‘എന്‍ഗേജ് ഇന്റലിജന്റ്ലി’ എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. ഒരാളെ ബുദ്ധിയോടെ കൈകാര്യം ചെയ്യുക എന്നതാണ് അര്‍ത്ഥം. അയാള്‍ എന്തിനും വഴങ്ങുന്നവനാവണമെന്നില്ല. പറയുന്നതൊക്കെ കേട്ട് തലതാഴ്ത്തി നില്ക്കണമെന്നുമില്ല. സ്വന്തമായ നിലപാടുകളുള്ള ആളാവുമെന്നര്ത്ഥം. പക്ഷെ അയാളെ പിണക്കിക്കൂടാ. അതൊരു സംഘടനാരീതിയാണ്. അങ്ങനെ പലരെയും കൈകാര്യം ചെയ്യാറുണ്ടല്ലോ. ഇത് നന്നായി മനസിലാക്കിയ ആളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കൈകാര്യം ചെയ്തരീതി ഈ പ്രയോഗം ഓര്‍മപ്പെടുത്തുന്നതാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ശീലവും അനുഭവവുമുള്ളവര്ക്ക് അത് പെട്ടെന്ന് മനസിലുണ്ടാവും, തിരിച്ചറിയാനുമാവും. ഏതാണ്ട് മൂന്നര -നാല് പതിറ്റാണ്ടോളം സംഘടന എന്ന യന്ത്രം നിയന്ത്രിച്ചിരുന്ന ഒരു സംഘപ്രചാരകന് ആ ശീലം നന്നായി വഴങ്ങും. ചൈന ശല്യക്കാരനാണ്, എന്നാല്‍ അകറ്റി നിര്‍ത്താന്‍ കഴിയുകയില്ല. പക്ഷെ, അടുപ്പിച്ച് നിര്‍ത്തുന്നുവെന്ന് തോന്നിപ്പിക്കുകയും വേണം. അവര്‍ നാളെ നല്ല സുഹൃത്തായി വരേണ്ടവരാണ് എന്ന ബോധ്യത്തോടെയുള്ള നീക്കമാണ് മോദി നടത്തിയത്. ദീര്‍ഘദൃഷ്ടിയോടെയുള്ള ചിന്തയാണ് അവിടെ പ്രകടമായത്. സംശയത്തോടെ ഉറ്റുനോക്കിനിന്നിരുന്ന ലോകനേതാക്കള്‍ക്ക് ഷിജിന്‍പിങ്ങിന്റെ സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ ഇത്രക്കൊക്കെ അവര്‍ക്ക് അടുക്കാന്‍ കഴിയുമോ എന്ന ചിന്തയായി. മോദിക്ക് മറുപടി പറയാനൊരാള് വരുന്നെന്ന് കരുതിയ ഇന്ത്യക്കുള്ളിലെ ഇസ്ലാമിക-കമ്മ്യൂണിസ്റ്റ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് അച്ചുതണ്ടിന് കടുത്ത നിരാശയും സമ്മാനിച്ചു. അതിലേറെ ശ്രദ്ധിക്കേണ്ടത്, ഇത്തവണ സിപിഎം നേതാക്കള്‍ക്ക് ചൈനീസ് സഖാവിനെ കാണാന്‍പോലും അനുമതി കിട്ടിയില്ല എന്നതാണ്. വേറൊന്ന് പാക്കിസ്ഥാനില്‍ ഷി-യുടെ സന്ദര്‍ശനം ഉണ്ടാക്കുന്ന ആശങ്കകളാണ്. അതും ഒരര്‍ഥത്തില്‍ ഇന്ത്യക്ക് ഗുണകരമാണ്.
ഏഷ്യയുടെ വലിയ മുന്നേറ്റം ലോകത്ത് നടക്കണം എന്നതില്‍ ഇന്ത്യക്ക് രണ്ടഭിപ്രായമില്ല. ആഗോളസമ്പദ്ഘടനയെ നിയന്ത്രിക്കുന്ന, ലോകത്തെ കീഴടക്കാനാവുന്ന ശക്തികളായി ഏഷ്യ മാറണമെന്നതും ഇന്ത്യയുടെ കാലങ്ങളായുള്ള ചിന്തയാണ്. അത് സംഘപ്രസ്ഥാനങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. പി. പരമേശ്വര്‍ജിയുടെ ചിന്തകളുടെ ഭാഗമായിരുന്നു അത്. ഇത്തരം കാര്യങ്ങള്‍ മനസിലേറ്റിക്കൊണ്ടാവണം, വാജ്പേയിസര്‍ക്കാര്‍ ഏതാണ്ട് രണ്ടുപതിറ്റാണ്ടിന് മുന്‍പേ ഒരു കര്‍മ്മപദ്ധതിയെക്കുറിച്ച് ചിന്തിച്ചതെന്ന് മനസിലാക്കാം. ഏഷ്യന്‍ വന്‍കരയില്‍ ഒരു പുതിയ അച്ചുതണ്ട് രൂപപ്പെടണം എന്നതായിരുന്നു അടല്‍ജി പറഞ്ഞിരുന്നത്. അദ്ദേഹം വിദേശകാര്യ മന്ത്രിയായിരിക്കെയാണ്, 1977 കാലഘട്ടത്തില്‍, ചൈനയുമായുള്ള നയതന്ത്രം സാധാരണ നിലയിലാക്കിയത്. അക്കാലത്ത് അദ്ദേഹം ചൈന സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നീട് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയപ്പോഴാണ് ‘ഏഷ്യന്‍ അച്ചുതണ്ട്’ എന്ന ആശയം വാജ്പേയി മുന്നോട്ടുവച്ചത്. ഇന്ത്യ, റഷ്യ, ചൈന, ജപ്പാന് എന്നിവര്‍ ഒന്നിച്ചുവരണം, കൈകോര്‍ക്കണം എന്നതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ജപ്പാന് കുറെ പരിമിതികളുണ്ടായിരുന്നു. പക്ഷെ റഷ്യ, ചൈന എന്നിവരെ ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഈ മൂന്ന് വന്‍രാജ്യങ്ങള്‍ ഒരേമനസ്സോടെ നീങ്ങിയാല്‍ ലോകത്തിന് മുന്നില്‍ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയാത്ത ശക്തിയായി മാറാമല്ലോ. സാമ്പത്തികമായി, പ്രതിരോധമേഖലയില്‍ അത്രയേറെ മുന്നിലെത്തും. നിലവിലെ അതിര്‍ത്തിതര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയിലൂടെ പരിഹരിക്കുക. എന്നാല്‍ അതിനൊപ്പം മറ്റുകാര്യങ്ങളില്‍ ഒന്നിച്ചുപോകുക. ഇതായിരുന്നു വാജ്പേയിയുടെ പദ്ധതി. അതാണിപ്പോള്‍ മോദിസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വാജ്പേയി നയിച്ച പാതയിലൂടെ മോദി നീങ്ങുന്നു.
ചൈനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും അനവധി സംശയങ്ങളും പ്രശ്നങ്ങളും ഇന്ത്യയിലുണ്ടാവാം. അവരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് കരുതുന്നവരാണ് ഏറെയും. പിന്നെ അവരുടെ കൂട്ടാളികളായ കമ്മ്യൂണിസ്റ്റുകാരെ തീരെ ആശ്രയിക്കാനാവാത്ത അനുഭവവും രാജ്യത്തിനുണ്ട്. അതൊക്കെ ഒരു ദേശസ്നേഹിക്കും അവഗണിക്കാനാവുന്നതല്ല. പാക്കിസ്ഥാന് ചൈന ചെയ്തുകൊടുക്കുന്ന സഹായം വേറെയും. എന്നാല്‍ ഇതൊക്കെ മനസ്സിലാക്കിക്കൊണ്ട് അവരെ വരുതിയില്‍ കൊണ്ടുവരാനായാലോ?
നമ്മളുമായി കൈകോര്‍ക്കാമെന്ന് പരസ്യമായി അവര്‍ പ്രഖ്യാപിക്കുന്നു. അതിര്‍ത്തിയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് ഉറപ്പ് നല്കുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉടലെടുത്താല്‍ അത് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന ഉറപ്പും. നമ്മള് ഓര്‍ക്കേണ്ടത്, ഡോക് ലാം വിവാദമുണ്ടായതിന് തൊട്ടുപിന്നാലെയാണ് വുഹാനില്‍ ആദ്യ അനൗപചാരിക ചര്‍ച്ചകള്‍ നടന്നത്. ഒരു വീടിനുള്ളില്‍ കഴിയുന്ന ഒരേ ആശയഗതിക്കാര്‍ക്ക് ഒന്നിച്ചിരുന്ന് മനസ്സ് തുറക്കാന്‍ കഴിയാത്ത ലോകമാണല്ലോ ഇത്. ഡോക് ലാം നമുക്ക് എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. പിന്നീടിങ്ങോട്ട് ചിലപ്പോഴൊക്കെ ഇന്ത്യന്‍ നീക്കങ്ങളെ നിലപാടുകളെ ഒക്കെ അവര്‍ എതിര്‍ത്തിട്ടുണ്ടെങ്കിലും അതിര്‍ത്തിയില്‍ പഴയതുപോലെ കുഴപ്പമുണ്ടാക്കാന്‍ തുനിഞ്ഞിട്ടില്ല. അത് വുഹാനിലുണ്ടാക്കിയ ധാരണയാണ്. പിന്നെ, നരേന്ദ്രമോദിയുടെ ഭരണത്തിലുള്ളത് പഴയ ഇന്ത്യയല്ല എന്ന തിരിച്ചറിവും ചൈനക്കുണ്ട്. അതുകൊണ്ട് മനസ്സിരുത്തി ഇന്ത്യയെ മനസിലാക്കാന്‍ ആ അയല്‍രാജ്യം ഇപ്പോള്‍ തയ്യാറാവുന്നുണ്ട്. അതിന്റെ ഗുണമാണ് ഈ കൂടിക്കാഴ്ചയിലും നമുക്ക് കാണാനായത്.
അദ്ദേഹം ഇന്ത്യയിലെത്തി കശ്മീര്‍ എന്ന് മിണ്ടിയതേയില്ല. അത് നരേന്ദ്രമോദിയുടെ മറ്റൊരു നയതന്ത്രവിജയമല്ലെങ്കില് പിന്നെ മറ്റെന്താണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമാണെന്ന നിലപാട് അംഗീകരിച്ചോ അത് തുറന്ന് പറഞ്ഞോ എന്നതല്ല, മറിച്ച് ചൈനീസ് മേധാവി അത് പറയാതെപറഞ്ഞു എന്നതാണ് കാണേണ്ടത്. യാഥാര്‍ഥ്യബോധത്തോടെ പെരുമാറേണ്ടതുണ്ടെന്ന് ചൈനയെ പഠിപ്പിച്ചു, അല്ലെങ്കില്‍ അവര്‍ പഠിച്ചു. എന്നാല്‍ ചൈന- പാക് ബന്ധത്തെക്കുറിച്ച് ഇന്ത്യ സ്വീകരിച്ച നിലപാട് പ്രധാനപ്പെട്ടതാണ്. പാക്കിസ്ഥാനില്‍ ചൈനയ്ക്ക് കുറെ താല്പര്യങ്ങളുണ്ട്. കുറെ ബില്യണ്ഡോളറുകള് അവര്‍ അവിടെ നിക്ഷേപിച്ചിട്ടുണ്ട്. അത് സംരക്ഷിക്കേണ്ട ചുമതല ബീജിങ്ങിനുണ്ടല്ലോ. അതായിക്കോട്ടെ, എന്നാല്‍ ഇന്ത്യന്‍ ഭൂമിയില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല. വുഹാനില്‍വച്ച് അത് വ്യക്തമാക്കി. മഹാബലിപുരത്തും സംശയമില്ല. ഇന്ത്യന്‍ നിലപാട് അതുതന്നെയായിരുന്നു. പിഒകെയിലൂടെ ചൈന-പാക് സാമ്പത്തിക ഇടനാഴി പോകണമെങ്കില്‍ അതിന് ഇന്ത്യയുടെ സമ്മതം കൂടിയേതീരൂ. മറിച്ച് എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്ത് ചൈന അനുഭവിക്കേണ്ടിവരും എന്നും വ്യക്തമാക്കപ്പെട്ടു. അതായത് ഇക്കാര്യത്തില്‍ ഇന്ത്യയെ വിശ്വാസത്തിലെടുക്കേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കേണ്ടത് ചൈനയാണ്.
ചൈനക്ക് കുറെ സ്വന്തം പ്രശ്നങ്ങളുണ്ട് എന്നത് മറന്നുകൂടാ. അമേരിക്കയുമായുള്ള അവരുടെ ‘ട്രേഡ് യുദ്ധം’ അതില്‍ പ്രധാനപ്പെട്ടതാണ്. അമേരിക്കന്‍ കമ്പനികള്‍ പലതും ചൈനവിടുകയാണ്. വിപണിയിലും അത് അവരെ തളര്‍ത്തുന്നുണ്ട്. വേറൊന്ന് കുറെനാളായി സൗത്ത്ചൈന കടലില്‍ ഇന്ത്യ ഉണ്ടാക്കിയ സ്വാധീനമാണ്. ആസിയാന്‍ രാജ്യങ്ങള്‍ ഇന്ത്യക്ക് കീഴില്‍ അണിനിരന്നതും അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ മോദിസര്‍ക്കാര്‍ തയ്യാറായതുമൊക്കെ ബീജിങ്ങിന് ചെറിയ വിഷമമല്ല സൃഷ്ടിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ ഇന്ത്യക്ക് ചൈന എന്നതിനപ്പുറം ചൈനക്ക് ആവശ്യം ഇന്ത്യയെയാണ്. അത് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തില്‍ പ്രകടമായിരുന്നു. രണ്ടുകാര്യങ്ങളിലാണ് അവര്‍ ഇന്ത്യക്കൊപ്പം നിന്നുകൊണ്ട് നിലപാട് വ്യക്തമാക്കിയത്. ഒന്ന് ഇസ്ലാമികഭീകരതയാണ്. അത് ചെന്ന് കൊള്ളുന്നത് ഇസ്ലാമാബാദിലാണല്ലോ. വേറൊന്ന് നിക്ഷേപം, വാണിജ്യം ഒക്കെയാണ്.
എന്താണ് ചൈനീസ് പ്രസിഡന്റിന്റെ ഈ സന്ദര്‍ശനം ആത്യന്തികമായി നല്‍കിയത്? ഇന്ത്യക്കൊപ്പം നീങ്ങാന്‍ ചൈന പരസ്യമായി സന്നദ്ധമാണ് എന്നതാണ്. അതിര്‍ത്തിയില്‍ സംഘര്ഷമില്ലാതെനോക്കാന് സൈനികസംവിധാനത്തോട് രണ്ടുരാജ്യങ്ങളും പറയും. ഇതാണ് ഇത്തവണത്തെ കൂടിക്കാഴ്ചയുടെ ഏറ്റവും പ്രധാനനേട്ടം എന്നതാണ് വിലയിരുത്തേണ്ടത്. ഇന്ത്യയുടേയും ചൈനയുടെയും മനസ്സറിഞ്ഞുകൊണ്ട് പരസ്പരം നീങ്ങുമെന്ന്. ചൈന ഇന്ത്യക്കൊപ്പം നീങ്ങുക എന്ന് പറയുമ്പോള്‍, അത് ‘ഇന്ത്യയെ അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍’ എന്നുകൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. അത് പാക്കിസ്ഥാനുനല്കുന്ന മെസ്സേജ് വ്യക്തമല്ലേ. ഒരര്‍ഥത്തില്‍ പാക്കിസ്ഥാന് സൈ്വര്യം നഷ്ടപ്പെടുത്തുന്ന നീക്കമായി അത്. വേറൊന്ന്, മോദിസര്‍ക്കാരിനെ അലോസരപ്പെടുത്തേണ്ടതില്ല എന്ന വ്യക്തമായ സൂചനയും ഷി നല്കി. ഇതുവരെ ചൈനീസ് നേതാക്കള്‍ ഇന്ത്യയില്‍ വന്നപ്പോഴൊക്കെ സിപിഎം നേതാക്കള്‍ക്ക് മുഖം കാണിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇത്തവണ ചൈനീസ് സംഘത്തില്‍ ഒരു പിബി അംഗവുമുണ്ടായിരുന്നു. എന്നിട്ടും സീതാറാം യെച്ചുരിമാരെ അടുപ്പിച്ചില്ല. ഒന്നുകില്‍ അവരെ കൂടെനിര്‍ത്തിയിട്ട് കാര്യമില്ല എന്ന് ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി കരുതുന്നു; അല്ലെങ്കില്‍ അവരെ കൂടെകൂട്ടിയാല്‍ മോദിക്ക് ഇഷ്ടമാവില്ല എന്ന് തിരിച്ചറിഞ്ഞു. രണ്ടായാലും ഈ സംഭവത്തെ ചെറുതായി കാണാനാവുകയില്ല. അവസാനമായി ചൈനയെ എത്രമാത്രം വിശ്വസിക്കാമെന്നതാണ്. ഡോക് ലാമിന് ശേഷം, വുഹാന്‍ ചര്‍ച്ചക്ക് ശേഷം, പറഞ്ഞതൊക്കെ ചൈന പ്രവര്‍ത്തിച്ചു എന്നതാണ് ഇന്ത്യയുടെ വിലയിരുത്തല്‍; അത് മനസ്സില്‍ സൂക്ഷിക്കാന്‍ ഇന്ത്യക്ക് ചുമതലയുണ്ട്. അതൊക്കെയാണ് മോദിചരിത്രം കുറിക്കുകയാണ് എന്ന് പറയാന്‍ ധൈര്യം നല്‍കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: