ചരിത്രത്തിന്റെ പിന്നാലെ ഓടിയാലും ഒപ്പമെത്താത്തവര്‍, ചരിത്ര വഴികളില്‍നിന്ന് പുറന്തള്ളപ്പെടുന്നവര്‍, ചരിത്രത്തിനൊപ്പം നടക്കുന്നവര്‍, ചരിത്രത്തിന്റെ മുമ്പേനടന്ന് ചരിത്രപുരുഷന്മാരായി മാറുന്നവര്‍. അങ്ങനെ സമാജത്തില്‍ വിവിധ ശ്രേണികളുണ്ട്. ജനാധിപത്യ ഭാരതത്തെ ദേശീയതയുടെ ശരിവഴിയിലേക്ക് തിരിച്ചുവിടാനായി മുന്നില്‍നിന്നവര്‍ക്ക് ഒപ്പം ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി അമിത്ഷായും നിന്നതോടെ ചരിത്രപുരുഷന്മാരുടെ ശ്രേണിയിലേക്ക് അദ്ദേഹം പ്രയാണമാരംഭിച്ചുകഴിഞ്ഞു. വാരണാസിയില്‍ ചരിത്രകാരന്മാരോട് ഒപ്പംനിന്ന് ഭാരതീയവീക്ഷണത്തിലുള്ള ചരിത്രരചനയുടെ അനിവാര്യത ഗൗരവചര്ച്ചയ്ക്ക് വിഷയമാക്കി.
കണ്ടതും കേട്ടതും വായിച്ചറിഞ്ഞതും സത്യമാണോയെന്ന് പഠിച്ച് വരുംതലമുറയ്ക്കായി കരുതിവയ്ക്കുകയാണ് ചരിത്രകാരന്റെ ധര്‍മ്മം. പക്ഷേ താനറിഞ്ഞതും എഴുതിയതും മാത്രമാണ് ശരിയെന്ന് കരുതിയാല്‍ ചരിത്രത്തോട് നീതികാട്ടുന്നതില് ചരിത്രകാരന് പരാജയപ്പെടും. കാലംമാറുകയും കാണുന്നവര്‍ മാറുകയും ചെയ്താല്‍ ചരിത്രം തിരുത്തേണ്ടതായിവരാം. അവിടെയാണ് സത്യാന്വേഷിയായ ചരിത്രകാരന് സകാരത്മകമായ സമീപനമെടുക്കേണ്ടത്. തനിക്ക് ശരിയെന്നുറപ്പുള്ളിടത്ത് സമര്‍ത്ഥിക്കാന്‍ മടിക്കരുത്. താന്‍ തിരുത്തപ്പെടേണ്ടതെങ്കില് സ്വയം തിരുത്തുകയുംവേണം. ശരിയുടേതായ ഈ വഴിയിലൂടെ മുന്നേറുമ്പോഴാണ് ചരിത്ര ഗവേഷകര്‍ പുതുദൂരങ്ങളിലേക്കും ഉയരങ്ങളിലേക്കും എത്തുക.
ശാസ്ത്രം, ദര്‍ശനം, കല, സംഗീതം ഇവ ഏതാണെങ്കിലും അപൂര്ണ്ണതയില്നിന്ന് പൂര്‍ണ്ണതയിലേക്കും അസത്യത്തില്നിന്ന് സത്യത്തിലേക്കും അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്കും സമാജത്തെ നയിക്കുന്നതാകണം. ചരിത്രരചനയുടെ ശരിരീതി ചര്‍ച്ചയാകുമ്പോള്‍ ആ മേഖലയിലെ വെല്ലുവിളികളും കണക്കിലെടുക്കണം. ചരിത്രരചനയ്ക്ക് തുനിയുന്നവരുടെ വഴിയില്‍ പ്രലോഭനങ്ങളും ഭീഷണികളും ഉണ്ടാകാം. കാരണം, വെട്ടിപ്പിടിച്ച് വിജയിച്ചവനായിരിക്കുമല്ലോ അധികാരത്തിലുണ്ടാകുക. അവരുടെ അക്രമണങ്ങളെയോ കടന്നുവരവുകളെയോ ന്യായീകരിക്കാനായി ചരിത്രരചന പറഞ്ഞുചെയ്യിക്കുന്നതും ആകാറുണ്ട്. അരിഞ്ഞുവീഴ്ത്തിയിട്ടും പിടഞ്ഞുതീരാത്തവര്ക്കും അടിച്ചമര്‍ത്തിയിട്ടും ഒതുങ്ങാത്തവര്ക്കും പൊരുതാനുള്ള ഇടം നല്കാതിരിക്കുകയാണ് അധികാരികളുടെ നടപ്പുരീതി. ചരിത്രകാരന് സ്വന്തം രചനകളോട് സത്യസന്ധത കാട്ടിയാല്‍ ഭരണാധികാരികളുടെ കഴിഞ്ഞകാലം പൊളിച്ചടുക്കാം. അവര്‍ക്ക് പല തിരിച്ചടികളും നേരിടേണ്ടിവരും. തങ്ങളുടെ ചെങ്കോല്‍ കൈമാറാന്‍ വളര്‍ത്തിയെടുക്കുന്നവരുടെ ഭാവിയിലേക്ക് ഇരുള്പരക്കാം. അതുകൊണ്ട് കൊടുത്തോ കൊന്നോ ചരിത്രസത്യം പറയുന്നവന്റെ വായടയ്ക്കുന്നതായിരുന്നു ഇന്നുവരെ ഭരണകേന്ദ്രങ്ങളുടെ രണതന്ത്രം. ഇവിടെയാണ് ജനാധിപത്യം വേറിട്ടൊരുരീതി പ്രകടമാക്കുന്നത്. അന്വേഷിച്ചറിയുന്നതിന് അവകാശം നല്‍കുന്നതും അറിവ് പരത്തുന്നതിന് ഇടം കൊടുക്കുന്നതാണ് ജനാധിപത്യം. എല്ലാ ഭരണരീതികളില്നിന്നും ജനകീയവും സുതാര്യവും സ്വീകാര്യവുമാണിത്.
ജനാധിപത്യവ്യവസ്ഥ പ്രദാനംചെയ്യുന്ന അനുകൂലസാഹചര്യത്തിലൂടെ ഭാരതവീക്ഷണവും താത്പര്യവും അടിസ്ഥാനമാക്കി ചരിത്രരചന നടത്തി, കഴിഞ്ഞകാല വികലനിര്മ്മിതികളുടെ വിനകളും പിഴവുകളും ഒഴിവാക്കിയെടുക്കാന്‍ പൊതുസമൂഹത്തെയും ചരിത്രപണ്ഡിതന്മാരെയും ക്ഷണിക്കുകയാണ് തന്റെ പ്രഭാഷണത്തിലൂടെ അമിത്ഷാ ചെയ്തത്. ആയിരത്തിലധികം വര്‍ഷങ്ങളിലൂടെ പിടിമുറുക്കിയ സാമ്രാജ്യത്വ-വിധേയത്വ മനോഭാവത്തില്‍നിന്ന് ഭാരതത്തിന്റെ പൊതുബോധത്തെ മുക്തമാക്കുന്നതിന് ഇനി വൈകിക്കൂടെന്ന ദേശീയപ്രതിബദ്ധതയുടെ രാഷ്ട്രീയശബ്ദമാണ് അമിത്ഷായുടേത്.
ഇസ്ലാമിക കടന്നുകയറ്റത്തിനുശേഷം ഇംഗ്ലീഷുകാരുടെ പിടിച്ചെടുക്കലുണ്ടായി. ദേശീയ ജനരോഷത്തിനുമുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇംഗ്ളീഷുകാര് പടിയിറങ്ങിയത് തങ്ങള്‍ക്ക് സ്വന്തമെന്ന് ലേഡി മൗണ്ട്ബാറ്റനും ലോര്‍ഡ് മൗണ്ട്ബാറ്റനും സാക്ഷ്യപ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്റുവിലേക്ക് ചെങ്കോല്‍ കൈമാറിയിട്ടായിരുന്നു. പിന്നീട് ഭാരതം കണ്ടത് കടന്നുപോയ സാമ്രാജ്യത്വത്തിന്റെ പ്രഭാവം കുടുംബവാഴ്ചയിലൂടെ തളരാതെ, തകരാതെ, തുടരുന്നതായിരുന്നു. രാഷ്ട്രീയഅധിനിവേശവും സമാന്തരമായുണ്ടായ സാംസ്കാരിക അധിനിവേശവും ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന് സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും വലിയ വിലനല്‍കേണ്ട സാഹചര്യമുണ്ടാക്കി. 2014ല്‍ തുടക്കം കുറിച്ച തിരുത്തല്‍പ്രക്രിയ ശക്തമാക്കുന്നതിന് ഈ രാഷ്ട്രത്തിന്റെ ഗതകാലഗൗരവവും പ്രതിരോധചരിത്രവും കണ്ടറിയുന്നത് വഴിയൊരുക്കുമെന്ന ബോദ്ധ്യമുള്ളതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ വാരണാസിയില്‍ ചരിത്രകാരന്മാരോട് സംവദിച്ചത്. ആ വേദിയില്‍ അമിത്ഷാ പറഞ്ഞ ഓരോവാക്കുകളും വ്യക്തതയുള്ളതും ചരിത്രപണ്ഡിതന്മാരുടെ രാഷ്ട്രത്തോടുള്ള കടപ്പാടുമാണ് ഓര്‍മ്മിപ്പിക്കുന്നത്. ‘നമുക്കാരുമായും വിവാദത്തിന് പോകേണ്ട കാര്യമില്ല. നമുക്ക് ശരിയായ ചരിത്രം എഴുതണം. നമ്മളെഴുതുന്നതാണ് സത്യമെന്നുള്ളതുകൊണ്ട് അത് സ്വീകരിക്കപ്പെടും. കാലത്തെ അതിജീവിക്കുകയും ചെയ്യും.’
ഗുപ്തവംശജനായിരുന്ന സ്കന്ദഗുപ്ത രാജാവായിരുന്നു അവിടെ നടന്ന ശിബിരത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം. അദ്ദേഹത്തിന് ചരിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയില്ലെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി. ഇത് തെറ്റുതിരുത്തലിന്റെ അനിവാര്യതയാണ് കാണിച്ചത്. ഹൂണന്മാര് ഏഷ്യയുടെയും യൂറോപ്പിന്റെയും ഒട്ടുമുക്കാല്‍ ഭാഗങ്ങളും പിടിച്ചെടുത്ത് അജയ്യരായി നില്‍ക്കുമ്പോഴാണ് സ്കന്ദഗുപ്തന്‍ അവരുടെ പടയോട്ടം തടഞ്ഞതെന്നകാര്യം എടുത്തുപറഞ്ഞു. ജുനൈദ് മുതല്‍ അഫ്ഗാനിസ്ഥാന്‍വരെ സാമ്രാജ്യം വളര്‍ത്തിയ അദ്ദേഹത്തെ പുതുതലമുറയ്ക്ക് അറിയാനിടയില്ല. വര്‍ത്തമാനകാലത്തെ തെറ്റുകള്‍തിരുത്തി ശക്തമാക്കാനും ഭാവിയെ ഭദ്രമാക്കാനും ഭൂതകാലത്തെ പോരാട്ടങ്ങളും ജീവിതവും പ്രദാനംചെയ്യുന്ന അനുഭവങ്ങളുടെ ശക്തി ഇന്നുള്ളവര്‍ക്ക് സ്വന്തമാക്കാന്‍ സത്യസന്ധമായ ചരിത്രം കുറിക്കേണ്ടതുണ്ടെന്ന സൂചനയാണ്, തുടര്‍ന്ന്, ആഭ്യന്തരമന്ത്രി അവിടെ നല്‍കിയത്.
ശരിയായ ചരിത്രം രേഖപ്പെടുത്തുന്ന കാര്യത്തില്‍ വിനായക ദാമോദര്‍ സവര്‍ക്കറുടെ സംഭാവനയും പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു. 1857ല്‍ ഭാരതം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പ്രതിരോധത്തിന്റെ പടവാളുയര്‍ത്തിയത് അവര്‍ക്ക് ശക്തമായ വെല്ലുവിളിയായിരുന്നു. പക്ഷേ അതിന്റെ ചരിത്രം ബ്രിട്ടീഷുകാര്‍ അവരുടെ കാഴ്ചപ്പാടിലൂടെ എഴുതിയപ്പോള്‍ ആ പോരാട്ടത്തിന് ശിപായി’ലഹളയെന്ന’ പരിഹാസ്യമായ പേര് ചാര്‍ത്തിക്കൊടുത്തു. എന്നാല്‍ സവര്‍ക്കര്‍ ലണ്ടനില്‍ചെന്ന് അവരുടെ രേഖകളുടെ ശേഖരംകണ്ടെത്തി ആ പോരാട്ടത്തിന് 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരുനല്കി പുസ്തകമാക്കി. പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് കയ്യെഴുത്തുപ്രതി ആയിരിക്കുമ്പോള്‍തന്നെ പുസ്തകത്തെ ഇംഗ്ളീഷ്സര്ക്കാര് നിരോധിച്ചു. അതിലടങ്ങിയ സ്ഫോടകശക്തി എത്രമാത്രമെന്ന് ഇത് വ്യക്തമാക്കും. മദന്‍ലാല്‍ ധിംഗ്രയെയും ഭഗത്സിംഗിനെയും ധീരരക്തസാക്ഷിത്വത്തിന്റെ പാതയിലേക്ക് നയിച്ചത് സവര്‍ക്കറുടെ ആ ചരിത്രരചനയായിരുന്നു.
മാഡം ഭിഖാജി കാമയും നേതാജി സുഭാഷ് ചന്ദ്രബോസും അടക്കം അനേകം ധീരദേശാഭിമാനികളുടെ ഹൃദയധമനികളിലെ രക്തപ്രവാഹത്തെ ചൂടുപിടിച്ച് ഊര്ജ്ജപ്രസരണത്തിന് ഇടവരുത്തിയതായിരുന്നു, സവര്‍ക്കറുടെ തൂലിക നടത്തിയ ആ മഹത്തായ സൃഷ്ടി. സവര്‍ക്കര്‍ അങ്ങനെ ശരിയായ ചരിത്രരചന നടത്തിയില്ലായിരുന്നെങ്കില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം ഇന്നും ശിപായിലഹളയെന്ന് അറിയപ്പെടുമായിരുന്നു. ഈ ചരിത്രവസ്തുത എടുത്തുപറഞ്ഞാണ് ഭാരതീയദൃഷ്ടിയില് പൂര്‍ണ്ണവും വസ്തുതാപരവുമായ ചരിത്രരചനയുടെ ആവശ്യകത ആവര്‍ത്തിച്ചുറപ്പിച്ചത്. ഭാരതകാഴ്ചപ്പാടുള്ള ചരിത്രരേഖകളുടെ അഭാവം എടുത്തുപറഞ്ഞ് അദ്ദേഹം ചോദിച്ചു: ‘എത്രകാലം നമ്മള് ബ്രിട്ടീഷുകാരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും? നമ്മള് ഇംഗ്ലീഷുകാരെ കുറ്റംപറയേണ്ട കാര്യമില്ല, കമ്യൂണിസ്റ്റുകാരെ കുറ്റംപറയേണ്ട കാര്യമില്ല, മുഗളന്മാരെ കുറ്റം പറയേണ്ട കാര്യമില്ല. ആരാണ് നമ്മളെ ശരിയായ ചരിത്രം എഴുതുന്നതില്‍നിന്ന് തടയുന്നത്?’ ആ പരാമര്‍ശങ്ങള്‍ക്കുശേഷം ഭാരതത്തിന്റെ ചരിത്രത്തില്‍ തമസ്കരിക്കപ്പെട്ട ഇരുപത്തിയഞ്ച് രാജവംശങ്ങളുടെയും ഇരുനൂറോളം ചരിത്രപുരുഷന്മാരുടെയും ചരിത്രംകൂടി അറിവിന്റെ ലോകത്തിന് ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞത് ചരിത്രപരമായ അനിവാര്യതയാണ്.
ആരോടും വിവാദവും തര്‍ക്കവും വേണ്ട. ഭാരതകാഴ്ചപ്പാടുകള് ഉള്‍ക്കൊണ്ട് ചരിത്രരചന ചെയ്യുക. തമസ്കരിക്കപ്പെട്ടത് വെളിച്ചത്തിലെത്തിക്കുക. അസത്യവും അപൂര്ണ്ണവുമായി സൃഷ്ടിക്കപ്പെട്ട ചരിത്രരേഖയ്ക്ക് ബദലായി പൂര്‍ണ്ണസത്യം തെളിവുകളുടെ പിന്‍ബലത്തില്‍ പുതിയ രചനകളിലൂടെ അവതരിപ്പിക്കുക. ഇതുവരെ ഉണ്ടായിരുന്നതും ഇനി ഉണ്ടാകുന്നതും പഠിച്ച് ലോകം താരതമ്യംചെയ്ത് സത്യം തിരിച്ചറിയട്ടെ. ഇത് പറഞ്ഞാല്‍ ഫാസിസമാണെന്ന് പറയുന്നവരെ അവഗണിക്കുകയേ നിവര്ത്തിയുള്ളു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയാണെങ്കിലും സഖാക്കളാണെങ്കിലും, ‘ദേശാഭിമാനി’ ആണെങ്കിലും. ഞങ്ങള്‍ പറയുന്നത് കേട്ടാല്‍മതി, ഞങ്ങള്‍ എഴുതിയത് വായിച്ചാല്‍ മതി, എന്നൊക്കെ തിട്ടൂരമിറക്കാനിത് ചെയര്മാന് മാവോയുടെ ചൈനയല്ല, കിം ഉല് സുങ്ങിന്റെ ഉത്തര കൊറിയയുമല്ല. ഇത് ജനാധിപത്യ ഭാരതമാണ്. ദേശീയതയ്ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അന്വേഷിച്ച് അറിയാനും അറിഞ്ഞത് പറയാനും അവകാശമുണ്ട്. കടന്നാക്രമണത്തിന്റെ വഴികളില്‍ കണ്ടാല്‍ നിങ്ങളുടെ കഴുത്തും എഴുത്തും അരിവാളിനും അഗ്നിക്കും ഇരയാക്കുമെന്നൊക്കെ അലറിവിളിച്ചുവരുന്ന ഫാസിസ്റ്റ്ശൈലി കമ്യൂണിസ്റ്റ് പരിവാറിന്റെയും അവരോടൊപ്പം നില്ക്കുന്ന ഇസ്ലാമിക ഭീകരവാദികളുടെയും ശൈലിയാണ്. ഭാരതീയതയുടെവഴി ശാന്തിയും സമാധാനവും ഉറപ്പുവരുത്തി ജന്മനാടിന്റെ പരമവൈഭവത്തിനായി സ്വയം സമര്‍പ്പിക്കലാണ്.
അമിത്ഷായുടെ ആശയം വളരെ വ്യക്തമാണ്. ഇസ്ലാമിക ആക്രമണകാരികള്ക്കായും ഇംഗ്ളീഷ് സാമ്രാജ്യത്വത്തിനായും ചരിത്രം എഴുതിയവരും നെഹ്റു കുടുംബത്തിനുമുമ്പില്‍ അന്നത്തിനും അവാര്ഡിനുംവേണ്ടി കൂലിക്കെഴുതിയവരും ചേര്‍ന്ന് ഭാരതചരിത്രത്തിന്റെ മുഖ്യധാരയെ അപൂര്‍ണ്ണവും വികലവുമാക്കി. ദേശീയപക്ഷത്തുള്ളവര് അവരോട് തര്‍ക്കത്തിനും, വഴക്കിനും പോകേണ്ട. അവര്‍ ഭാരതകേന്ദ്രീകൃത ചരിത്രരചനാ സങ്കേതങ്ങളുടെ പ്രയോഗത്തിലൂടെ സമാന്തര ചരിത്രരചനയ്ക്ക് തുനിഞ്ഞിറങ്ങണം. സമ്പൂര്‍ണ്ണവും സത്യസന്ധവുമായ സമാന്തരചരിത്രം രേഖപ്പെടുത്തണം. ചരിത്രലോകം ഒരുക്കുന്ന സമാന്തരചരിത്രത്തെ മുഖ്യധാരാചരിത്രമായി അംഗീകാരം നല്കുമ്പോള് വികല ചരിത്രനിര്‍മ്മിതി തൊഴിലായി സ്വീകരിച്ചവര്‍ സ്വയം തിരുത്തുകയോ ഒഴിഞ്ഞുപോകുകയോ ചെയ്യും. അതിനിടെ അമിത്ഷായുടെ ചരിത്രരചനയുടെ നയരേഖയിലെവിടെയാണ് ‘ഫാസിസമെന്ന് വ്യക്തമാക്കട്ടെ. വെറുതെ പറുയുകയല്ല, വെല്ലുവിളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: