ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പ്രദേശത്ത് അക്രമങ്ങള്‍ കുറഞ്ഞതായി സൈന്യം. ഓഗസ്റ്റ് അഞ്ചിനു കേന്ദ്രസര്‍ക്കാര്‍ നടത്തിയ തന്ത്ര പ്രധാനമായ നീക്കതിലുടെ സംസ്ഥാനത്തിനും കൈവന്നത് സമാധനത്തിന്റെ കാലമാണെന്ന് ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ്, നോര്‍ത്തേണ്‍ കമാന്‍ഡ്, ലഫ്. ജനറല്‍ റണ്‍ബീര്‍ സിംഗ് പറഞ്ഞു. ബദര്‍വയിലെ യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന ‘സംഘം യൂത്ത് ഫെസ്റ്റിവല്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ന് കശ്മീര്‍ താഴ്വര നിയന്ത്രണവിധേയമാണ്. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് അക്രമങ്ങളില്‍ വന്‍തോതിലാണ് കുറവ് വന്നിട്ടുള്ളത്. ഇപ്പോള്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന സംഭവങ്ങളും പ്രതിഷേധങ്ങളും കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പാക്കിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ അവിശ്യമാണെന്നും ലെഫ്. ജനറല്‍ റണ്‍ബീര്‍ സിംഗ് വ്യക്തമാക്കി. പാക്കിസ്ഥാന്റെ ഏതുതരത്തിലുള്ള പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കന്‍ സൈന്യം സജ്ജമാണെന്നും അദേഹം പറഞ്ഞു. അതേ സമയം തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മുതല്‍ ജമ്മു കശ്മീരിലെ ശേഷിക്കുന്ന പ്രദേശങ്ങളില്‍ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണുകളും പ്രവര്‍ത്തന ലഭ്യമാകുമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
















