കൊല്ലം: ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ അദാലത്തിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ടെക്നിക്കല്‍ സര്‍വകലാശാല വിസി ഡോ. രാജശ്രീയോട് വിശദീകരണം തേടി. എന്നാല്‍ ഇതിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് സര്‍വകലാശാല കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
ആദ്യ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും തോറ്റ കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയെ മന്ത്രി ഇടപെട്ട് വിജയിപ്പിക്കുകയായിരുന്നു. ഇതിന് അദാലത്തില്‍ പരാതി പരിഗണിച്ച് മൂല്യനിര്‍ണയത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചാണ് മന്ത്രി ഇടപെട്ടത്. മന്ത്രിക്ക് നേരിട്ട് ഇടപെടാന്‍ അധികാരമില്ല. സര്‍വകലാശാല പ്രോ ചാന്‍സലറാണ് വിദ്യാഭ്യാസമന്ത്രി. ചാന്‍സലറായ ഗവര്‍ണറുടെ അഭാവത്തില്‍ മാത്രമേ പ്രോ ചാന്‍സലര്‍ക്ക് അധികാരമുള്ളൂ. ഭരണഘടനപ്രകാരം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കാറില്ലാത്തതിനാല് സര്‍വകലാശാലാ ഭരണത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് അധികാരമില്ല.
വിദ്യാര്‍ഥിക്ക് ആറാംസെമസ്റ്ററിലെ ഡൈനാമിക്സ് പേപ്പറിന് 29 മാര്‍ക്കാണ് ലഭിച്ചത്. ജയിക്കാന്‍ 45 മാര്‍ക്കുവേണം. തുടര്‍ന്ന് വിദ്യാര്‍ഥി പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. ഇതില്‍ മൂന്നുമാര്‍ക്ക് കൂടി 32 ആയി. എന്നാല്‍, സമര്‍ഥനായ വിദ്യാര്‍ഥിയാണെന്നും മൂല്യനിര്‍ണയത്തിലെ പിഴവുമൂലമാണ് തോറ്റതെന്നും കാണിച്ച് സാങ്കേതിക സര്‍വകലാശാലയിലെ ഇപ്പോഴത്തെ പ്രോ വൈസ് ചാന്‍സലറായ അന്നത്തെ ടി.കെ.എം. കോളേജ് പ്രിന്‍സിപ്പാള്‍ കത്തെഴുതി. സര്‍വകലാശാലാ ചട്ടപ്രകാരം ഇത് സാധ്യമല്ലെന്നുകാണിച്ച് വൈസ് ചാന്‍സലര്‍ അപേക്ഷ നിരസിച്ചു.
ചട്ടപ്രകാരം രണ്ട് മൂല്യനിര്‍ണയവും തമ്മില്‍ 15 ശതമാനം മാര്‍ക്കിന്റെ വ്യത്യാസമുണ്ടെങ്കിലേ മൂന്നാം മൂല്യനിര്‍ണയം നടത്താനാകൂ. ഇതിനിടെയാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ അദാലത്ത് നടത്തിയത്. വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന ആവശ്യം അദാലത്തില്‍ സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥി അപേക്ഷ നല്കി. അക്കാദമിക് കാര്യം അദാലത്തില്‍ പരിഗണിക്കാനാകാത്തതിനാല്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു. എന്നാല്‍, അദാലത്തില്‍ വിദ്യാര്‍ഥിയുടെ അപേക്ഷ നേരിട്ട് സ്വീകരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: