ഭൗതികശരീരം വെടിഞ്ഞിട്ട് ആറ് ദശാബ്ദത്തോളം കഴിഞ്ഞെങ്കിലും ആഗമാനന്ദ സ്വാമികളെക്കുറിച്ച് കേട്ടറിവ് മാത്രമുള്ളവരുടെപോലുംസ്മൃതിയില് അദ്ദേഹം ഇന്നും ജീവിക്കുന്നു എന്നതാണ് സ്വാമികളുടെ മഹത്വവും വലിപ്പവും. കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ, ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ അദ്ദേഹംചെലുത്തിയ സ്വാധീനവും ഇടപെടലുകളും മഹത്തരങ്ങളാണ്. അസ്പൃശ്യതക്കും വര്‍ണവിവേചനത്തിനും അയിത്തത്തിനും എതിരെ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുപ്പിക്കുവാന്‍ അന്നത്തെ തിരുവിതാംകൂര്‍ ദിവാന് സര്.സി.പിരാമസ്വാമി അയ്യര്‍ മുഖാന്തരം മഹാരാജാവ് ചിത്തിരതിരുനാള്‍ രാമവര്‍മ്മ രാജക്കുമേല്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്നത് ലിഖിതരൂപത്തിലുള്ള ചരിത്രതാളുകളില്‍ കണ്ടെത്താന്‍ കഴിയില്ലെങ്കിലും സത്യം അതാണ്. ഹിന്ദുസമൂഹത്തിന്റെ സമാരാധ്യനായആചാര്യനായതിനാലായിരിക്കാം അങ്ങനെ സംഭവിച്ചത്. അദ്ദേഹം ഒരു പ്രത്യേകസമുദായത്തിന്റെയോ വിഭാഗത്തിന്റെയോ മാത്രം ആചാര്യനായിരുന്നില്ല.
മഹാരാജാവിനെക്കുറിച്ച് പരാമര്‍ശിച്ച വേളയില്‍ അതിനോടനുബന്ധിച്ച ഒരുകാര്യം പരാമര്‍ശിക്കാതെ വയ്യ. ആഗമാനന്ദസ്വാമികള്‍ ജ്യോതിഷവും പഠിച്ചിരുന്നു. ചവറമഠത്തില്‍ കൃഷ്ണനാശാന്‍ എന്ന പണ്ഡിതനില്‍ നിന്നായിരുന്നു പഠനം. ആ സമയത്ത് 1912 ലാണ് ശ്രീചിത്തിരതിരുനാള്‍ ഭൂജാതനായത്. രാജകുമാരന്റെ ജാതകം പത്രതാളുകളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ജാതകം പരിശോധിച്ച ശേഷം ‘കുലത്തിന് അറുതിവരുമെന്നാണല്ലോ കാണുന്നത്’ എന്ന് പ്രവചിച്ചു. അങ്ങനെ പറയുന്നത് രാജ്യദ്രോഹം ആയതിനാല്‍ കൂടുതല്‍ പരസ്യപ്പെടുത്തിയില്ല.
കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങള്‍ നടത്തിയിരുന്ന പണ്ഡിതശ്രേഷ്ഠന്റെ വാമൊഴികള്‍ മുഴുവനും ‘വീരവാണി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏത് വിഷയത്തെ സംബന്ധിച്ചുമുള്ള ഏകദേശരൂപം ഓരോ ഉപന്യാസത്തിലും നമുക്ക് കണ്ടെത്താനാകും. ശ്രീശങ്കരന് പ്രചരിപ്പിച്ച അദ്വൈതവേദാന്തം മുതല്‍ കമ്മ്യൂണിസത്തെ എങ്ങനെ തടയാം എന്നുവരെയുള്ള വിഷയങ്ങള്‍ വീരവാണിയില് കാണാം. കൂടാതെദേവസ്വംബോര്ഡിന്റെ ഘടന എങ്ങനെ ആയിരിക്കണം എന്ന തന്റെ വീക്ഷണവും വായിച്ചെടുക്കാനാകും.
കാലടിയില്‍ ഇന്നുകാണുന്ന ബ്രഹ്മാനന്ദോദയം സ്കൂളുകള്‍, ശ്രീശങ്കരകോളേജ് എന്നിവ സ്വാമികളുടെ സംഭാവനയാണ്. അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയും സഫലമായെങ്കിലും മറ്റൊരുജവഹര്ലാല് നെഹ്റു സര്‍വ്വകലാശാല (ജെഎന്‍യു) എന്ന തലത്തിലേക്ക് നീങ്ങാനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ശ്രീരാമകൃഷ്ണമഠത്തിന്റേയും മിഷന്റേയും ഉപാധ്യക്ഷനായിരുന്ന തപസ്യാനന്ദ സ്വാമികള്‍ അനുസ്മരിക്കുന്നു.’ആഗമാനന്ദന്‍ വേദാന്ത ശാസ്ത്രത്തിന്റ പ്രചാരകനായിരുന്നു. അതുപോലെ വേദാന്ത സിദ്ധാന്തങ്ങളുടെ അനുഷ്ഠാനത്തിലും പ്രശസ്തനായിരുന്നു. ശ്രീശാരദാദേവിയെ ഉദ്ധരിച്ചുകൊണ്ട് തപസ്യാനന്ദ സ്വാമികള്കുറിച്ചു. ഒരു ആന സാധാരണചെയ്യുന്ന ജോലികള്ക്കെല്ലാമായി കൊമ്പില്ലാത്ത പിടി ആന ആയാലുംമതി.
പക്ഷേ ക്ഷേത്രോത്സവങ്ങളില്‍ കൊമ്പനാനയെ ശോഭിക്കൂ. ഒരു സംന്യാസിശ്രേഷ്ഠന് പണ്ഡിതവര്യനും വാഗ്മിയും ഊര്‍ജ്ജസ്വലനായ സംന്യാസിയും പ്രചാരകനും കൂടിആയാല്‍ എങ്ങനെ ശോഭിക്കുമോ അതിന് ഉത്തമദൃഷ്ടാന്തമാണ് ആഗമാനന്ദസ്വാമികള്‍.
പൂര്‍വപുണ്യ ഫലംകൊണ്ട് സിദ്ധിച്ച നരജന്മം അന്വര്‍ത്ഥമാക്കിയ ആഗമാനന്ദ സ്വാമികള്‍ സ്വധര്മ്മവ്രതനായി സത്കര്മനിരതനായി മാനവസേവയിലൂടെ മാധവസേവചെയ്ത് ജന്മം സഫലവും ധന്യവുമാക്കിത്തീര്ത്ത മഹാത്മാവെന്നാണ് പി. പരമേശ്വരന് അനുസ്മരിച്ചിട്ടുള്ളത്.
ഡോ. എന്‍.വി കൃഷ്ണവാര്യര്‍ രേഖപ്പെടുത്തിയിട്ടുള്ളത് മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച മഹാത്മാവാണ് സ്വാമികളെന്നും തന്റെ ജീവിതത്തില്‍ ഒരു ദീപസ്തംഭം ആയിരുന്നു അദ്ദേഹമെന്നുമാണ്.
പണ്ഡിതന്, യുക്തിഭദ്രങ്ങളും സുഘടിതങ്ങളുമായ പ്രഭാഷണങ്ങള്‍ നടത്തുന്ന മഹാജ്ഞാനി, തിരഞ്ഞെടുത്ത ലക്ഷ്യം നേടുന്നതിനുവേണ്ടി അനവരതം അക്ഷീണം പ്രവര്‍ത്തിക്കാനുള്ള ശേഷിയുമുള്ള ശ്രേഷ്ഠവ്യക്തി എന്നീഘടകങ്ങള്ക്കെല്ലാം ഉപരി അദ്ദേഹത്തിന്റെ ഉദാത്തമായ സ്നേഹാനുഭൂതി മാതൃകയാണ്. പഠിക്കാനുള്ള ആഗ്രഹവുമായി എത്തിച്ചേരുന്ന ഒരു വിദ്യാര്‍ത്ഥിയെ പോലും അദ്ദേഹം നിരാശപ്പെടുത്തുമായിരുന്നില്ല. കഴിവില്കവിഞ്ഞ സഹായം നല്‍കിയിരുന്നു.
സ്വാമിയുമായുള്ള നിരന്തര സമ്പര്‍ക്കം മൂലംഓരോരുത്തരുടെയുംഅഭിരുചി അനുസരിച്ച് ദിശാബോധം നല്കി അവരെ ഉയര്‍ത്തികൊണ്ടുവന്നതിന് ദൃഷ്ടാന്തങ്ങളാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വര്‍ജി മാര്‍ക്സിസ്റ്റ്ചിന്തകനായിരുന്ന പി. ഗോവിന്ദപ്പിള്ള, നിരീശ്വരവാദിയും യുക്തിവാദികളില്‍ പ്രമുഖനുമായ ജോസഫ്ഇടമറുക് എന്നിവര്‍. ശ്രീരാമകൃഷ്ണമിഷനില്‍ ചേരാന്‍ വന്ന ജോസഫ് ഇടമറുകിന്റെ ചിന്തയ്ക്ക് അനുസരിച്ച് ഇംഗര്‍സോള്‍ എന്ന വിഖ്യാത ചിന്തകന്‍ രചിച്ച ഗ്രന്ഥം നല്കി ഇടമറുകിന് ആ പാതയിലൂടെ സഞ്ചരിക്കാനുള്ള അവസരം ഒരുക്കികൊടുത്തു.
1996 ആഗസ്റ്റ് 27 ന് സ്വാമി ആഗമാനന്ദജിയുടെ ശതാബ്ദിആഘോഷങ്ങള്ക്കു ശേഷം പതിവായി അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. ചിങ്ങമാസത്തിലെ രേവതി നക്ഷത്രമാണ് ജന്മനാള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: