തുറവൂര്‍: നല്ല പ്രായത്തില്‍ കിട്ടിയ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് വിശ്വസിച്ച ആദര്‍ശത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് ആയിരങ്ങള്‍ക്ക് വഴികാട്ടിയായി മുന്നേ നടന്ന ധീരന്. അരൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനായി നിയോജകമ ണ്ഡലത്തിലെത്തിയ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ആവേശത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.
രാവിലെ 8.30ന് അയ്യനാട്ട് കോളനിയില്‍ കുടുംബസംഗമം നിശ്ചയിച്ചിരുന്നതിനാല്‍ കോന്നിയിലെ പ്രചാരണ പരിപാടികള്‍ കഴിഞ്ഞ് തിങ്കളാഴ്ച രാത്രിയോടെ അദ്ദേഹം തുറവൂരിലെത്തി. രാവിലെ നാലുകുളങ്ങര ക്ഷേത്രത്തിലെത്തി മഹാദേവനെയും ദര്‍ശിച്ച് നേരെ കോളനിയിലേക്കെത്തി. കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാര്‍ഡിലെ അയ്യനാട്ട് കോളനിയുടെ പ്രവേശന കവാടത്തില്‍ കാറില്‍ വന്നിറങ്ങിയ കുമ്മനത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചാണ് എതിരേറ്റത്.
വെള്ളക്കെട്ട് നിറഞ്ഞ വീടുകളില്‍ യാതൊരു സുരക്ഷയുമില്ലാതെ ജീവിക്കുന്ന പിന്നാക്ക വിഭാഗങ്ങളിലുള്ളവരാണ് കോളനിയിലുള്ളത്. നിലയ്ക്കല്‍ സമരനായകന് ജനങ്ങളുടെ ദുരിതങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതെങ്ങനെയെന്ന് പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. നിമിഷങ്ങള്‍കൊണ്ട് എല്ലാ വീടുകളിലും ഓടിയെത്തി വിവരങ്ങള്‍ തിരക്കി. ഇതിനിടെ സെല്‍ഫിയെടുക്കാനും പരിചയപ്പെടാനും ഓടിയടുത്തവരെ ചേര്‍ത്തുനിര്‍ത്താനും മടിച്ചില്ല. പിന്നീട് മണ്ണുചിറ കോളനിയിലേക്ക്. അനുഭവിക്കുന്ന ദുരിതങ്ങള്‍ വാക്കുകളിലൂടെ വരച്ചുകാട്ടാനാകാതെ ജീവിതം തീര്‍ക്കുന്ന കുറെ ജന്മങ്ങള്. കരഞ്ഞും വേവലാതി പറഞ്ഞുമെത്തിയവരെ അനുഭാവപൂര്‍വം കേട്ടു.
ശ്രീകണ്ഠേശ്വരത്തും പള്ളിപ്പുറത്തും നടന്ന കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. അവിടെനിന്ന് നേരെ എരമല്ലൂരില്‍ അപകടത്തില്‍ മരണപ്പെട്ട സ്വയംസേവകന് അനന്തുവിന്റെ വീട്ടിലേക്ക്. കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചശേഷം പത്രസമ്മേളന വേദിയിലേക്ക്. കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ ചിരിയോടെ മറുപടി. തുടങ്ങിയത് അദ്ദേഹമാണ്. കടകംപള്ളി മാപ്പു പറഞ്ഞ് അവസാനിപ്പിച്ചല്ലോ. നിന്ദിക്കാനും സ്തുതിക്കാനും ഒരുപാടു പേര്‍കാണും. രണ്ടും ഒരുപോലെ കാണാന്‍ പഠിക്കണം. വ്യക്തിപരമായി അധിക്ഷേപിച്ചും കുപ്രചാരണങ്ങള്‍ നടത്തിയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരു പരിഭവവും ഇല്ല അദ്ദേഹത്തിന്.
അല്പ നേരത്തെ വിശ്രമശേഷം ഹരിവരാസനം എഴുതിയ കോന്നോത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയുമായി കൂടിക്കാഴ്ച. പിന്നീട് തഴുപ്പില്‍ നടന്ന കുടുംബയോഗത്തിലും പൂച്ചാക്കലില്‍ നടന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുത്തു. തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഓരോ മണ്ഡലത്തിലും കുമ്മനം രാജശേഖരന് തന്റെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് തിരക്കുകളില്‍നിന്ന് തിരക്കുകളിലേക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: