തിരുവനന്തപുരം: കേരളത്തിലെ നഴ്സുമാര്‍ക്ക് അയര്‍ലാന്റില്‍ മികച്ച തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും അയര്‍ലാന്റ് ഇന്ത്യന്‍ അംബാസഡര്‍ സന്ദീപ് കുമാറും ചര്‍ച്ച നടത്തി.
ധാരാളം നഴ്സുമാര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് അയര്ലാന്റെന്നും അതിനാല്‍ തന്നെ അവര്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് വളരെയധികം മുന്നേറ്റമുള്ള രാജ്യമാണ് അയര്‍ലാന്റ്. ആരോഗ്യ മേഖലയിലെ അറിവുകള്‍ പരസ്പരം പങ്കുവയ്ക്കുകയും വിവിധ മേഖലകളില്‍ സഹകരിക്കുകയും ചെയ്യും. ആയുഷ് മേഖലയ്ക്കും വലിയ സാധ്യതയാണുള്ളത്. അവിടത്തെ ആശുപത്രികളില്‍ യോഗ ചെയര്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. അയര്‍ലാന്റുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പുരോഗതി കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് അയര്‍ലാന്റ് അംബാസഡര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെ ഏതാണ്ട് 45,000ത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ 20,000ത്തോളം പേര് കേരളത്തിലുള്ളവരാണ്. മലയാളി നഴ്സുമാരുടെ കഠിനാധ്വാനവും പരിചരണവുമാണ് വീണ്ടും നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യാന്‍ കാരണം. ഗവേഷണം, ആയുഷ്, യോഗ, ഹെല്‍ത്ത് ടൂറിസം, ആയര്‍വേദ ടൂറിസം എന്നീ രംഗങ്ങളില്‍ സഹകരിക്കാന്‍ അയര്‍ലാന്റിന് താത്പര്യമുണ്ടെന്നും സന്ദീപ്കുമാര്‍ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: