എട്ടാമത്തെ മന്വന്തരത്തില്‍ മഹാബലി ദേവേന്ദ്രപ്പട്ടത്തില്‍ ഇരിക്കുമ്പോള്‍ സഹായിക്കാനായി സാര്‍വഭൗമന്‍ എന്നപേരില്‍ താന്‍ അവതരിക്കുമെന്ന് ഭഗവാന് മഹാവിഷ്ണു നിശ്ചയിച്ചു. സരസ്വതി,ദേവഗുഹ്യ ദമ്പതികളുടെ പുത്രനായാണ് സാര്‍വഭൗമ അവതാരമുണ്ടാകുക. ഗാലവാന്‍, ദീപ്തിമാന്‍,ഭൃഗുരാമന്‍,അശ്വത്ഥാമാവ്, കൃപാചാര്യര്‍, ഋശ്യശൃംഗന്, ബാദരായണനായ വേദവാസ്യന് എന്നിവര്‍ സപ്തര്ഷിമാരായും ഉണ്ടാകും.
ഇതെല്ലാം നിശ്ചയിച്ചുകൊണ്ടാണ് ഭഗവാന് വാമനമൂര്‍ത്തി ബലിയെ സുതലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
അക്കാലത്ത് ഒരിക്കല്‍ രാക്ഷസരാജാവായ രാവണന്വിശ്വവിജയത്തിനായി സങ്കല്‍പ്പിച്ച് സുതലത്തിലുമെത്തി. അവിടെ കാവല്‍ നിന്നിരുന്ന ബാലകന് (വാമനനന്) രാവണനെ കാല്‍വിരല്‍ കൊണ്ട് തോണ്ടിയെറിഞ്ഞു. അങ്ങനെയുള്ള വാമനാവതാരത്തെ കവചമായി (കാവലാളായി) ലഭിച്ച മഹാബലി എത്ര ഭാഗ്യവാന്. അതാണ് ജന്മപുണ്യം.
മഹാഭക്തനായ പ്രഹ്ലാദന്റെ പൗത്രനാണ് ബലി. പണ്ട് നരസിംഹ അവതാരക്കാലത്ത് മഹാവിഷ്ണുവിന്റെ മുന്നില്‍ തന്റെ പിതാവിനെ ശുദ്ധമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അനേകം പാപം ചെയ്തവനാണ് പിതാവ് ഹിരണ്യ കശിപു. എന്നാലും ‘ഭഗവാനേ എന്റെ അച്ഛനോട് പൊറുക്കേണമേ’ എന്ന് പ്രഹ്ലാദന് ആവശ്യപ്പെട്ടപ്പോള്‍ ഭഗവാന് ഒരു അനുഗ്രഹം നല്‍കിയിരുന്നു.
ഹേ, ഭക്തപ്രഹ്ലാദ, മുന്നോട്ടും പിന്നോട്ടുമുള്ള മൂവേഴുവട്ടം പരമ്പരകളെ ഞാന്‍ സംരക്ഷിക്കും. അതിനാല്‍ നിന്റെ പിതാവിന്റെ ഗതിയെക്കുറിച്ച് തെല്ലും ആശങ്ക വേണ്ട. മഹാബലി വിശ്വജിത് യാഗം നടത്തിയപ്പോള്‍ പ്രഹ്ലാദന് ദിവ്യമായൊരു പൂമാല ചാര്‍ത്തി അനുഗ്രഹിച്ചിരുന്നു.
പിതാമഹസ്തസ്യ
ദദൗച മാലാ
മമ്ലാനപുഷ്പാം
ജലജംചശുക്രഃ
പ്രഹ്ലാദന് സമ്മാനിച്ച ആ പുഷ്പമാല ഒരിക്കലും വാടാത്ത പൂക്കള്‍ കൊണ്ട് നിര്‍മിച്ചവയായിരുന്നു. അഗ്നിദേവന് ദിവ്യമായ തേരും കുതിരകളും നല്കി മഹാബലിയെ അനുഗ്രഹിച്ചു. ഇങ്ങനെ എല്ലാ സന്നാഹങ്ങളും തയ്യാറാക്കിയാണ് മഹാബലി ഇന്ദ്രലോകത്തെ ആക്രമിക്കാനൊരുങ്ങിയത്. താന്‍ നിഗ്രഹിച്ച മഹാബലി, വീണ്ടും തന്നോട് ഏറ്റുമുട്ടാന്‍ വരുന്നതു കണ്ട്, ദേവേന്ദ്രന് പകച്ചു പോയി.
അഗ്നിയെപ്പോലെ തേജസ്സുള്ള തേരും കുതിരകളുമായാണ് മഹാബലിയുടെ വരവ്. അമ്പൊഴിയാത്ത ആവനാഴിയും സ്വര്‍ണത്തിളക്കമുള്ള വില്ലും എല്ലാം കൂടിയായപ്പോള്‍, ആരു പകച്ചു പോകും.തികച്ചും ഭയപ്പാടോടെയാണ് ദേവേന്ദ്രന് ഗുരു ബൃഹസ്പതിയെ കണ്ടത്. ബൃഹസ്പതി ഇന്ദ്രനെ ആശ്വസിപ്പിച്ചു. നീ കാണുന്നത് മായയൊന്നുമല്ല. നീ വധിച്ച മഹാബലിയെ ശുക്രാചാര്യര്‍, മൃതസഞ്ജീവനി മന്ത്രമുപയോഗിച്ച് പുനര്ജീവിപ്പിച്ചതാണ്. ഗുരുക്കന്മാരുടെയൊക്കെ അനുഗ്രഹത്തോടെയാണ് മഹാബലിയുടെ വരവ്. അതിനാല്‍ തല്ക്കാലം സ്വര്‍ഗം ഉപേക്ഷിച്ച് പോകുന്നതാണ് യുക്തി. ബൃഹസ്പതിയുടെ ഉപദേശാനുസൃതമാണ് ഇന്ദ്രന് സ്വര്‍ഗം വിട്ട് ഒളിച്ചത്.
9447213643
പ്രതികരിക്കാൻ ഇവിടെ എഴുതുക: