരിച്ചിരിക്കുന്നു. ഈ കമ്പനികള്‍ അടച്ചുപൂട്ടില്ലെന്നും സ്വകാര്യവല്‍കരിക്കില്ലെന്നും ഉറപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വരുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരും കാല്‍ലക്ഷത്തോളം എംടിഎന്‍എല്‍ ജീവനക്കാരും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പുലര്‍ത്തിവന്നിരുന്ന ആശങ്കകളാണ് ഇതോടെ അകന്നുപോയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ ഈ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാക്കാനുള്ള നടപടികള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ സംബന്ധിച്ച് സ്തുത്യര്‍ഹമായ ഒരു ചുവടുവയ്പാണ്. പ്രത്യേകിച്ച്, സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ കുരുതികൊടുക്കുകയാണെന്ന ആരോപണം വ്യാപകമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് പ്രതീക്ഷയുടെ പൊന്‍വെളിച്ചവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രഖ്യാപനം കഴിഞ്ഞദിവസമുണ്ടായത്.
ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്ന കേന്ദ്രവകുപ്പ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത് 2000ല്‍ ആണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാന്‍ഡ് ലൈന്‍ ഫോണുകളെ അപേക്ഷിച്ച് മൊബൈല്‍ ഫോണുകളുടെ ഉപഭോഗം കൂടുതലാവുകയും ആ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പ്രവേശനം അനുവദിക്കുകയും ചെയ്തതോടെ രാജ്യത്തൊട്ടാകെ സാങ്കേതികസംവിധാന സൗകര്യങ്ങളും വിതരണശൃംഖലയും ഉണ്ടായിട്ടും ബിഎസ്എന്‍എല്‍ പിറകിലാവുകയായിരുന്നു. മൊബൈല്‍ രംഗത്ത് 4ജി സ്പെക്ട്രം നിലവില്‍ വന്നപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് അത് ലഭിക്കുകയും ബിഎസ്എന്‍എല്ലിന് ലഭിക്കാതിരിക്കുകയും ചെയ്തതാണ് വലിയൊരു തകര്‍ച്ചയിലേക്ക് ഈ സ്ഥാപനം കൂപ്പുകുത്താന്‍ കാരണമായത്. 4ജി ലഭിച്ചാല്‍ മാത്രമേ ബിഎസ്എന്‍എല്ലിന് കരകയറാന്‍ സാധിക്കൂ എന്നതിനാല്‍ അത് ലഭിക്കാതിരിക്കുന്നിടത്തോളം രക്ഷപ്പെടാനുള്ള ഒരു മാര്‍ഗവുമില്ലെന്ന് എല്ലാവര്ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്.
കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന കാലത്തുതന്നെ ബിഎസ്എന്‍എല്ലിനെ ലാഭത്തിലാക്കിയെടുക്കാനുള്ള പദ്ധതിയെകുറിച്ച് സര്‍ക്കാര്‍ ആലോചനകള്‍ നടത്തിയിരുന്നു എന്നാണ് വിവരം. രണ്ടാം മോദിസര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമെടുത്ത നടപടികളിലൊന്ന് ബിഎസ്എന്‍എല്ലിനായി ഒരു പുനരുജ്ജീവന പാക്കേജ് കൊണ്ടുവരുക എന്നതായിരുന്നു. ഈ പാക്കേജിനെ കുറിച്ച് കഴിഞ്ഞ മോദിസര്‍ക്കാരിന്റെ കാലത്തുതന്നെ ഉന്നതതലത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു.
