പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ പുതിയ ഭാരതത്തിന്റെ രൂപരേഖ തെളിയുന്നു. മോദിസര്‍ക്കാരിന്റെ എല്ലാ നയപരമായ തീരുമാനങ്ങളിലും തന്ത്രപരമായ ഉദ്ദേശ്യം വ്യക്തമായി കാണാനുണ്ട്. അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നടത്തിയ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍, ഭാരതത്തിന്റെ തന്ത്രപരമായ വീക്ഷണത്തെ സമൂലമായി മാറ്റി. ‘പ്രതിരോധ മനോഭാവത്തില്‍’ നിന്ന് മാറി, ദേശീയ താല്‍പ്പര്യങ്ങള്‍ എങ്ങനെ പരിപാലിക്കണമെന്ന് അറിയുന്ന ശക്തവും നിര്‍ണ്ണായകവുമായ നടപടികളിലേയ്ക്കു നീങ്ങുന്ന രാജ്യമായി മാറുന്ന പ്രക്രിയയിലാണ് ഇന്ന് ഭാരതം.
ഓരോ രാജ്യത്തിനും തന്ത്രപരമായ ഒരു സംസ്കാരമുണ്ട്. ആശയങ്ങള്‍, വൈകാരിക പ്രതികരണങ്ങള്‍, പതിവ് പെരുമാറ്റ രീതികള്‍ എന്നിവയിലാണ് അത് നിര്‍വചിക്കപ്പെടുന്നത്. ഭൂതകാലത്തിന്റെ ഓര്‍മ്മകളും, അനുഭവങ്ങളും, സമൂഹത്തിന്റെ കൂട്ടായ അവബോധവും, ഈ സംസ്കാരം രൂപപ്പെടാന്‍ സഹായിക്കും. ചലനാത്മകവും, കാലത്തിനനുസരിച്ച് നിരന്തരം വികസിക്കുന്നതുമാണ് ആ സംസ്കാരം. തുടര്‍ച്ചയുടെ സ്വഭാവവും അതിനുണ്ട്. ലോകത്തിലെ അനേകം സവിശേഷ സംഭവവികാസങ്ങള്‍ക്ക് ഭാരതം കാലാകാലങ്ങളില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ചരിത്രം അതിന്റെ സവിശേഷ ഭൂമിശാസ്ത്രപരമായ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, മംഗോളിയക്കാര്‍, അറബികള്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരുടെ രൂപത്തില്‍ നിരവധി വിദേശ ആക്രമണങ്ങള്‍ ഭാരതം കണ്ടു. ഇത്തരം കടുത്ത അധിനിവേശങ്ങള്‍ക്കിടയിലും ഭാരതത്തിന് തനത് സംസ്കാരം നിലനിര്‍ത്താന്‍ കഴിഞ്ഞു.
എന്നാല്‍ തന്ത്രപരമായ സംസ്കാരം നമുക്ക് ഉണ്ടോ എന്നതിനെക്കുറിച്ച് ദീര്‍ഘകാലമായി ചര്‍ച്ച നടക്കുന്നുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ശാസ്ത്ര-വിദ്യാഭ്യാസ രംഗത്ത് ലോകം ചുവടുവച്ച് തുടങ്ങിയ കാലത്ത്, ഭാരതത്തില്‍ ചാണക്യന് അര്‍ത്ഥശാസ്ത്രം എന്ന രാഷ്ട്രീയ ഗ്രന്ഥം എഴുതിയിരുന്നു എന്ന് ഓര്‍ക്കണം. ആ ഗ്രന്ഥം ഇപ്പോഴും വളരെ പ്രസക്തമാണുതാനും. അതിനാല്‍ ഭാരതത്തിന് തന്ത്രപരമായ സംസ്കാരം അന്നേ ഉണ്ടായിരുന്നു എന്ന് ഉറപ്പ്. എന്നാല്‍ കാലക്രമേണ ആ സംസ്കാരം മാഞ്ഞുപോയി. എല്ലാ ചരിത്രസംഭവങ്ങളും തിരഞ്ഞുനോക്കി ശരിയായി വിശകലനം ചെയ്യാന്‍ കഴിയും. പക്ഷേ ഭാവിയില്‍ രാജ്യത്തിന് ഇത്തരം സംഭവങ്ങളുടെ ഫലം മുന്‍കൂട്ടി കാണാനും, ദീര്‍ഘ വീക്ഷണത്തോടെ തീരുമാനമെടുക്കാനുമുള്ള കാഴ്ചപ്പാട് ഉണ്ടായിരിക്കുക എളുപ്പമല്ല. സ്വാതന്ത്ര്യാനന്തരം തന്ത്രപരമായ തീരുമാനങ്ങളിലുണ്ടായ പാളിച്ചകള്‍ പിന്നീട് ഭാരതത്തിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
ദേശീയ താല്‍പ്പര്യങ്ങളുള്ള പല വിഷയങ്ങളിലും വ്യക്തതയോ തുടര്‍ച്ചയോ അന്ന് ഉണ്ടായിരുന്നില്ല. ഈ അഭാവത്തിന്റെ ഫലമാണ് ഭാരതം നേരിട്ട പ്രതിസന്ധികളില്‍ 1962ലെ ചൈനാ യുദ്ധം, വടക്കുകിഴക്കന്‍ മേഖലയിലെ നീണ്ട കലാപം, പഞ്ചാബ് കലാപം, ശ്രീലങ്കയില്‍ ഭാരത് സൈന്യത്തിന്റെ വിന്യാസം, അയല്‍രാജ്യങ്ങളുമായും അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും മുന്‍പ് ഉണ്ടായിരുന്ന ദുര്‍ബലമായ ബന്ധങ്ങള്‍ തുടങ്ങിയവ. ഇതിന്റെ ഏറ്റവും ആഴത്തിലുള്ള സ്വാധീനം കണ്ടത് കശ്മീരില്‍ ആയിരുന്നു. കശ്മീരിനുവേണ്ടി ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യപോരാട്ടം മുതല്‍, ഈ തന്ത്രപരമായ സംസ്കാരത്തിന്റെ അഭാവം കാണാം.
കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം പാക്കിസ്ഥാന്റെ നിയന്ത്രണത്തിലായപ്പോള് ഇന്ത്യന്‍ സൈന്യത്തിന് ആ അധിനിവേശ ഭൂപ്രദേശം മുഴുവന്‍ തിരിച്ചുപിടിക്കാനുള്ള കെല്‍പ്പുണ്ടായിരുന്നു. ആ സമയത്ത് അത് ചെയ്തിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. കശ്മീര്‍ പ്രശ്നം യുഎന്നില്‍ ഉന്നയിച്ചതും ദൂരക്കാഴ്ചയുമില്ലാത്ത തീരുമാനമായിരുന്നു. 1949ല്‍ ഷെയ്ഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍, ജമ്മു കശ്മീരിലെ ആദ്യത്തെ നിയമസഭാ സമ്മേളനത്തില്‍തന്നെ ഇന്ത്യയുമായി ജമ്മു കശ്മീരിന്റെ സമ്പൂര്‍ണ്ണ സംയോജനം പ്രഖ്യാപിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര അപലപനത്തെ ഭയന്ന്, പിന്തുണ നല്കാന് അന്നത്തെ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു. ഇതേ ഷെയ്ഖ് അബ്ദുല്ല പിന്നീട് വിഘടനവാദിയാവുകയും, അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
ഭാരത്-പാക്കിസ്ഥാന് 1971ലെ യുദ്ധത്തിലെ സമഗ്ര വിജയത്തിനുശേഷം, ഭാരതത്തിന് അനുകൂലമായി കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഒരു സുവര്‍ണ്ണാവസരമുണ്ടായിരുന്നു. 93,000 പാക്കിസ്ഥാന് സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതിനുശേഷവും, തികച്ചും ദുര്‍ബലമായ പാക്കിസ്ഥാന് സൈന്യമുള്ള സാഹചര്യത്തിലും, ഭാരതത്തിന് കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള കാലം കണ്ടത് കശ്മീര്‍ താഴ്വരയില് വര്‍ദ്ധിച്ചുവരുന്ന മതമൗലികവാദത്തെ സര്‍ക്കാര്‍ അവഗണിക്കുന്ന കാഴ്ചയായിരുന്നു. മിക്ക ഭീകരപ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ ”ശക്തമായ അപലപിക്കലോടെ” മാത്രം ആണ് നേരിട്ടത്. ഇതോടെ കശ്മീരിലെ ”അക്രമത്തിന്റെ വ്യവസായം” ആരംഭിപ്പിച്ചു. തന്ത്രപരമായ ഉദ്ദേശ്യത്തോടെ ഒരു രാഷ്ട്രീയ നടപടിയും കേന്ദ്രനേതൃത്വം ഏറ്റെടുക്കാത്തതിനാല്‍, കശ്മീര്‍ താഴ്വര പ്രക്ഷുബ്ധമായി തുടര്‍ന്നു. ദീര്‍ഘകാല പ്രത്യാഘാതങ്ങളുള്ള ഈ വിനാശകരമായ നയം തുടര്‍ച്ചയായി പല കേന്ദ്രസര്‍ക്കാരുകള്‍ ഏറ്റെടുത്തു. അത് ഒരിക്കലും ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നില്ല. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു.
പാര്‍ലമെന്റില്‍ മതിയായ സംഖ്യാശക്തി ഉണ്ടായിട്ടും സര്‍ക്കാരുകള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സര്‍ക്കാരുകള്‍ക്ക് പാര്‍ലമെന്റില്‍ സംഖ്യാശക്തി ഇല്ലാതെയും പോയി.
370-ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്മീര്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും വളരെ പ്രധാനപ്പെട്ട തന്ത്രപരമായ തീരുമാനങ്ങളാണ്. കശ്മീര്‍ താഴ്വരയിലെ പുതിയ, യുവ രാഷ്ട്രീയ നേതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി മോദിസര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഭാവിയില്‍ നല്ല ഫലങ്ങള്‍ നല്‍കും.
5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയ്ക്കായുള്ള ശ്രമം, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തല്‍, ചൈനീസ് ഉന്നത നേതൃത്വവുമായുള്ള ഇടപഴകല്‍, ഭാരത്-ചൈന അതിര്‍ത്തികളിലെ സമാധാനശ്രമം, ബംഗ്ലാദേശുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം കൈവരിക്കല്‍, സായുധസേനയുടെ ദ്രുതഗതിയിലുള്ള നവീകരണം എന്നിവ ഭാരതത്തിന്റെ തന്ത്രപരമായ സംസ്കാരത്തിലെ മാറ്റത്തിന്റെ സൂചനകളില്‍ ചിലതാണ്. ഈ സംസ്കാരത്തിന്റെ അടിസ്ഥാനവശം, എല്ലായ്പ്പോഴും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം എന്നതാണ്.
ഈ ചിന്ത ഒരു തന്ത്രപരമായ സംസ്കാരമായി പരിണമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന് ഭാരതത്തിലെ സാധാരണ പൗരന് പ്രതീക്ഷിക്കുന്നത് തന്റെ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യങ്ങളെ എല്ലായ്പ്പോഴും ഏറ്റവും മുന്‍ഗണനയോടെ നിലനിര്‍ത്തണം എന്നാണ്. മുന്‍കാലത്തെ തെറ്റുകള്‍ക്ക്, രാജ്യം നല്കിയ കനത്തവില ഇന്ന് എല്ലാ പൗരന്മാരും മനസ്സിലാക്കുന്നു. അതിനാല്‍ ഭാവിയില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഭാരതത്തിന്റെ മുന്‍കാല രീതിയിലേക്ക് മടങ്ങുക എന്നത് വളരെ പ്രയാസകരമാണ്. ഈ പുതിയ തന്ത്രപരമായ സംസ്കാരത്തിന്റെ ശക്തമായ അടിത്തറ സൃഷ്ടിച്ചതിന് നരേന്ദ്രമോദി സര്‍ക്കാരിനെ ഭാരതം എന്നെന്നേയ്ക്കുമായി മനസ്സില്‍ പ്രതിഷ്ഠിക്കും.
(9557997414)
പ്രതികരിക്കാൻ ഇവിടെ എഴുതുക: