മക്കളേ,
ലോകത്ത് രണ്ടുതരത്തിലുള്ള മനുഷ്യരുണ്ട്. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നവരും, പ്രവര്‍ത്തിക്കാതെ ചിന്തിക്കുന്നവരും. ഇതു രണ്ടുകൊണ്ടും പ്രയോജനമില്ല. ഒന്നാമത്തെ കൂട്ടര് ഒട്ടും ചിന്തിക്കാതെയോ അല്ലെങ്കില്‍ തെറ്റായി ചിന്തിച്ചോ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നുചാടും. അവരുടെ പ്രവൃത്തികൊണ്ട് അവര്‍ക്കും മറ്റുള്ളവര്‍ക്കും ഗുണമില്ലെന്നു മാത്രമല്ല, ദോഷമുണ്ടാവുകയും ചെയ്യും. രണ്ടാമത്തെ കൂട്ടര്‍ക്ക് അറിവും ബുദ്ധിയുമുണ്ട്. അവര്‍ വിവേകപൂര്‍വ്വം കാര്യങ്ങളെകുറിച്ച് ചിന്തിച്ച് ശരിയും തെറ്റും മനസ്സിലാക്കും. ഇക്കൂട്ടര്‍ മറ്റുള്ളവരെ ഉപദേശിച്ചെന്നും വരാം. എന്നാല്‍ അതനുസരിച്ച് അവര്‍ സ്വയം ജീവിച്ചുകാണിക്കില്ല. സ്വന്തം അസുഖം മാറ്റാന്‍ മറ്റുള്ളവരോട് മരുന്നു കഴിക്കാന്‍ പറയുന്നവരെപോലെയാണ് ഇങ്ങനെയുള്ളവര്‍.
ശരിയായ അറിവില്‍നിന്നും തെളിഞ്ഞ ബോധത്തില്‍നിന്നും ഉദിക്കുന്ന ചിന്തകളും അതിനനുസരിച്ചുള്ള വാക്കും പ്രവൃത്തിയുമാണ് നമുക്കു വേണ്ടത്. ജീവിതത്തില്‍ ഈശ്വരന് നല്കുന്ന അവസരങ്ങള്‍ തിരിച്ചറിയാനും അവ വേണ്ടവണ്ണം ഉപയോഗിക്കാനും അറിവിനോടൊപ്പം നമുക്കു ബോധവും ആവശ്യമാണ്. ജീവിതത്തില്‍ വളരെ ശ്രേഷ്ഠമായ പല കാര്യങ്ങളും ചെയ്യണമെന്ന് നമ്മള് പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാല്‍ അതൊക്കെ നടപ്പില്‍ വരുത്താതിരിക്കാനുള്ള ഒഴിവുകഴിവുകളും യുക്തികളും നമ്മള്‍തന്നെ ചിന്തിച്ചു കണ്ടുപിടിക്കുകയും ചെയ്യും.
ഒരു കാട്ടിനുള്ളില്‍ പ്രാചീനമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. ആഴ്ച്ചയിലൊരു ദിവസം അടുത്തുള്ള ഗ്രാമങ്ങളില്‍നിന്ന് ധാരാളം ഭക്തജനങ്ങള്‍ അതിരാവിലെ തന്നെ ആ ക്ഷേത്രത്തിലെത്തിച്ചേരും. അന്നേദിവസം സന്ധ്യയാകുന്നതുവരെ ആഹാരമൊന്നും കഴിക്കാതെ അവര്‍ ജപവും പ്രാര്‍ത്ഥനയുമായി ആ ക്ഷേത്രത്തില്‍ കഴിയും. അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്നത് ഒരു കുരങ്ങന് കണ്ടു. അവന് ചിന്തിച്ചു, ‘ഇവര്‍ ഈ ക്ഷേത്രത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയും ചെയ്ത് ഈശ്വരാനുഗ്രഹം നേടുന്നു. എനിക്കെന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ? എന്റെ പൂര്‍വ്വികനായ ഹനുമാനെ മനുഷ്യര്‍ ഈശ്വരനായി ആരാധിക്കുന്നുണ്ടല്ലോ. എനിക്കും ഈശ്വരാനുഗ്രഹം കിട്ടിയാല്‍ ഒരു പക്ഷെ എന്നെയും ഇവര്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യും. പക്ഷെ വിശപ്പെങ്ങനെ സഹിക്കും?’ ഒരു തീരുമാനമാകാതെ ദിവസങ്ങള്‍ കടന്നുപോയി. ഒടുവില്‍ ഉപവാസമെടുക്കാന്‍ തന്നെ ഉറപ്പിച്ചു. ഒരു ദിവസം അതിരാവിലെതന്നെ കുരങ്ങന് ക്ഷേത്രത്തിനുമുന്നിലുള്ള വൃക്ഷച്ചുവട്ടിലിരുന്ന് കണ്ണടച്ച് ധ്യാനം തുടങ്ങി. ഉടനെ അവന്റെ മനസ്സില്‍ ഒരു ചിന്തവന്നു. ‘ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു ദിവസം പോലും ആഹാരം കഴിക്കാതിരുന്നിട്ടില്ല. ഇന്നത്തെ ഉപവാസം തീരുമ്പോഴേയ്ക്കും ക്ഷീണം കാരണം എഴുനേറ്റു നടക്കാന്‍ പോലും കഴിയാതെ വന്നാല്‍ ഞാന്‍ ഇവിടെത്തന്നെ കിടന്ന് മരിച്ചുപോകും. അതുകൊണ്ട് നല്ല പഴങ്ങളുള്ള ഏതെങ്കിലും മരത്തിന്റെ ചുവട്ടിലിരുന്നു ധ്യാനിക്കാം. അങ്ങനെയായാല്‍ ഉപവാസം കഴിയുമ്പോള്‍ ആഹാരം തേടി മറ്റെങ്ങും പോകേണ്ടിവരില്ല.’ അങ്ങനെ ചിന്തിച്ച് കുരങ്ങന് അവിടെനിന്നെഴുന്നേറ്റ് ധാരാളം പഴങ്ങളുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനം ആരംഭിച്ചു. അല്പം കഴിഞ്ഞപ്പോള്‍ കുരങ്ങന് ചിന്തിച്ചു, ‘ഉപവാസം തീരുമ്പോള്‍ ക്ഷീണം കാരണം മരത്തില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ കഥ തീര്ന്നതുതന്നെ. മരത്തില്‍ കയറിയിരുന്ന് ധ്യാനിച്ചാല്‍ ഉപവാസം തീരുമ്പോള്‍ പഴങ്ങള്‍ പറിച്ചുതിന്നാന്‍ എളുപ്പമായിരിക്കും.’ അങ്ങനെ, കുരങ്ങന് കുറെ പഴങ്ങളുള്ള ഒരു മരക്കൊമ്പില്‍ കയറിയിരുന്ന് ധ്യാനിച്ചുതുടങ്ങി. താമസിയാതെ അവന് വീണ്ടും ചിന്തിച്ചു, ‘ഉപവാസം കഴിയുമ്പോള്‍ കൈകള്‍ക്ക് പഴങ്ങള്‍ പറിക്കാനുള്ള ശേഷിയില്ലെങ്കിലോ. അതുകൊണ്ട് കുറെ പഴങ്ങള്‍ പറിച്ചെടുത്ത് മടിയില്‍വെച്ചുകൊണ്ട് ഉപവസിക്കാം.’ കുരങ്ങന് കണ്ണുതുറന്ന് എഴുന്നേറ്റ് ആവശ്യത്തിന് പഴങ്ങള്‍ പറിച്ചെടുത്തു. അവ മടിയില്‍വെച്ചുകൊണ്ട് ധ്യാനിച്ചുതുടങ്ങി. അവന് വളരെ ആശ്വാസംതോന്നി, ‘ഇപ്പോള്‍ മനസ്സില്‍ അനാവശ്യമായ ഒരു ചിന്തയുമില്ല. ഇനി ഏകാഗ്രമായി ധ്യാനിക്കാം.’ എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവന് വിശപ്പു തോന്നി. കുരങ്ങന് ചിന്തിച്ചു, ‘ഇത്രയും നല്ലതും വലിപ്പമുള്ളതുമായ പഴങ്ങള്‍ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല. ഉപവാസം മറ്റൊരു ദിവസം ആകാമല്ലോ.’ ഇത്രയും ചിന്തിച്ചതും മടിയിലിരുന്ന പഴങ്ങള്‍ അവനറിയാതെ വായിലെത്തിക്കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: