ബാല്യവും കൗമാരവും കളിചിരികള്‍ക്കും കുസൃതികള്‍ക്കും മാത്രമാണെന്ന് കരുതുന്നവരാണ് നമ്മളിലധികവും. എന്നാല്‍, ചെറുപ്രായത്തില്‍ തന്നെ തനിക്ക് ചുറ്റുമുള്ള ലോകത്തെ മാറ്റിമറിക്കാന്‍ സാധിക്കും എന്ന് മനസ്സിലാക്കിത്തന്ന അനേകംപേര്‍ നമുക്കിടയിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് രാജസ്ഥാനിലെ ഹിന്സ്ല ഗ്രാമത്തില്‍ നിന്നുള്ള പായല്‍ ജാന്‍ഗിഡ് എന്ന പതിനേഴുകാരി. മലാല യൂസുഫ് സായ് എന്ന കൊച്ചു മിടുക്കിയുടെ പോരാട്ടങ്ങളും അതിജീവനവും ഏറെ താത്പര്യപൂര്‍വം നിരീക്ഷിച്ചവരാണ് നാം. സമപ്രായക്കാരുടെ ശബ്ദമായി മാറിയ അവള് പുരസ്കാര നിറവില്‍ തിളങ്ങിയപ്പോള്‍ നമ്മള് ഒന്നിച്ച് കൈയടിച്ചു. എന്നാല്‍, 2014ല്‍ വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസിന് മലാലയെ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളില്‍ രാജസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച പായല്‍ ജാന്‍ഗിഡ് എന്ന കൊച്ചുമിടുക്കിയുമുണ്ടായിരുന്നുവെന്ന് എത്ര പേര്‍ക്ക് അറിയാം?
തന്നെപ്പോലുള്ള അനേകം പെണ്‍കുട്ടികളുടെ ശക്തിയും ശബ്ദവുമായി മാറിയ പായലിന്റെ പോരാട്ടവീര്യം അവളെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ചേഞ്ച് മേക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാക്കിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ പുരസ്കാരം സമ്മാനിച്ച അതേവേദിയില്‍ നിന്ന് പായലും പുരസ്കാരം സ്വീകരിച്ചു. ഇപ്പോള്‍ ലോകം അവളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
രാജസ്ഥാനിലെ ഹിന്സ്ല ഗ്രാമത്തില്‍ തടിപ്പണിക്കാരനായ അച്ഛന്റെ അഞ്ചു മക്കളില്‍ ഒരുവളായി ജനനം. പന്ത്രണ്ട് വയസ്സുവരെ ഗ്രാമത്തിലെ ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെയായിരുന്നു പായലും. പന്ത്രണ്ടാം വയസ്സില്‍ വിവാഹം എന്നു കേള്‍ക്കേണ്ടി വന്നപ്പോള്‍ ഒരക്ഷരം ഉരിയാടാതെ കഴുത്തു നീട്ടിക്കൊടുക്കാന്‍ അവള് തയാറായില്ല. അടുപ്പിലെ പുകച്ചുരുളിന് പുറത്ത് അറിവിന്റെ പ്രകാശപൂരിതമായ ലോകത്ത് പറന്നു നടക്കാനായിരുന്നു അവള്‍ക്കിഷ്ടം.
പായലിന്റെ പോരാട്ടം അവിടെ തുടങ്ങി. ബാലവിവാഹം എന്ന അനാചാരത്തില്‍ നിന്ന് ഇന്നും മുക്തമാകാത്ത ദേശങ്ങളുണ്ടെന്ന് അറിയുകയായിരുന്നു പായലിലൂടെ. ബാലവിവാഹം സര്‍വസാധാരണമായിരുന്ന ഗ്രാമത്തില്‍ അതിനെ എതിര്‍ക്കുക എളുപ്പമായിരുന്നില്ല. ചേച്ചിയേയും മൂത്ത സഹോദരന്റെ ഭാര്യയേയും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. അവര്‍ മാതാപിതാക്കളെ കാര്യങ്ങള്‍ ധരിപ്പിച്ചു. എന്നാല്‍, അച്ഛനമ്മമാര്‍ തീരുമാനം മാറ്റിയില്ല. പായലിന്റെ തീരുമാനത്തെക്കുറിച്ച് വരന്റെ കുടുംബം അറിഞ്ഞു. തന്റേടിയായ മരുമകളെ വേണ്ടെന്നായി അവര്‍. ഇത് അവള്‍ക്ക് തന്നെ ഗുണം ചെയ്തു. ആ പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മാതാപിതാക്കള്‍ ഒടുവില്‍ മുട്ടുമടക്കി. വിദ്യാഭ്യാസം തുടരാന്‍ അവര്‍ അവളെ അനുവദിച്ചു. അതൊരു പുതിയ തുടക്കമായിരുന്നു.
ബാലവിവാഹത്തിന് നിര്‍ബന്ധിതരാകുന്ന പെണ്കുരുന്നുകള്ക്ക് വേണ്ടി പായല്‍ പ്രവര്‍ത്തിച്ചു. പിന്നീട് ബാലവേലയ്ക്കും മുഖാവരണത്തിനുമെതിരെ ശബ്ദമുയര്‍ത്തി. ഇതിനെല്ലാം അവള് കൂട്ടുപിടിച്ചതാകട്ടെ സമപ്രായക്കാരായ കുട്ടികളെ. ബച്പന്‍ ബഛാവോ ആന്തോളന്റെ ഭാഗമായി ബാല്‍ മിത്ര ഗ്രാമങ്ങള്‍ രൂപീകരിക്കപ്പെട്ടതോടെ ഹിന്സ്ലയില് ബാല പഞ്ചായത്ത് എന്ന ആശയം നിലവില്‍ വന്നു. ഇതിന്റെ അധ്യക്ഷയായിരുന്നു പായല്‍ ജാന്‍ഗിഡ്.
ബാല്‍സര്‍പഞ്ച് എന്ന പ്രത്യേക അധികാരം ഉപയോഗിച്ച് കുട്ടികളുടെ മറ്റ് പ്രശ്നങ്ങളില്‍ ഇടപെട്ടു, അവര്‍ക്ക് വേണ്ടി സംസാരിച്ചു. 2013ല്‍ സ്വീഡനില്‍ നിന്ന് ഒരു സംഘം അവളെ തേടി ഗ്രാമത്തിലെത്തി. അന്ന് ബാല്‍ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പായലുമായി അഭിമുഖം നടത്തി. 2014 വേള്‍ഡ് ചില്‍ഡ്രന്‍സ് പ്രൈസ് ജൂറി അംഗങ്ങളിലൊരാളായി പായലിനെ അവര്‍ തെരഞ്ഞെടുത്തു. അങ്ങനെ 2014 ല്‍ അവള് തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് സ്വീഡനിലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കൊപ്പം അവളും തന്റെ നേട്ടങ്ങള്‍ ആ മഹാവേദിയില്‍ പങ്കുവെച്ചു. ഒരു ഗ്രാമത്തെ ബാലവിവാഹ മുക്തമാക്കിയ വിജയഗാഥ ആ അന്താരാഷ്ട്ര വേദിയില്‍ ഏറെ പ്രശംസിക്കപ്പെട്ടു.
2015 ജനുവരിയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവരുമായി കൂടിക്കാഴ്ച നടത്താന്‍ പായലിന് അവസരം ലഭിച്ചു. സപ്തംബര്‍ 25-ാം തീയതി ന്യൂയോര്‍ക്കില്‍ ബില്‍ ആന്‍ഡ് ഗേറ്റ്സ് പുരസ്കാരദാന ചടങ്ങില്‍ ബാലാവകാശങ്ങള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി പോരാടാന്‍ സദസ്സിലുള്ള ഓരോരുത്തരോടും അവള് ആഹ്വാനം ചെയ്തു. ”ഇന്ന് ഞാനും നിങ്ങളും ചേര്‍ന്ന് വയ്ക്കുന്ന ചുവടുകള്‍ സുരക്ഷിതവും സന്തോഷകരവുമായ ഭാവിയാകും ഓരോ കുട്ടിക്കും പ്രദാനം ചെയ്യുക. ഈ ചുവടുവയ്പ്പ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടി മാത്രമല്ല, വരാനിരിക്കുന്ന എല്ലാ തലമുറകള്‍ക്കും വേണ്ടിയാണ്. സ്വന്തം നാട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഓരോ യുവാവിനും കഴിയും. പക്ഷെ, അതെല്ലാം അവസരങ്ങളില്‍ അതിഷ്ഠിതമാണ്. ഞാനൊരു ചേഞ്ച്മേക്കറാണ്, മാറ്റങ്ങള്‍ കൊണ്ടുവന്നവളാണ്. നിങ്ങള്‍ എനിക്കൊപ്പം ചേരില്ലേ…” പുരസ്കാരദാനച്ചടങ്ങിലെ പായലിന്റെ ഈ വാക്കുകള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെ എഴുന്നേറ്റ് നിന്നാണ് അവിടുള്ളവര്‍ സ്വീകരിച്ചത്.
തന്റെ ഗ്രാമത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങളെ ആട്ടിപ്പായിച്ചതു പോലെ ദേശം മുഴുവനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന വലിയ ലക്ഷ്യമാണ് അവള്‍ക്കുള്ളത്. ഇന്ന് രാജസ്ഥാനില്‍ പൂര്‍ണമായും നടപ്പിലാക്കിക്കഴിഞ്ഞ ബാല്‍ മിത്ര ഗ്രാമം രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും അവള് തുടങ്ങിക്കഴിഞ്ഞു. അറിവിന്റെ വെളിച്ചം പകരുന്ന ഒരധ്യാപികയാകുക എന്ന സ്വപ്നത്തിലൂടെ ഇനിയും പല നന്മകളും ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പായല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: