തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് മോഷ്ടിച്ചവരെ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നു. ദേവസ്വം പ്രസിഡന്റ് കെ.ബി. മോഹന്‍ദാസിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്കിയ വിവരങ്ങളടങ്ങുന്ന കമ്പ്യൂട്ടറിന്റെ ഡിസ്കാണ് മോഷണം പോയത്.
ഈ കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ വിഭാഗവുമായി ബന്ധമുള്ളവര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. പരിശോധനയ്ക്ക് മുമ്പ് ഹാര്‍ഡ് ഡിസ്ക് മാത്രം എടുത്തുമാറ്റിയതിനു പിന്നില്‍ കമ്പ്യൂട്ടര്‍ വിദഗ്ധരുടെ സഹായം ലഭിച്ചിരിക്കാമെന്ന് അന്നു തന്നെ വ്യക്തമായിരുന്നു. ഓഫീസിനുള്ളില്‍ പ്രവേശിക്കാനും ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും അനുവാദമുള്ളവര്‍ മൂന്നുപേരാണെന്നിരിക്കെ ഇവരെ ചോദ്യം ചെയ്താല്‍ മോഷ്ടാവിനെ തിരിച്ചറിയാം.
മോഷ്ടാവിനെ പിടിച്ചാല്‍ ദേവസ്വം ജീവനക്കാര്‍ക്കിടയിലെ ഭിന്നതയും ഗുരുവായൂരിലെ പാര്‍ട്ടിഭരണവും പൊതുജനമറിയും. പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പാര്‍ട്ടിയിലെ ഉന്നതനായതിനാലാണ് കേസൊതുക്കാന്‍ ശ്രമമെന്നാണ് ആരോപണം. ഗുരുവായൂര്‍ ദേവസ്വത്തിലെ പാര്‍ട്ടിസ്വാധീനം ഭക്തരില്‍ അമര്ഷമുണ്ടാക്കുന്നതിനിടെയാണ് മോഷ്ടാക്കളെ സംരക്ഷിക്കാനുള്ള ശ്രമം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രം ശ്രീകോവിലിനകത്ത് നിന്ന് തിരുവാഭരണം മോഷണം പോയത് വലിയ വാര്‍ത്തയായിരുന്നു. നിത്യവും ഉപയോഗിച്ചിരുന്ന ശംഖ് മോഷണം പോയത് ദേവസ്വം അറിഞ്ഞത് കള്ളന് ദയവ് തോന്നി തിരിച്ചയച്ചപ്പോള്‍ മാത്രം! ഒരിടവേളക്ക് ശേഷം വീണ്ടും ക്ഷേത്രത്തില്‍ നിന്ന് മോഷണ പരാതികള്‍ ഉയരുന്നു.
തുലാഭാരത്തിനെത്തിച്ച 10 കിലോ കശുവണ്ടിപ്പരിപ്പ് മോഷ്ടിച്ച കരാറുകാരന്റെ കരാര്‍ റദ്ദാക്കിയതും കഴിഞ്ഞ ദിവസമാണ്. ക്ഷേത്രത്തിലെ മോഷണങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഉദ്യോഗസ്ഥരാണ് കേസുകള്‍ ഒതുക്കുന്നതിലെ ഇടനിലക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: