കൊച്ചി: കഴിഞ്ഞ അഞ്ച് സീസണ്‍കൊണ്ട് ആവേശമായി മാറിയ ഐഎസ്എല്‍ ഫുട്ബോളിന്റെ ആറാം പതിപ്പിന് ഇന്ന് അറബിക്കടലിന്റെ തിരുമുറ്റത്ത് നടക്കുന്ന പെരുങ്കളിയാട്ടത്തോടെ തുടക്കം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന് കൊല്‍ക്കത്ത എടികെയുമായി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് കൊമ്പുകോര്‍ക്കും. കഴിഞ്ഞ സീസണിന്റെ ഉദ്ഘാടന മത്സരത്തിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തേതും. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ഉദ്ഘാടന പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് 2-0ന് ജയിച്ച് ഗംഭീരമായി തുടങ്ങിയെങ്കിലും പിന്നീട് ആ നിലവാരം കാത്തുസൂക്ഷിക്കാനായില്ല. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് എത്താനാണ് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്.
എന്നാല്‍ ആദ്യ മത്സരത്തിന് മുമ്പുതന്നെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നേരിട്ടു. പ്രതിരോധത്തിലെ നെടുന്തൂണായ സന്ദേശ് ജിങ്കന്റെ പരിക്കാണ് ബ്ലാസ്റ്റേഴ്സിനെ വിഷമത്തിലാക്കിയത്. കഴിഞ്ഞ ദിവസം ടീമിലെത്തിയ രാജു ഗെയ്ക്ക്വാദും പൂര്‍ണ ഫിറ്റല്ലെന്നാണ് കോച്ച് ഷട്ടോരി നല്കുന്ന സൂചന.
ഈ സീസണായി ബ്ലാസ്റ്റേഴ്സ് അടിമുടി മാറിയാണ് ഒരുങ്ങിയിട്ടുള്ളത്. നല്ല വിദേശ താരങ്ങളുമായും ഇന്ത്യന്‍ താരങ്ങളുമായും ക്ലബ് കരാര്‍ ഒപ്പുവെച്ചു. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമിവരെ എത്തിച്ച നൈജീരിയന്‍ ലോകകപ്പ് താരം ബര്‍തലോമേവ് ഒഗ്ബച്ചെയുമായാണ് പുതിയ പരിശീലകന് എല്‍കോ ഷെട്ടോരി ചുമതലയേറ്റെടുക്കാന്‍ എത്തിയത്. ഒഗ്ബച്ചെയുടെ വരവ് ബ്ലാസ്റ്റേഴ്സ് നിരയില്‍ പുതിയ ഊര്‍ജം നിറച്ചിട്ടുണ്ട്. മറ്റൊരു വിദേശ സ്ട്രൈക്കറായ കാമറൂണ്‍ താരം റാഫേല്‍ മെസി ബൗളിയും മികച്ച താരമാണ്. 27കാരനായ ഈ സ്ട്രൈക്കര്‍ 6 മത്സരങ്ങളില്‍ ദേശീയ ജേഴ്സിയണിഞ്ഞു. ഒപ്പം സ്ട്രൈക്കറായി ഹെഡ്ഡര്‍ ഗോളുകളുടെ ആശാനും ഉപനായകനുമായ മുഹമ്മദ് റാഫിയുമുണ്ട്.
മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച മധ്യനിരയും ഇത്തവണയുണ്ട്. സ്പാനിഷ് താരങ്ങളായ മരിയോ അര്‍ക്യൂസ്, സെര്‍ജിയോ സിഡോഞ്ച എന്നിവര്‍ മധ്യനിരയ്ക്ക് ഊര്‍ജം നല്‍കും. ഇവര്‍ക്കൊപ്പം മലയാളി താരം സഹല്‍ അബ്ദുള്‍ സമദും എത്തുമ്പോള്‍ കളിമെനയാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ സെനഗല്‍ താരം മുഹമ്മദ് മുസ്തഫയുടെ കാലുകളില്‍ നിന്നാകും ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളുടെ തുടക്കം. മധ്യനിരയില്‍ ഇവര്‍ക്ക് പുറമെ കെ. പ്രശാന്ത്, അണ്ടര്‍ 17 ഇന്ത്യന്‍ ലോകകപ്പ് ടീം അംഗം കെ.പി. രാഹുല്‍, സെയ്ത്യാന്‍ സിങ്, ഹാളിചരണ്‍ നര്‍സാരി, ജീക്സണ് സിങ് തുടങ്ങിയവരുടെ സാന്നിധ്യവും ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാകും.
ജിങ്കന്റെ അഭാവത്തിലും മികച്ച പ്രതിരോധനിരയുണ്ട്. ഡച്ച് താരം ജിയാനി സുയ്വെര്ലൂണ്, ബ്രസീലിയന്‍ താരം ജയ്റോ റോഡ്രിഗസ് എന്നിവരാണ് പ്രതിരോധത്തിലെ ശ്രദ്ധേയര്‍. ഇവര്‍ക്കൊപ്പം അബ്ദുള്‍ ഹക്കു, പ്രിതം സിങ്, ലാല്‍റുവാത്താര, രാജു ഗെയ്ക്ക്വാദ്, മുഹമ്മദ് റാകിപ്, ജെസ്സെല്‍ കാര്‍നെയ്റോ എന്നിവരും മികച്ച താരങ്ങളാണ്.
പോസ്റ്റിന് മുന്നില്‍ ബിലാല്‍ ഖാനോ, മലയാളി താരം ടി.പി. രഹനേഷോ ആയിരിക്കും ഇറങ്ങുക. 4-2-3-1 ആണ് ഷെട്ടോരി കൂടുതല്‍ ഇഷ്ടപ്പെടുന്ന ശൈലി. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് മികച്ച വിജയം നേടിയതും ഇതേ ഫോര്‍മേഷനിലാണ്. കൊച്ചിയില്‍ ഇന്ന് കളിക്കിറങ്ങുമ്പോള്‍ ഇതേ ശൈലിയില്‍ കളിക്കാനാകും സാധ്യത.
എടികെ ആദ്യ അങ്കത്തിനിറങ്ങുന്നത് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിപ്പോയ അവരും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് എത്തിയിട്ടുള്ളത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്പാനിഷ് കോച്ച് അന്റോണിയോ ലോപ്പസ് ഹബ്ബാസിനെ പരിശീലകനായി തിരികെ എത്തിച്ചു. മധ്യനിരയില്‍ കളിമെനയാന്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിനെയും എഡു ഗാര്‍ഷ്യയെയും പോലുള്ള പരിചയസമ്പന്നരുണ്ട്. ഒപ്പം പ്രണോയ് ഹാര്‍ഡറും കോമള്‍ തട്ടാലും മൈക്കല്‍ സൂസൈരാജും പോലുള്ള പ്രതിഭകളും. പ്രതിരോധത്തില്‍ ബോറിസ് സിങ്, ജോണ്‍ ജോണ്സണ്, പ്രബീര്‍ ദാസ്, സെന റാള്‍ട്ടെ, സ്പാനിഷ് താരം അഗസ് ഗാര്‍ഷ്യ തുടങ്ങിയവരുമുണ്ട്. എന്നാല്‍ പ്രതിരോധത്തില്‍ മലയാളി താരം അനസ് എടത്തൊടികയുടെയും മുന്നേറ്റനിരയില്‍ ജസ്റ്റിന് ജോബിയുടെയും അഭാവം നേരിയ തിരിച്ചടിയായേക്കാനും സാധ്യതയുണ്ട്. മുന്നേറ്റനിരയില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വില്ല്യംസണാണ് ഒന്നാം നമ്പര്‍ സ്ട്രൈക്കര്‍. ഒപ്പം ഫിജി ദേശീയ താരവും ഇന്ത്യന്‍ വംശജനുമായ റോയ് കൃഷ്ണയും ഉണ്ട്. ഇവര്‍ക്ക് കൂട്ടായി ബല്‍വന്ത് സിങും. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിനായി ഗോള്‍വല കാത്ത ധീരജ് സിങായിരിക്കും വലയ്ക്ക് മുന്നില്‍.
എന്തായാലും ഇന്ന് ഉദ്ഘാടനമത്സരത്തില്‍ ജയത്തോടെ തുടങ്ങാനായി ബ്ലാസ്റ്റേഴ്സും എടികെയും ഇറങ്ങുമ്പോള്‍ ആവേശപ്പോരാട്ടം അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദ്ഘാടനമത്സരത്തിന് സാക്ഷിയാവാന്‍ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റും എടികെയുടെ ഉടമകളിലൊരാളുമായ സൗരവ് ഗാംഗുലി അടക്കം വലിയ താര നിര തന്നെ സ്റ്റേഡിയത്തിലെത്തും. മത്സരത്തിന് മുന്നോടിയായി അരമണിക്കൂര്‍ നീളുന്ന വിസ്മയ പ്രകടനങ്ങള്‍ കാണാം. ആറു മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. വൈകിട്ട് നാലു മുതല്‍ കാണികള്‍ക്ക്് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: