കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെയാണ് ദേശീയ വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത്. തന്നെ അപമാനിച്ച നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചുള്ള അവരുടെ രാജി വനിതാ നേതാക്കളോടും സ്ത്രീ സമൂഹത്തോടും കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിഷേധാത്മക സമീപനത്തെക്കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിരുന്നു. ട്വിറ്ററില്‍ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള പ്രിയങ്ക സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ്. ചാനല്‍ ചര്‍ച്ചകളിലെ സാന്നിധ്യത്തിലൂടെ കോണ്‍ഗ്രസ്സിന്റെ മുഖമാകാനും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്ക് സാധിച്ചിരുന്നു. രാഷ്ട്രീയത്തിലെ ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായല്ല, മൂല്യങ്ങളില്‍ വിശ്വസിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതിനാലാണ് കോണ്‍ഗ്രസ് ഉപേക്ഷിച്ചതെന്ന് പ്രിയങ്ക പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അവര്‍ ‘ജന്മഭൂമി’യുമായി സംസാരിക്കുന്നു
സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയായതിനാലാണ് ശിവസേനയില്‍ ചേര്‍ന്നതെന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അങ്ങനെയല്ലെന്നാണോ?
=കോണ്‍ഗ്രസ് വക്താവെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ മധുരയില്‍ പത്രസമ്മേളനം നടത്താനെത്തിയ എന്നോട് അവിടെയുള്ള ഏതാനും നേതാക്കള്‍ വളരെ മോശമായി പെരുമാറി. അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്റെ അച്ഛനെ ഭീഷണിപ്പെടുത്തി. സ്ത്രീയെന്ന നിലയില്‍ അംഗീകരിക്കാനാകാത്തതായിരുന്നു അവരുടെ അവഹേളനമെന്നതിനാല്‍ കോണ്‍ഗ്രസ്സിന് പരാതി നല്കി. ആറ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പായി ആറ് മാസത്തിനുള്ളില്‍ ഇവരെയെല്ലാം തിരിച്ചെടുത്തു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധിച്ചു. ഫലമില്ലാതായപ്പോള്‍ പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസ്സിന് പല ന്യായീകരണങ്ങളും പറയാനുണ്ടാകാം. സ്ത്രീകള്‍ക്ക് അവരുടെ ആത്മാഭിമാനവും അന്തസ്സും വിലപ്പെട്ടതാണ്. എനിക്കും അങ്ങനെ തന്നെ.
താങ്കള്‍ക്കുണ്ടായ ദുരനുഭവം കോണ്‍ഗ്രസ്സില്‍ ഒറ്റപ്പെട്ട സംഭവമായി കരുതുന്നുണ്ടോ. വനിതാ നേതാക്കള്‍ മുന്‍പ് ഇത്തരത്തില്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ടോ?
= നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ സ്ത്രീകള്‍ ലൈംഗികമായി അതിക്രമം നേരിടുന്നു. ഇത് അഭിസംബോധന ചെയ്യാനോ പരിഹാരം കാണാനോ നേതൃത്വം തയാറാകുന്നില്ല. എന്എസ്യു പ്രസിഡന്റിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമാണ് നടപടിയുണ്ടായത്. ഒരുവശത്ത് വനിതാ ശാക്തീകരണത്തെക്കുറിച്ച് പറയും. മറുവശത്ത് വനിതകളായ നേതാക്കളെ മൂലക്കിരുത്തുകയും ചെയ്യും. ശിവസേനയില്‍ ജനറല്‍ സീറ്റുകളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ മത്സരരംഗത്തുണ്ട്.
പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ അധികാരം കൈയാളിയിരുന്ന കോണ്‍ഗ്രസ്സിന് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്?
= എല്ലാവര്ക്കും സ്വീകാര്യമായ ഒരു പബ്ലിക് പ്ലാറ്റ്ഫോമായിരുന്നു കോണ്‍ഗ്രസ്. ഇന്ദിര ഗാന്ധിയുടെ കാലത്ത് അത് പ്രൈവറ്റായി. ഇപ്പോഴും അത് ഒരു കുടുംബത്തിന്റെ കൈയില്‍ മാത്രം ഒതുങ്ങുന്നു. ശിവസേനയിലും കുടുംബരാഷ്ട്രീയമുണ്ടെന്നത് നിഷേധിക്കുന്നില്ല. ഒരാളുടെ വ്യക്തിപ്രഭാവത്തിലും ജനകീയതയിലും രൂപീകരിക്കപ്പെടുകയും വളരുകയും ചെയ്ത പാര്‍ട്ടിയാണ് ശിവസേന. അതിന്റെ പിന്തുടര്ച്ചക്കാരായി താക്കറെ കുടുംബം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍, കോണ്‍ഗ്രസ് അങ്ങനെയല്ല.
ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ സാധിക്കാത്ത ഏത് പാര്‍ട്ടിക്കും വിശ്വാസ്യതയും സ്വാധീനവും നഷ്ടപ്പെടും. അതാണ് കോണ്‍ഗ്രസ്സിനും സംഭവിച്ചത്. സ്വന്തം മൂല്യങ്ങളും ആദര്‍ശങ്ങളും അവര്‍ ഉപേക്ഷിച്ചു. 1947ലെ പ്രശ്നങ്ങളും വിഷയങ്ങളുമല്ല ഇപ്പോഴുള്ളതെന്ന് തിരിച്ചറിയുന്നുമില്ല. തെറ്റായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നേതൃത്വം നിലപാടുകള്‍ സ്വീകരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേനാ സഖ്യത്തിന്റെ പ്രതീക്ഷകള്‍ എത്രത്തോളമുണ്ട്?
=കോണ്‍ഗ്രസ്സും എന്‍സിപിയും ചിത്രത്തിലില്ല. അവര്‍ക്ക് നേതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും സാധിക്കുന്നില്ല. വ്യക്തിപരമായ നേട്ടങ്ങള്‍ ക്കായുള്ള തമ്മിലടിയാണ് നടക്കുന്നത്. ബിജെപി-ശിവസേന സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയ മഹാരാഷ്ട്ര സൃഷ്ടിക്കുന്നതിനും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് ഞങ്ങള്‍ വോട്ട് ചോദിക്കുന്നത്.
പ്രതിപക്ഷം അപ്രസക്തമായെന്നാണോ?
=ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷത്തിന് അവരുടേതായ ഇടമുണ്ട്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. തങ്ങള്‍ക്ക് വോട്ടു നല്‍കിയവരെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വിഷയം പോലും ഏറ്റെടുക്കാന്‍ അവര്‍ക്കായിട്ടില്ല. അഭിപ്രായ വ്യത്യാസമുള്ളവരെയും ഉള്‍ക്കൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: