തെലുങ്കാന: ട്രിപ്പ് മുടക്കി പൊതുജനങ്ങളെ കഷ്ടത്തിലാക്കിയാല്‍ അറസ്റ്റ്, പിരിച്ചുവിടല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുമെന്ന് ടിഎസ്ആര്‍ടിസി ജീവനക്കാരോട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. സമരക്കാരെ പിടിക്കാന്‍ കൂടുതല്‍ പോലീസിനെയും കൂടുതല്‍ സിസിടിവി ക്യാമറ സന്നാഹങ്ങളും വിട്ടു നല്‍കിയതായും അദ്ദേഹം പറഞ്ഞു. സര്‍വീസ് മുടക്കുന്നത് ആരായാലും അറസ്റ്റ് ചെയ്യണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റുചെയ്തവരെ സര്‍വ്വീസില്‍ തിരിച്ചെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിലുണ്ടായിരുന്ന ശ്രീനിവാസ റാവു എന്ന ബസ് ഡ്രൈവര്‍ സ്വയം തീക്കൊളുത്തി മരിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.മരണത്തെ തുടര്‍ന്ന് ഖമ്മത്ത് ഇന്ന് ഹര്‍ത്താലാണ്. 26 ആവശ്യങ്ങളാണ് ടിഎസ്ആര്‍ടിസി തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ഇതേത്തുടര്‍ന്ന് സമരക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് ടിഎസ്ആര്‍ടിസി തൊഴിലാളി സംഘടനാ നേതാവ് അശ്വത്ഥാമ റെഡ്ഢി ആവശ്യപ്പെട്ടു.
കൂടുതല്‍ ജീവനക്കാരെ ആവശ്യമെങ്കില്‍ താല്‍ക്കാലികമായി നിയമിക്കും. ബസ്സുകള്‍ ഓടിക്കാതിരിക്കുന്നത് അനുവദിക്കില്ലെന്നും ഡിപ്പോകളിലെ സമരം സമ്മതിക്കില്ലെന്നും കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. 50,000ത്തിലേറെ ജീവനക്കാരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് സെപ്തംബര്‍ മാസത്തിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജോലിക്ക് റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ശമ്പളം കിട്ടൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍.
