ന്യൂദല്‍ഹി, മുംബൈ, ആഫ്രിക്കന്‍ രാജ്യമായ മൗറീഷ്യസ് എന്നിവിടങ്ങളിലെ ടെലികമ്മ്യൂണിക്കേഷന്‍ സേവനമെത്തിച്ചു കൊണ്ടിരുന്ന ഭാരതസര്‍ക്കാരിന്റെ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) എന്ന സ്ഥാപനത്തെയും ബിഎസ്എന്‍എലിനെയും തമ്മില്‍ ലയിപ്പിക്കുക എന്നതാണ് പാക്കേജിലെ പ്രധാന നിര്‍ദ്ദേശം. കമ്പനിക്ക് 4ജി സ്പെക്ട്രം നല്കല്, സ്വയംവിരമിക്കല്‍ സ്കീം നടപ്പാക്കല്‍, കേന്ദ്രസര്‍ക്കാരിന്റെ ഗ്യാരന്റിയുള്ള ബോണ്ടുകള്‍ പുറത്തിറക്കല്‍ എന്നിവയാണ് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകരിച്ച 53,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിലെ മറ്റ് പ്രധാന ഇനങ്ങള്‍. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള നെറ്റ്വര്‍ക്ക് സൗകര്യമുള്ളത് ബിഎസ്എന്‍എല്ലിന് മാത്രമായതിനാല്‍ 4ജി സ്പെക്ട്രം ലഭിക്കുന്നതോടെ ബിഎസ്എന്‍എല്ലിന് വന്‍ കുതിപ്പിനുള്ള സാഹചര്യം വന്നുചേരുമെന്നാണ് പ്രതീക്ഷ. വിട്ടുപോയ കണക്ഷനുകള്‍ തിരിച്ചുപിടിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കും. സര്‍ക്കാരിന്റെ ഓഹരി മൂലധനമായിട്ടായിരിക്കും 4ജി സ്പെക്ട്രം അനുവദിക്കുന്നത്. 2016ലെ വിലയ്ക്ക് സ്പെക്ട്രം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. 4ജി വിതരണം ചെയ്യുന്നതിനുള്ള സാങ്കേതിക ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പണം ബിഎസ്എന്‍എല്‍ കണ്ടെത്തേണ്ടി വരും. പ്രയോജനപ്രദമല്ലാത്ത ആസ്തികളുടെ വിറ്റഴിക്കലിലൂടെ അതും നേടിയെടുക്കാനാവും.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ആകര്‍ഷകമായ സ്വയംവിരമിക്കല്‍ പദ്ധതിയും (വിആര്‍എസ്) നടപ്പാക്കും. ഇതിനായി സര്‍ക്കാര്‍ 29,937 കോടിരൂപ നല്‍കും. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 25,000 മുതല്‍ 30,000 വരെ ജീവനക്കാരുള്ളപ്പോള്‍ ബിഎസ്എന്‍എല്ലിന് 1.76 ലക്ഷം ജീവനക്കാരാണ് മൊത്തമുള്ളത്. ഇവര്‍ക്കുള്ള ശമ്പളത്തിന് മാത്രം ഇപ്പോള്‍ പ്രതിമാസം 850 കോടിരൂപ വേണം. അതായത് മൊത്തവരുമാനത്തിന്റെ 60 ശതമാനത്തിലേറെയാണ് ജീവനക്കാരുടെ ശമ്പളത്തിനായി ബിഎസ്എന്‍എല്‍ ചെലവഴിക്കുന്നത്. അതേസമയം, സ്വകാര്യ ടെലികോം കമ്പനികള്‍ അവരുടെ വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമേ ശമ്പളത്തിനുവേണ്ടി ചെവഴിക്കുന്നുള്ളു. കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം മുടങ്ങുന്ന അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്ലിലെ ജീവനക്കാരെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ് പുനരുജ്ജീവന
പാക്കേജിലൂടെ നീങ്ങിക്കിട്ടുന്നത്. ഒപ്പം തന്നെ ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും ഇന്റര്‍നെറ്റ് സേവനലഭ്യതയും ടെലിഫോണ്‍ ശൃംഖലയും കൊണ്ട് വികസനമുന്നേറ്റത്തിന് ഊര്‍ജം പകരാന്‍ ബിഎസ്എന്‍എല്ലിന് സാധിക്കുമെന്നുറപ്പാണ്. അടച്ചുപൂട്ടിയേക്കുമെന്നും സ്വകാര്യവല്‍കരിക്കുമെന്നുമുള്ള ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടുള്ള പുനരുജ്ജീവന പാക്കേജ് പ്രഖ്യാപനം മോദിസര്‍ക്കാര്‍ ജനങ്ങളുടെയും തൊഴിലാളികളുടെയും താത്പര്യങ്ങള്‍ക്ക് വലിയ വില കല്പിക്കുന്നു എന്നതിന്റെ തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: