ന്യൂദല്‍ഹി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് തന്നെയാകും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ടീം ക്യാപ്ടന് സൗരവ് ഗാംഗുലി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സിഒഎ കേള്‍ക്കാന്‍ തയാറായിരുന്നില്ല. രഞ്ജി ട്രോഫി ക്രിക്കറ്റിനായിരിക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കുക. കളിക്കാരുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന് ശ്രദ്ധ കൊടുക്കുമെന്നും ഗാംഗുലി പറഞ്ഞു.
ബിസിസിഐയുടെ പ്രതിച്ഛായ മോശമായിരിക്കുന്ന സമയമാണിത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്നൊരു മാറ്റം ആവശ്യമാണ്. പറഞ്ഞു കൊണ്ടിരിക്കാതെ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ലഭിച്ച വലിയ അവസരമാണ് ഇതെന്ന് ഗാംഗുലി പറഞ്ഞു. പൊതുസമ്മതനായി തെരഞ്ഞെടുക്കപ്പെട്ടാലും അല്ലെങ്കിലും വലിയ ഉത്തരവാദിത്വമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ ഓര്‍ഗനൈസേഷനാണ് ഇത്. ശക്തികേന്ദ്രമാണ് ഇന്ത്യ. പ്രസിഡന്റാവുമെന്ന് ഞാന്‍ കരുതിയില്ലെന്നും ഗാംഗുലി പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തിയെഴുതപ്പെട്ടത്. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ദാദ എത്തുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു അധ്യായത്തിന് തുടക്കമായി. ഒരു കാലത്ത് ഒത്തുകളി വിവാദങ്ങളിലും കോഴ ആരോപണങ്ങളിലും മുങ്ങിത്താണിരുന്ന ടീം ഇന്ത്യയെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച വീര നായകനായിരുന്നു ഗാംഗുലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: