Categories: Samskriti

വിഷാദമുഖവുമായി അദിതീദേവി

കശ്യപമഹര്‍ഷി കുറച്ചു കാലം തപസ്സിലായിരുന്നു. തപസ്സു കഴിഞ്ഞെത്തിയ മഹര്‍ഷിയുടെ മുന്നിലേക്ക് ദേവമാതാവായ അദിതി എത്തി. അദിതിയുടെ മുഖം ഏറെ മ്ലാനമായിരുന്നു.  

അദിതിയുടെ മുഖത്തെ വിഷാദ കാരണം തിരിച്ചറിയാനാകാതെ കശ്യപനും വിഷമിച്ചു. കാര്യമന്വേഷിച്ച് വിഷാദത്തിനുള്ള കാരണങ്ങള്‍ എണ്ണിയെണ്ണി വിലയിരുത്തി. വിഷമങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്? 

ഭദ്രേ, ലോകത്ത് വിപ്രന്മാര്‍ക്ക് അഭദ്രമായി എന്തെങ്കിലും സംഭവിച്ചുവോ? ധര്‍മഹാനി വല്ലതും നേരിട്ടുവോ?  ഏതെങ്കിലും ഗൃഹത്തിലോ, കുടുംബിനികളിലോ അരുതാത്തതു വല്ലതും സംഭവിച്ചുവോ?  ആദി പുരുഷാര്‍ഥങ്ങളായ ധര്‍മ,അര്‍ഥ, കാമങ്ങളുടെ ആചരണത്തിന് വീഴ്ച സംഭവിച്ചുവോ? അതിഥി സല്‍ക്കാരത്തിന് ഭംഗം നേരിട്ടുവോ? 

‘അപ്യഗ്നയസ്സുവേലായാം 

ന ഹുതാ ഹവിഷാ സതി

ത്വയോദ്വിഗ്നധിയാ ഭദ്രേ, 

പ്രോഷിതേ മയി കര്‍ഹിചിത്’ 

ഹേ, ഭദ്രേ, വേണ്ട സമയത്തു തന്നെ നിനക്ക്, അഗ്നിഹോത്രം നടത്താന്‍ സാധ്യമായില്ലേ? ഞാന്‍ ആശ്രമത്തിലില്ലാതിരുന്നപ്പോള്‍ നിന്നാല്‍ അഗ്നിഹോത്രം നടത്താന്‍ യാതൊരു വിധ തടസ്സവുമുണ്ടായില്ലോ? ( സ്ത്രീകള്‍ക്ക് അഗ്നിഹോത്രം നടത്താന്‍ തടസ്സങ്ങളൊന്നുമില്ല എന്ന് സൂചന). ഭവതിയുടെ പുത്രന്മാരെല്ലാം സ്വസ്ഥമായി തന്നെ കഴിയുന്നുവോ? 

ഇത്തരം ചോദ്യങ്ങളാല്‍ കശ്യപമഹര്‍ഷി അദിതിയുടെ മുഖത്തെ ക്ഷീണകാരണം തിരക്കുന്നു. ഇത് വെറുമൊരു ക്ഷേമാന്വേഷണമല്ല. അദിതിയുടെ മുഖത്തെ മ്ലാനതയുടെ കാരണമറിയില്ലെങ്കിലും എന്തെല്ലാം കാരണത്താല്‍ അവര്‍ക്ക് ദുഃഖം സംഭവിച്ചിരിക്കാം എന്ന വ്യക്തമായ നിഗമനങ്ങളാണ.് ആ സ്ത്രീരത്‌നത്തിന്റെ, ആ മാതാവിന്റെ മനസ്സിനെക്കുറിച്ചുള്ള വ്യക്തമായ പഠനങ്ങളാണ്. അവ്യക്തതയെ വ്യക്തതയാക്കി മാറ്റിയെടുക്കാനുള്ള മാനസിക അപഗ്രഥനം. 

പുത്രന്മാര്‍ സ്വസ്ഥരല്ലയോ എന്ന് ചോദിച്ചപ്പോള്‍ അദിതിയുടെ മുഖത്ത് വന്ന ഭാവവ്യത്യാസം കശ്യപമഹര്‍ഷിയുടെ നിഗമനങ്ങളെ ന്യായീകരിച്ചു. ആ പാടവത്തെ അംഗീകരിച്ചു കൊണ്ടുള്ള മറുപടിയാണ് അദിതി നല്‍കിയത്. 

‘ഭദ്രം ദ്വിജഗവാം ബ്രഹ്മന്‍ 

ധര്‍മസ്യാസ്യ –

ജനസ്യ ച

ത്രിവര്‍ഗസ്യ –

പരംക്ഷേത്രം

ഗൃഹമേധിന്‍, ഗൃഹാഇമേ’

അങ്ങ്  ബ്ര ഹ്മത്തെ അറിയുന്നവനാണ്. ബ്രാഹ്മണര്‍ക്കും ഗോക്കള്‍ക്കുമൊന്നും കാര്യമായ പ്രശ്‌നങ്ങളില്ല. ധര്‍മങ്ങളറിയുന്ന അങ്ങ് പ്രജാപതിയായിരിക്കുമ്പോള്‍ എനിക്ക് ധര്‍മങ്ങള്‍ നിറവേറ്റുന്നതിന് എങ്ങനെ വിഷമങ്ങളുണ്ടാകും. അങ്ങ് ത്രിഗുണങ്ങളിലും സമഭാവനയുള്ളവനാണ്. അതിനാല്‍ അങ്ങേയ്‌ക്ക് ദേവ   അസുര തിര്യക്കുകളുടെ കാര്യങ്ങളിലൊന്നും വ്യത്യാസമില്ല. 

 ‘ തസ്മാദീശ, ഭജന്ത്യാമേ

 ശ്രേയശ്ചിന്തയ സുവ്രത

 ഹൃതശ്രിയോ ഹൃതസ്ഥാനാന്‍ 

 സപത്‌നൈഃ പാഹിനഃപ്രഭോ’

ഹേ, ഭഗവാനേ, അങ്ങയെ ഭജിക്കുന്ന എന്റെ ശ്രേയസ്സിനെക്കുറിച്ച് അങ്ങ് ചിന്തിച്ചാലും. എന്റെ ഐശ്വര്യം അപഹരിക്കപ്പെട്ടിരിക്കുന്നു. സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. സപത്‌നിയാല്‍ ഇതെല്ലാം അപഹരിക്കപ്പെട്ടു. പ്രബലന്മാരായ അവര്‍ എന്റെ ഐശ്വര്യവും സ്ഥാനവുമെല്ലാം മോഷ്ടിച്ചു. 

ദൈത്യന്മാര്‍ ( അങ്ങയുടെ മറ്റൊരു ഭാര്യയായ ദിതിയുടെ മക്കള്‍)  എല്ലാം അപഹരിച്ചു. ദേവന്മാരെ അവര്‍ സ്ഥാനഭ്രഷ്ടരാക്കി. മഹാബലിയുടെ പേരു പറയാതെ തന്നെ അദിതി കാര്യങ്ങള്‍ അവതരിപ്പിച്ചു.    

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക