ആദ്യ ചക്ക ഗുരുവായൂരപ്പന് എന്നത് നേര്‍ച്ചയായിരുന്നു. എന്നാല്‍ ‘അപ്പു’വിനെ മുറിക്കാന്‍ അനുവദിക്കില്ലെന്ന് അരുണ്‍ കൃഷ്ണന് ബഹളം വെച്ചു. എല്ലാം നിന്റെ പഠിപ്പിനും ഭാവിക്കും വേണ്ടിയാണെന്ന് അവസാനം ഒരുവിധം സമ്മതിപ്പിച്ചു. ഞെട്ടിമുറിഞ്ഞ് താഴെ വീണാല്‍ അപ്പുവിന് വേദനിക്കും, അതുകൊണ്ട് കയറി കെട്ടി ഇറക്കിയാല്‍ മതിയെന്ന് പിടിവാശി. അങ്ങനെത്തന്നെയാണ് ഉദ്ദേശിച്ചിരുന്നത്. ഗുരുവായൂരപ്പന് സമര്‍പ്പിക്കേണ്ട ചക്കയില്‍ ഒരു മുറിവോ ചതവോ പാടില്ല. അപ്പു ഒരു കേടുപാടും കൂടാതെ ഭൂമിയിലെത്തി.
ഗുരുവായൂരില്‍ തൊഴുതു മടങ്ങുമ്പോള്‍ യാദൃച്ഛികമായി നാസിക്കില്‍നിന്നും പരീഖിന്റെ മകന് ഗുര്‍ബിന്ദര്‍ വിളിച്ചു. അടുത്ത വെള്ളിയാഴ്ച പൂനയില്‍ വച്ച് വിവാഹം. അഹമ്മദാബാദുകാരിയാണ് പെണ്‍കുട്ടി. പൂര്‍വ്വികം പൂനെയായതിനാല്‍ വിവാഹം അവിടെ. രാമശേഷന് സാര്‍ കുടുംബസമേതം പങ്കെടുക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. കോയമ്പത്തൂരില്‍ നിന്നുമുള്ള വിമാന ടിക്കറ്റ് ഇന്ന് മെയില്‍ ചെയ്യാം. ഇ-മെയില്‍ വിലാസം ഒന്നു തരാമോ?
വീടെത്തും വരെ ഗുര്‍ബിന്ദറുടെ ഫോണ്‍വിളിയുടെ യാദൃച്ഛികതയെപ്പറ്റി ആലോചിക്കുകയായിരുന്നു. പരീഖ് തന്ന പ്ലാവിന് തൈ കായ്ച്ച് ആദ്യ ചക്ക ഗുരുവായൂരപ്പന് സമര്‍പ്പിച്ച അതേ ദിനം തന്നെ പരീഖിന്റെ മകന് വിളിക്കുന്നു.
സുഹൃത്ത് മേതില്‍ രാധാകൃഷ്ണന് പറയുമായിരുന്ന ഒരനുഭവം രാമശേഷന് ഓര്‍ത്തെടുത്തു. മേതില്‍ തൃശ്ശൂരില്‍ ജോലി ചെയ്തിരുന്ന കാലം. ലോഡ്ജിലാണ് താമസം. റോഡ് മുറിച്ചു കടന്നാല്‍ ചായക്കട. ചായ കുടിക്കാന്‍ റോഡ് താണ്ടുമ്പോള്‍ പൊടുന്നനെ അസാധാരണമാം വിധം ഒരസ്വസ്ഥത, എരിപൊരി സഞ്ചാരം. ചായ കുടിച്ച് തിരിച്ചു മടങ്ങുമ്പോഴും അതേ ‘പുള്ളി’യില്‍ വെച്ച് അസ്വസ്ഥത, വീര്‍പ്പുമുട്ടല്‍. എന്താണെന്ന് മനസ്സിലായില്ല. രണ്ടു വാര മാറി വീണ്ടും റോഡ് മുറിച്ചു കടന്നു. അപ്പോള്‍ ഈ പ്രശ്നമില്ല. നിരത്തിന്റെ ഒരു പ്രത്യേക ബിന്ദുവില്‍ എത്തുമ്പോള്‍ മാത്രം ഒരുള്‍ക്കിടിലം, വിമ്മിട്ടം. പിറ്റേന്ന് ആ സ്പോട്ടില്‍ വെച്ചാണ് അഴീക്കോടന്‍ രാഘവന് കൊല ചെയ്യപ്പെട്ടത്. അസ്വസ്ഥതയുടേയും എരിച്ചിലിന്റേയും സംഗതി മേതിലിന് പിടികിട്ടി.
ചില അദൃശ്യശക്തികളുടെ സ്വാധീനത്തിലാണ് നമ്മുടെ ജീവിതം കറങ്ങിത്തിരിയുന്നതെന്ന് രാമശേഷന് തോന്നി. ജ്യോതിഷം കൊണ്ട് നേരിടാവുന്നതിനുമപ്പുറത്താണത്. അതുകൊണ്ടായിരിക്കുമോ ചില സന്ദര്‍ഭങ്ങളില്ലെങ്കിലും ഫലപ്രവചനം കൈവിട്ടുപോകുന്നത്?
അരുണ്‍ കൃഷ്ണനുവേണ്ടി മാത്രമാണ് ഗുരുവായൂരപ്പന് ചക്ക സമര്‍പ്പിച്ചത്. അത് തങ്ങള്‍ക്കു വേണ്ടിക്കൂടിയുള്ള പ്രാര്‍ത്ഥനയായി.
തനിക്ക് സന്താനഭാവത്തിങ്കല്‍ കേതു.
വല്ലഭിക്ക് പ്രസവസ്ഥാനത്ത് രാഹുവും സന്താനസ്ഥാനത്ത് മാന്ദിയും. ഇരുജാതകങ്ങളിലും വ്യാഴം മറഞ്ഞിട്ടും. വ്യാഴത്തിന്റെ മൂര്‍ത്തിയാണ് ഗുരുവായൂരപ്പന്.
അരുണ്‍ കൃഷ്ണന്റെ ഗ്രഹനില കണ്ടപ്പോള്‍ ഗുരുനാഥന് പറഞ്ഞു.
”ഐ പിറ്റി യു രാമശേഷന്…”
”വൈ സാര്‍?”, കരച്ചില് തൊണ്ടയില്‍ കുടുങ്ങി.
”മകന്റെ ജാതകത്തില്‍ പിതൃസ്ഥാനത്ത് സൂര്യന്…മാതൃസ്ഥാനത്ത് രാഹു… നിങ്ങള്‍ക്ക് മകനെക്കൊണ്ടോ മകന് നിങ്ങളെക്കൊണ്ടോ ഒരു ഗുണവുമില്ല…”
പിന്നെ പൂര്‍വ്വജന്മാര്‍ജ്ജിതം, വിധി എന്നീ വാക്കുകള്‍ ഉരുവിടപ്പെട്ടു.
കരച്ചില് തൊണ്ട കീറി പുറത്ത്.
ഇന്ന് ഗുരുവായൂരപ്പന്റെ നടയ്ക്കല്‍ നില്ക്കുമ്പോള് കണ്ണു മുറിഞ്ഞത് വല്ലഭിയും അരുണും കണ്ടിരിക്കില്ല. ഭഗവാന് കണ്ടിട്ടുണ്ടാവും.
വീട്ടിലെത്തിയപ്പോള്‍ വരവേറ്റത് മറ്റൊരു യാദൃച്ഛികത. കാലത്തു നോക്കിയപ്പോള്‍ കാണാത്തത്. പരീഖ് സമ്മാനിച്ച പ്ലാവില്‍ ജീവന്റെ ഒരു കുഞ്ഞു തുടിപ്പു കൂടി.
അരുണ്‍ കൃഷ്ണന് അതിന് ‘അമ്മു’ എന്നു പേരിട്ടു.
രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ മനസ്സില്‍ ഗുരുവായൂരപ്പനായിരുന്നു. പെട്ടെന്നെപ്പോഴോ ദിനകരന് സാര്‍ പ്രത്യക്ഷപ്പെട്ടു.
”തഞ്ചാവൂരില്‍ വെച്ച് അവന്റെ ജാതകം കാണിച്ചപ്പഴേ ഞാന്‍ പറഞ്ഞില്ലേ, അവന് സ്നേഹം വാരിക്കോരിക്കൊടുക്കൂ എന്ന്… നോക്കൂ ഒരു ചക്കമരം അവന്റെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റം…”
രാമശേഷന് അത് ശരിയാണെന്ന് തോന്നി. രാവിലെ എഴുന്നേറ്റാലുടന്‍ പല്ലുപോലും തേയ്ക്കുന്നതിനു മുന്‍പ് അവന് ആ മരച്ചുവട്ടിലാണ് ചെന്നുനില്ക്കുന്നത്. അതിന്റെ തണ്ടില്‍ തടവുന്നു. ഇലകള്‍ മണത്തുനോക്കുന്നു. കവിളില്‍ ചേര്‍ത്തു വെയ്ക്കുന്നു. രണ്ടുനേരം അതിന് വെള്ളമൊഴിക്കുന്നു. പ്ലാവ് വളര്‍ന്ന് കായിട്ടതോടെ അവന്റെ സ്വഭാവം ഒന്നു മയപ്പെട്ടുവോ?
അവസാന സെമിനാറിന് ഗസ്റ്റ് ലക്ചററായി വന്ന നഡ്കര്‍ണി തന്റെ പ്രഭാഷണത്തില്‍ ഇങ്ങനെ വിസ്തരിച്ചു.
”പുതിയ കാലത്തില്‍ മിക്കവാറും വീടുകളില്‍ കുട്ടികളെക്കൊണ്ട് പ്രശ്നമുണ്ട്…അതിനു കാരണം അവര്‍ ഒറ്റപ്പെട്ടു വളരുന്നു എന്നതത്രെ… കൂട്ടിന് ഒരാള്‍ കൂടിയുണ്ടാവുമ്പോള്‍ അവരുടെ സ്വഭാവത്തില്‍ മാറ്റം കണ്ടു വരുന്നുണ്ട്…”
”അപ്പോള്‍ സ്വഭാവനിര്‍ണയത്തില്‍ ജ്യോതിഷത്തിന് പങ്കില്ല എന്നാണോ?” സേലത്തില്‍ നിന്നും വരുന്ന ചിദംബരമാണ് ചോദിച്ചത്.
”കാലത്തില്‍ വന്ന മാറ്റം പരിഗണിക്കണം”, നഡ്കര്‍ണി തുടര്‍ന്നു. ”ഹോരയില്‍ ‘സന്താനസംഖ്യ’ എന്നൊരു അദ്ധ്യായമുണ്ട്… ഒരാള്‍ക്ക് എത്ര സന്താനമുണ്ടാവും എന്നതിന്റെ കൃത്യമായ കണക്കുകള്‍ അതിലുണ്ട്… അപ്രകാരമാണോ ഇന്ന് സന്താനങ്ങളുണ്ടാകുന്നത്?”
എല്ലാവരും ആ ചിന്തയില്‍ ഒന്നു തടഞ്ഞുനിന്നു.
”പണ്ട് എല്ലാവര്ക്കും എട്ടും പത്തും സന്താനങ്ങളുണ്ടായിരുന്നു… കാലാന്തരത്തില്‍ അത് കുറഞ്ഞു കുറഞ്ഞു വന്ന് ഇപ്പോള്‍ ഒരു സന്താനം എന്ന അവസ്ഥയായി… ആരാണ് പ്രതി? ജ്യോതിഷമോ കാലമോ?”
രണ്ടു വാര നടന്നശേഷം നഡ്കര്‍ണി കൂട്ടിച്ചേര്‍ത്തു.
”കാലാനുസൃതമായി പ്രമാണങ്ങളെ അഴിച്ചുപണിയണമെന്നും നവീകരിക്കണമെന്നും ആചാര്യന് തന്നെ പറഞ്ഞിട്ടുണ്ട്…”
തഞ്ചാവൂര്‍ ഗുരുനാഥന് മറ്റൊരു രീതിയില്‍ ഇതേ സംഗതി അവതരിപ്പിച്ചു.
അരുണ്‍ കൃഷ്ണന് ചക്കമരമായിരിക്കാം.
നവനീതിന് നായക്കുട്ടി.
സുഭാഷിന് ആനക്കമ്പം.
അതാദ്യം കണ്ടുപിടിക്കണം. ബാക്കി കാര്യങ്ങള്‍ എളുപ്പമാണ്.
യുക്തിയുടെ ഒരു തുമ്പ് വീണു കിട്ടിയതില്‍ രാമശേഷന് നിമ്മതി തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: